റിലീസിന് മുന്‍പ് തന്നെ ഉള്ളടക്കം കൊണ്ട് വിവാദം സൃഷ്ടിച്ച ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ കേരളത്തില്‍ നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കേരളത്തില്‍ നിന്ന് ഒരു യുവതി ഐസിസില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്ന് ട്രെയ്‌ലര്‍ പറയുന്നു. സുദീപ്‌തോ സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തെത്തിയിരുന്നു.
ശാലിനി ഉണ്ണികൃഷ്ണന്‍ എന്നാണ് ആദ ശര്‍മ്മ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേര്. മുമ്പ് ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സിനിമ ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുന്നതും കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായി പ്രമേയമുണ്ടെന്ന റിപ്പോര്‍ട്ടില്‍ കേസെടുക്കാനും നിര്‍ദേശം ലഭിച്ചിരുന്നു.
കേരളത്തില്‍ നിന്നും മുപ്പത്തിരണ്ടായിരം സ്ത്രീകളെ കാണാതായെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.ആദാ ശര്‍മയാണ് 'ദി കേരള സ്റ്റോറി'യില്‍ നായിക വേഷത്തിലെത്തുന്നത്. 'മറച്ചുവെച്ച സത്യം വെളിവാക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ചിത്രത്തിനെതിരെ ചെന്നൈയിലെ തമിഴ് മാധ്യമപ്രവര്‍ത്തകനായ ബി.ആര്‍. അരവിന്ദാക്ഷന്‍ മുഖ്യമന്ത്രിയ്ക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. കേരളത്തിനെതിരെ അവാസ്തവ പ്രചാരണം നടത്തുന്നുവെന്നും ചിത്രം സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതാണെന്നുമാണ് അന്ന് പരാതിയില്‍ പറഞ്ഞിരുന്നത്. ചിത്രത്തിനെതിരെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനും സെന്‍സര്‍ ബോര്‍ഡിനും ബി.ആര്‍. അരവിന്ദാക്ഷന്‍ പരാതി നല്‍കിയതായി വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അതേസമയം തങ്ങള്‍ തെളിവില്ലാതെ ഒന്നും പറയാറില്ലെന്നായിരുന്നു നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷാ പറഞ്ഞിരുന്നത്. 'ദി കേരള സ്റ്റോറി'യുടെ ടീസര്‍ വിവാദമായപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെച്ചാണ് വിപുല്‍ അമൃതലാല്‍ ഷാ ഈ പ്രതികരണം നടത്തിയത്. തങ്ങള്‍ ആരോപണങ്ങളെ സമയമാവുമ്പോള്‍ അഭിസംബോധന ചെയ്യുമെന്നും തെളിവില്ലാതെ ഒന്നും പറയില്ലെന്നും പറഞ്ഞിരുന്നു. കണക്കുകള്‍ നിരത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് സത്യം മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ സുദീപോ സെന്‍ നാല് വര്‍ഷമാണ് ഈ സിനിമയ്ക്ക് വേണ്ടി ഗവേഷണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ഒരു വലിയ ദുരന്തത്തെക്കുറിച്ചാണ് സിനിമ ചെയ്യുന്നതെന്നും വിപുല്‍ അമൃതലാല്‍ ഷാ കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥത്തില്‍ രേഖകളുടെ പിന്‍ബലമുള്ള ഒരു യഥാര്‍ഥ കഥയാണ് 'കേരള സ്റ്റോറി' എന്നാണ് സുദീപോ സെന്നിന്റെ വാദം. ഇതില്‍ മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് പ്രധാനമായും പറയുന്നത്. ഒരാള്‍ അഫ്ഗാനിസ്ഥാന്‍ ജയിലില്‍ ആണെന്നും ഒരാള്‍ ആത്മഹത്യ ചെയ്തെന്നും മറ്റൊരാള്‍ ഒളിവിലാണെന്നും സംവിധായകന്‍ വ്യക്തമാക്കി.