Latest News

മാനേജർ കബളിപ്പിച്ചെന്ന് ഗായിക ഗൗരി ലക്ഷ്മി; ഒരുപാടു പെൺകുട്ടികളെ ഇയാൾ പ്രേമത്തിൽ കുടുക്കി പറഞ്ഞു പറ്റിച്ചിട്ടുണ്ട്: ചതിയിൽ അകപ്പെടരുത് എന്ന മുന്നറിയിപ്പുമായി ഗായിക

Malayalilife
മാനേജർ കബളിപ്പിച്ചെന്ന് ഗായിക ഗൗരി ലക്ഷ്മി; ഒരുപാടു പെൺകുട്ടികളെ ഇയാൾ പ്രേമത്തിൽ കുടുക്കി പറഞ്ഞു പറ്റിച്ചിട്ടുണ്ട്: ചതിയിൽ  അകപ്പെടരുത് എന്ന മുന്നറിയിപ്പുമായി  ഗായിക

ലയാള സിനിമ ഗാന ആസ്വാദകർക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മനിച്ച ഗായികയാണ് ഗൗരി ലക്ഷ്മി. താരം ഇപ്പോൾ തനിക്കൊപ്പം  മാനേജർ ആയി  പ്രവർത്തിച്ച അനന്തു സുൽജിത് എന്ന വ്യക്തി സാമ്പത്തിക തട്ടിപ്പ് നടത്തി കബളിപ്പിച്ചെന്ന് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരുപാട് പെൺകുട്ടികളെയും ഇയാൾ പറ്റിച്ചതായി അറിഞ്ഞെന്നും കുറച്ചു കാലം മാത്രമേ ഇയാൾ തന്റെ മാനേജർ ആയി പ്രവർത്തിച്ചിട്ടുള്ളൂ എന്നും അതോടൊപ്പം തന്നെ  തന്റെ പേര് പറഞ്ഞു ഇയാൾ ആരെയെങ്കിലും സമീപിച്ചാൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഗൗരി ലക്ഷ്മി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന്  പറയുകയാണ്. 

ഗൗരിയുടെ വാക്കുകളിലൂടെ ...

കൊല്ലം പുത്തൻതുറയിലുള്ള അനന്തു സുൽജിത്തിനെ ഇൻസ്റ്റാഗ്രാം വഴിയാണ് ഞാൻ പരിചയപ്പെടുന്നത്. ആ സമയത്ത് അയാൾ ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആയിരുന്നു. സംസാരിച്ചു വശത്താക്കാൻ മിടുക്കനായ ഇയാൾക്ക് മാർക്കറ്റിങ് നല്ല വശമാണ്. ഞാൻ എന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലും മറ്റു ചില ജോലികളും അയാളെ ഏൽപ്പിച്ചു. കുറച്ചു നാൾ ജോലി ചെയ്തു കഴിഞ്ഞപ്പോൾ തന്നെ സാമ്പത്തിക കാര്യങ്ങളിൽ ഞങ്ങൾക്കു ചില സംശയങ്ങൾ തോന്നിത്തുടങ്ങി. സാമ്പത്തിക ഇടപാടുകളെപ്പറ്റി ചോദിക്കുമ്പോൾ തന്നിരുന്ന മറുപടിയൊന്നും വിശ്വസനീയമായിരുന്നില്ല. ഞങ്ങളുടെ കയ്യിൽ നിന്നും 30000 രൂപ വാങ്ങിയിരുന്നു. അത് തിരികെ വാങ്ങിയെടുക്കാൻ ഒരുപാട് ബുദ്ധിമുട്ടി. കുറച്ചു പണം കൂടി തരാൻ ഉണ്ട്. ആ തുക ഞാൻ ഉപേക്ഷിച്ചു. അയാളെ ഞങ്ങൾ പിരിച്ചു വിടുകയും ആ വിവരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അതിനു ശേഷം അർച്ചന എന്ന ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 75,000 രൂപയും ഒരു മാലയും ഇയാൾ പലവിധ ആവശ്യങ്ങൾ പറഞ്ഞു വാങ്ങി. തിരികെ കിട്ടാതെ ആയപ്പോൾ ഈ പെൺകുട്ടി എന്നെ സമീപിച്ച് വിവരം പറഞ്ഞു. ഇനിയും ഇയാൾ ആളുകളെ പറ്റിക്കരുത് എന്നു കരുതി അർച്ചനയും മറ്റു രണ്ടു ഇൻസ്റ്റാഗ്രാം ഹാൻഡിൽ ചെയ്യുന്നവരും ചേർന്ന് മെയ് മൂന്നാം തീയതി ലൈവിൽ എത്തിയിരുന്നു. കൂടെ ഞാനും ജോയിൻ ചെയ്തു ഈ കാര്യങ്ങൾ എല്ലാം ലൈവിൽ വിശദീകരിച്ചു.’

