കാവേരി ജല തര്‍ക്കത്തിനിടെ കര്‍ണാടകയിലെത്തിയ തമിഴ് നടന്‍ സിദ്ധാര്‍ത്ഥിനെ പ്രസ് മീറ്റില്‍ നിന്ന് ഇറക്കിവിട്ടു. ബംഗളൂരു മല്ലേശ്വരത്തുള്ള എസ് ആര്‍ വി തിയേറ്ററില്‍ വച്ചായിരുന്നു സംഭവം. തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താ സമ്മേളനം തടഞ്ഞത്.
ഇന്ന് റിലീസ് ചെയ്ത 'ചിക്കു' എന്ന സിനിമയുടെ പ്രമോഷനായിട്ടാണ് നടന്‍ കര്‍ണാടകയിലെത്തിയത്. തുടര്‍ന്ന് പ്രസ് മീറ്റിനിടെ ഒരു കൂട്ടം ആളുകള്‍ തിയേറ്ററിന് ഉള്ളില്‍ പ്രവേശിച്ച ശേഷം പ്രതിഷേധിക്കുകയായിരുന്നു. പിന്നാലെ എല്ലാ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സിദ്ധാര്‍ത്ഥ് അവിടെ നിന്ന് പോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
തമിഴ്‌നാടിന് 15 ദിവസത്തേയ്ക്ക് 5000 ക്യുസെസ് വീതം അധിക ജലം വിട്ടു നല്‍കണമെന്ന് കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ഇതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് അധികജലം തമിഴ്‌നാടിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി കര്‍ഷക, കന്നഡ അനുകൂല സംഘടനകള്‍ രംഗത്തെത്തി. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ബംഗളൂരുവിലെ തമിഴ് ഭൂരിപക്ഷ മേഖലകളില്‍ പൊലീസ് സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.