രാജ്യം മുഴുവനും കൊറോണ ഭീതിയുടെ നിഴലിൽ നിൽകുമ്പോൾ നാം വ്യക്തിപരമായി എടുക്കുന്ന മുന്നൊരുക്കങ്ങൾ നിർണായകമാണ് എന്ന് നടൻ ഇന്നസെന്റ് പറഞ്ഞു. ഇങ്ങനെ ഒരു ഭീതിയിലുടെ ഇത് ആദ്യമായാണ് കടന്നു പോകുന്നത്. ക്യാന്‍സറിനെ അതിജീവിച്ച വ്യക്തികൂടിയാണ് ഞാൻ. എന്നാല്‍ ഇത് അതുപോലെ അല്ല. ഇത് എല്ലാവരും കൂടി നേരിടേണ്ടി ഒന്നാണ്. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നത് മൂലം എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും എത്രയോ പേരെയാണ് ശിക്ഷിക്കുന്നതെന്നും അങ്ങനെ ഒരിക്കലും ചെയ്യരുതെന്നും മരണം നമ്മുക്ക് തൊട്ടടുത്ത് വന്ന് നില്‍ക്കുകയാണെന്നും മലയാളികളുടെ ഹാസ്യനടൻ ഇന്നസെന്റ് വ്യക്തമാക്കി.
'എന്റെ കുട്ടിക്കാലത്ത്, ഏഴോ എട്ടോ വയസ്സുള്ളപ്പോള്‍, അന്ന് വസൂരി രോഗം പടര്‍ന്നുപിടിച്ചു. എന്റെ വീടിന്റെ മുന്നില്‍ കൂടി മൃതശരീരം കൊണ്ടുപോകുന്നത് വലിയ വണ്ടികളിലായിരുന്നു. ഒരു കുഴിയില്‍ ഒന്നോ രണ്ടോ മൂന്നോ പേരെ കുഴിച്ചിടുന്ന കാലം. ഇന്നത്തെ ക്രൈസ്റ്റ് കോളേജ് ഇരിക്കുന്ന മങ്ങാടിക്കുന്നിലാണ് അവരെ കുഴിച്ചിട്ടത്.
'അന്ന് വസൂരിപ്പുരയുണ്ടായിരുന്നു. വീടുകളില്‍ ആര്‍ക്കും നോക്കാന്‍ സാധിക്കാത്തവരെ ആ പുരയില്‍ കൊണ്ടെയിടും. വെള്ളം കൊടുക്കാനും മറ്റും ഒരാളെ നിര്‍ത്തും. അവിടെ നിന്നുള്ള കരച്ചില്‍ ദൂരെ വരെ കേള്‍ക്കാമായിരുന്നു. അതുപോലുള്ള കാലഘട്ടങ്ങളിലൂടെ കടന്നുപോയവരാണ് നമ്മളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ പറയുന്നത് ആളുകള്‍ അനുസരിക്കണം. കൂട്ടം കൂടരുത്. രോഗം വന്നാല്‍ ഒരാളും രക്ഷപ്പെടുമെന്ന് വിചാരിക്കേണ്ട. പണമുണ്ടെങ്കില്‍പോലും ജീവന്‍ കിട്ടില്ല. കാരണം നമ്മുടെ നാട് വിട്ട് മറ്റെവിടെയും പോകാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ട് സ്വയം കരുതലാണ് ഏറ്റവും വലിയ സുരക്ഷ ഇന്നസെന്റ് വ്യക്തമാക്കി.