നടൻ ശിവകാർത്തികേയനെതിരെ സംഗീതസംവിധായകൻ ഡി ഇമ്മൻ നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇമ്മാന്റെ മുൻഭാര്യ മോണിക്ക റിച്ചാർഡ്. അദ്ദേഹത്തിന് ഇപ്പോൾ പറയാൻ പ്രോജക്ടുകൾ ഒന്നുമില്ല അതുകൊണ്ട് വെറും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആരോപണങ്ങളെന്നാണ് മോണിക്ക പറയുന്നത്. ഇത്തരം വിവാദങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് ചിന്തിക്കാതെയാണ് ഇമ്മാൻ ആരോപിക്കുന്നതെന്നും മോണിക്ക ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ശിവകാർത്തികേയനുമായി അസ്വാരസ്യങ്ങളുണ്ടെന്ന് ഇമ്മൻ തുറന്നു പറഞ്ഞിരുന്നു. ശിവ തന്നെ വഞ്ചിച്ചെന്നും ഇനി അദ്ദേഹവുമായി സഹകരിക്കില്ലെന്നും ഇമ്മാൻ പറഞ്ഞിരുന്നു. എന്നാൽ അസ്വാരസ്യം ഉണ്ടാകാനുള്ള കാരണം എന്താണെന്ന് ഇമ്മൻ വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ഇമ്മനും മോണിക്കയും തമ്മിൽ വേർപിരിയാൻ കാരണം ശിവകാർത്തികേയനാണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പ്രതികരണമറിയിച്ച് മോണിക്ക രംഗത്തെത്തിയത്.
'ശിവകാർത്തികേയൻ ഞങ്ങളുടെ കുടുംബ സുഹൃത്താണ്. അദ്ദേഹം മാന്യനായ വ്യക്തിയാണ്. അദ്ദേഹവും ഇമ്മനും നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബത്തോട് അദ്ദേഹത്തിന് കരുതലുണ്ടായിരുന്നു. ഞങ്ങളുടെ മക്കൾക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ഞങ്ങളുടെ കുടുംബം തകരരുതെന്നുമാണ് അദ്ദേഹം ആഗ്രഹിച്ചത്. അദ്ദേഹം ഞങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിച്ചിരുന്നു. ന്യായത്തിനൊപ്പമാണ് ശിവ നിന്നത്. സുഹൃത്തിന്റെ കുടുംബം തകരാൻ ആരും ആഗ്രഹിക്കില്ലല്ലോ
രണ്ട് വർഷം മുമ്പ് ഇമ്മൻ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ചു. വിവാഹമോചനത്തിന് എനിക്ക് സമ്മതമായിരുന്നില്ല. എന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹ മോചനം നേടിയെടുത്തത്. എനിക്ക് ജീവനാംശം തന്നിട്ടില്ല. പണം വേണോ മക്കളെ വേണോ എന്നു ചോദിച്ചപ്പോൾ മക്കൾ എന്നാണ് ഞാൻ പറഞ്ഞത്. മറ്റൊന്നും ഇല്ലാതെയാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. ഇന്ന് ഞാൻ സ്വന്തമായൊരു ഒരു കമ്പനി നടത്തുന്നു. എന്റെ രണ്ട് പെൺമക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്നു. 30 പേർ എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇന്നെനിക്ക് ഇമ്മൻ പറയുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും സമയമില്ല.
ഇമ്മന് മക്കളോടു സ്നേഹമില്ല. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം നോക്കൂ, മക്കളുടെ കൂടെയുള്ള ഒരു ഫോട്ടോ പോലുമില്ല. കുട്ടികളെ കാണേണ്ട എന്നാണ് പറഞ്ഞത്. ഞാൻ കടന്നു പോയ കഷ്ടപ്പാട് എന്റെ മക്കൾ കണ്ടിട്ടുണ്ട്. ഇമ്മൻ നല്ലവനായിരുന്നുവെങ്കിൽ എന്റെ മക്കൾ അയാളെ കാണുമായിരുന്നില്ലേ ഇപ്പോൾ അദ്ദേഹത്തിന് അവസരങ്ങളില്ല. അതിനാൽ പബ്ലിസിറ്റിക്കു വേണ്ടിയാണിത് ഇതൊക്കെ പറയുന്നത്. തന്റെ വാക്കുകൾ ശിവകാർത്തികേയന്റെ കരിയറിനെയും ജീവിതത്തെയും എങ്ങനെയാണ് ബാധിക്കുക എന്ന് അദ്ദേഹത്തിന് അറിയില്ല. 12 വർഷം അയാൾക്ക് വേണ്ടി ജീവിതം നശിപ്പിച്ചുവെന്ന കുറ്റബോധം എനിക്കുണ്ട്. പക്ഷേ അയാൾ പറഞ്ഞത് ചർച്ച ചെയ്യാനുള്ള സമയം എനിക്കില്ല.
ഇമ്മന് സംസാരിക്കാൻ പ്രോജക്ടുകളില്ല. ഇപ്പോഴത്തെ ജീവിതത്തിൽ സന്തുഷ്ടനെങ്കിൽ എന്തിനാണ് പഴയത് പറയുന്നത്. പാവം ശിവകാർത്തികേയനെ ഇരയാക്കിയതാണ്. നല്ലത് മാത്രം ആഗ്രഹിച്ച അദ്ദേഹത്തിനു കിട്ടിയത് നാണക്കേടാണ്. അതിനു ഞാൻ മാപ്പ് ചോദിക്കുന്നു. ഞാൻ എന്റെ മക്കളുടെ ഭാവിയെക്കുറിച്ചു മാത്രമാണ് ആലോചിക്കുന്നത്. അവരുടെ സന്തോഷമാണ് എനിക്കു വലുത്'.
2021 ലാണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. ബ്ലെസിക്ക കാത്തി, വെറോനിക്ക ദൊറോത്തി എന്നിങ്ങനെ രണ്ട് മക്കളാണ് ഇരുവർക്കും. ഇരുവരും അമ്മയ്‌ക്കൊപ്പമാണ് താമസം. വിവാഹമോചിതനായി തൊട്ടടുത്ത വർഷം ഇമ്മൻ വീണ്ടും വിവാഹിതനായി. അന്തരിച്ച കോളിവുഡ് കലാസംവിധായകൻ ഉബാൽദിന്റെ മകൾ അമേലിയ ആണ് ഇമ്മന്റെ രണ്ടാം ഭാര്യ.