മോഹന്‍ലാലിന്റെ ഏറ്റവും പുതിയ സിനിമയായ നേര് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. എന്നാല്‍ നേര് കോപ്പിയടി ആണെന്ന് ആരോപണങ്ങള്‍ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണം തുറന്നു പറയുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി.
ചിത്രത്തിന്റെ അവസാന ഭാഗമാണ് ഇപ്പോള്‍ എല്ലാവരും കോപ്പി ആണെന്ന് ആരോപിക്കുന്നത് എന്നാല്‍ ഒരു സീന്‍ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ല. സ്‌കെച്ച് ആര്‍ട്ടിസ്റ്റ് മുഴുവനായും കണ്ടിട്ട് വിമര്‍ശിക്കൂ. കോടതിയില്‍ ഞാന്‍ കണ്ടിട്ടുള്ള കാര്യങ്ങളാണ് നേരില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഞാന്‍ ഇംഗ്ലീഷ് സിനിമകള്‍ കാണാറില്ല. ഈ സംഭവത്തിന് ശേഷമാണ് ഞാന്‍ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് കണ്ടത്. നേരിലേത് പോലെ സമാനമായ കേസുകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമക്കായി ഒരുപാട് റിസേര്‍ച്ചുകള്‍ നടത്തി. സിനിമക്കായി പല കോടതി വിധികളും, കേസ് നിയമങ്ങളും റഫര്‍ ചെയ്തിരുന്നു....' ശാന്തി മായാദേവി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ദ സ്‌കെച്ച് ആര്‍ട്ടിസ്റ്റ് 2 എന്ന ചിത്രത്തിലെ സീനുകളുമായി ബന്ധപ്പെടുത്തി നേര് സിനിമ കോപ്പിയടിയാണെന്ന് ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.ഒന്‍പത് ദിവസം കൊണ്ടാണ് നേര് ആഗോള കളക്ഷനില്‍ 50 കോടി പിന്നിട്ടത്. മോഹന്‍ലാലിന്റെ കരിയറിലെ ആറാമത്തെ അമ്പത് കോടി പിന്നിടുന്ന ചിത്രമാണ് നേര്. നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.