അനന്തു ബുദ്ധിപൂർവമാണ് നീങ്ങുന്നത്. ഇയാൾ പണം കൈപ്പറ്റുന്നത് സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്. പലരിൽ നിന്നും മറ്റു പലരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയും അവരോടു പറഞ്ഞ് അത് പിൻവലിച്ച് എടുക്കുകയുമാണ് ഇയാളുടെ രീതി. ഞങ്ങൾ ലൈവ് പോയ അന്ന് രാത്രി മുതൽ എന്റെ ഇന്‍ബോക്സിലേക്ക് പരാതിയുടെ പ്രവാഹമാണ്. നൂറുകണക്കിന് ആളുകളാണ് തെളിവോടു കൂടി ഇയാളെപ്പറ്റി പരാതിയുമായി വന്നത്. ഇയാൾ പണം ചോദിക്കുന്ന സ്ക്രീൻഷോട്ട്, ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട്, പണം ചോദിക്കുന്ന വോയിസ് റെക്കോർഡ് എല്ലാം തെളിവായി ഉണ്ട്. എന്റെ പേരുപറഞ്ഞ് ഒരുപാടുപേരുടെ കയ്യിൽ നിന്നും പണം വാങ്ങി. അർച്ചന എന്ന കുട്ടിയുടെ കയ്യിൽ നിന്ന് എന്റെ വിഡിയോ ഷൂട്ട് എന്ന പേരിൽ പണം വാങ്ങി അത് എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ ആണ് ട്രാൻസ്ഫർ ചെയ്തത്. അദ്ദേഹത്തിനോട് ഒരു സുഹൃത്ത് അയച്ച പണമാണ് എടുത്തു തരുമോ എന്നാണ് ചോദിച്ചത്’ 

‘ഒരുപാടു പെൺകുട്ടികളെ ഇയാൾ പ്രേമത്തിൽ കുടുക്കി പറഞ്ഞു പറ്റിച്ചിട്ടുണ്ട്. വാങ്ങിയ പണം തിരിച്ചു ചോദിക്കുമ്പോൾ ഇയാൾ അവരെ ബ്ലാക്‌മെയ്ൽ ചെയ്യും. ഇവർക്കാർക്കും പരാതിപ്പെടാൻ ധൈര്യമില്ല. അവർക്ക് ദോഷകരമാകുന്ന പലതും ഇതിനോടകം തന്നെ ഇയാളുടെ കയ്യിൽ പെട്ടിട്ടുണ്ട്. ഇനിയും ഒരു പെൺകുട്ടിയും ചതിയിൽ പെടാതിരിക്കാൻ കൂടിയാണ് ഞാൻ ഇത് പുറത്തു പറയുന്നത്. ഇന്നലെ ഞങ്ങൾ ചേർത്തല പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. കാരണം ഇയാൾ എന്റെ പേര് പറഞ്ഞ് പലരോടും പണം വാങ്ങുന്നുണ്ട്. ഇയാൾ ഞങ്ങളോടൊപ്പം ഇപ്പോൾ ജോലി ചെയ്യുന്നില്ല. എന്റെ സുഹൃത്തുക്കളെല്ലാം ഇത് ഒരു അറിയിപ്പായി എടുക്കണം.’

‘നാൽപതിനായിരം ഫോള്ളോവെഴ്‌സ് ഉള്ള ഒരു ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ആണ് ഇയാൾ. സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളാണ് ഇയാൾ പോസ്റ്റ് ചെയ്യുന്നത്. വളരെ വിശ്വസനീയമായ രീതിയിലാണ് എല്ലാവരോടും ഇടപഴകുന്നത് അതുകൊണ്ടു തന്നെ ആരും ഇയാളെ തെറ്റിദ്ധരിക്കില്ല. ഈ ഇൻസ്റ്റാഗ്രാം ഐഡി ഇപ്പോൾ ഡീആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.  ഇയാൾക്കുവേണ്ടി പേരിൽ പണം വാങ്ങിയവരോ കൊടുത്തവരോ ആയ ആരെങ്കിലും ഉണ്ടെങ്കിൽ എന്നെ ബന്ധപ്പെടുക. ഞങ്ങൾ ഇയാൾക്കെതിരെ കേസുമായി മുന്നോട്ടു പോവുകയാണ്. ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണ്, കൊല്ലം പുത്തൻതുറയിൽ അന്വേഷിച്ചപ്പോൾ ആളെ കിട്ടിയില്ല. ഇയാൾ ദുബായിൽ ജോലിയിലായിരുന്നു എന്നാണു ആദ്യം ഞങ്ങളോട് പറഞ്ഞത്. ദുബായിൽ അന്വേഷിച്ചപ്പോൾ ഇയാൾ അവിടെ എന്തോ തിരിമറി നടത്തി ജയിലിൽ ആയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.’ 
 

Singer gowri lekshmi reveals about her manager cheating

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES