തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് സമീറ റെഡ്ഡി. പിന്നീട് താരം ഇടവേളയെടുത്തു. തിരികെ വന്നത് സോഷ്യല്‍ മീഡിയ കീഴടക്കി കൊണ്ടായിരുന്നു. ഇന്ന് സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് സമീറ. തെന്നിന്ത്യന്‍ സിനിമയിലെ സെക്സി സാം ഇന്ന് സോഷ്യല്‍ മീഡിയയിലെ മെസി മമ്മയാണ്. പലര്‍ക്കും സമീറ ഒരു പ്രചോദനമാണിന്ന്.
കരിയറില്‍ തിളങ്ങി നില്ക്കുന്ന സമയത്ത് തന്റെ ശരീരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെയുള്ള സര്‍ജറികള്‍ ചെയ്യാന്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ നിര്‍ബന്ധിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. നിരവധി തവണ ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും, അതിനൊന്നും വഴങ്ങാത്തതില്‍ ആശ്വാസമുണ്ടെന്നും സമീറ റെഡ്ഡി പറഞ്ഞു
''ഞാന്‍ കരിയറിന്റെ ഉന്നതിയില്‍ നില്ക്കുന്ന സമയത്ത് ബൂബ് ജോബിന് വേണ്ടി ആളുകള്‍ ചെലുത്തിയ സമ്മര്ദ്ധത്തെക്കുറിച്ച് എനിക്ക് വേണ്ടത്ര ഊന്നിപ്പറയാനാവില്ല. എല്ലാവരും ചെയ്യുന്നുണ്ട്, നീയും ചെയ്യണമെന്ന് പലരും പറഞ്ഞു. പക്ഷെ അങ്ങനൊരു വസ്തു എന്റെ ശരീരത്തില്‍ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. എന്തോ പോരായ്മ മറച്ചു വെക്കുന്നത് പോലെയാണ്, പക്ഷെ അതൊരു കുറവായിരുന്നില്ല. പ്ലാസ്റ്റിക് സര്‍ജറിയും ബോട്ടോക്സും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഞാന്‍ ജഡ്ജു ചെയ്യുന്നതല്ല. ആന്തരികമായ പരിവര്‍ത്തനമാണ് എന്റെ ആഗ്രഹം,' സമീറ പറഞ്ഞു.
പ്രായം അംഗീകരിച്ച് അമിതമായി സൗന്ദര്യ വര്‍ധക വസ്തുക്കളോ ഗ്ലാമറസ് മോക്കോവറുകളോ നടത്താത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പലരും താരത്തെ പ്രശംസിക്കാറുണ്ട്. അടുത്തിടെ ഗൂഗിള്‍ തന്റെ പ്രായം തെറ്റായാണ് കാണിച്ചിരുന്നതെന്നും, അത് തിരുത്താന്‍ ഗൂഗിളിനോട് അവിശ്യപ്പെട്ടെന്നും സമീറ പറഞ്ഞു. 'എനിക്ക് 40 വയസ്സുള്ളപ്പോള്‍, ഇന്റര്‍നെറ്റില്‍ 38 വയസ്സായിരുന്നു പ്രായം കാണിച്ചിരുന്നത്. 40 വയസ്സായതില്‍ അഭിമാനം തോന്നിയതിനാല്‍ അത് പെട്ടെന്ന് തന്നെ മാറ്റി.
എന്റെ ചര്‍മ്മം മോശമായാലോ ഭാരം കൂടിയാലോ അത് കാണിക്കാന്‍ എനിക്ക് മടിയില്ല. ഞാന്‍ ഇങ്ങനെയാണ്. പെര്‍ഫെക്ട് 36-24-36 ഫിഗറിനെക്കാള് ഇങ്ങനെ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. റിയല്‍ ആകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, നടിയായിരുന്ന കാലത്ത് എനിക്കത് സാധിച്ചിരുന്നില്ല,' ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ , സമീറ പറഞ്ഞു. .
വാരണം ആയിരം' എന്ന ചിത്രത്തിലെ കഥാപാത്രം നിരവധി ആരാധകരെയാണ് തെന്നിന്ത്യയില്‍ സമീറയ്ക്ക് നേടിക്കൊടുത്തത്. മോഹന്‍ലാല്‍ നായകനായ 'ഒരുനാള്‍ വരും' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സമീറ ചുവടുവച്ചു. .