ഷൂട്ടിംഗിനിടെ നടി ഋതിക സിംഗിന് പരിക്ക് സംഭവിച്ചു. റിതിക തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെച്ചത്. എന്നാല്‍ ഏത് സിനിമയുടെ ചിത്രീകരണത്തിനിടിടെ യാണ് പരിക്കേറ്റത് എന്ന വിവരം താരം വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ താരം രജനികാന്തിന്റെ തലൈവര്‍ 170 എന്ന ചിത്രത്തിലും പേരിട്ടിട്ടില്ലാതെ മറ്റു രണ്ട് ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അപകട വിവരം വെളിപ്പെടുത്തിയത്. 'ഞാന്‍ ഒരു ചെന്നായയുമായി വഴക്കിട്ടു' എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് താരം നല്‍കിയ അടിക്കുറിപ്പ്. രണ്ട് കൈകള്‍ക്കും പരിക്കേറ്റെന്നും ആശുപത്രിയില്‍ ചികിത്സ തേടിയതായും താരം പറഞ്ഞു.
ഷൂട്ടിംഗിനിടെ ഗ്ലാസ് തട്ടിയാണ് പരിക്കേറ്റതെന്ന് താരം ഒരു വീഡിയോയില്‍ പറയുന്നുണ്ട്. ചിത്രീകരണത്തിനിടെ ശ്രദ്ധിക്കണമെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ ആ സമയത്ത് അശ്രദ്ധ കാണിച്ചു. പെട്ടെന്ന് എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഗ്ലാസില്‍ തട്ടി കൈ മുറിയുകയായിരുന്നെന്നും താരം പറഞ്ഞു.
ഇപ്പോള്‍ വേദന മാറി. എന്നാല്‍ ചില മുറിവുകള്‍ ആഴമുള്ളതാണ്. അതിനാല്‍ വേദനിക്കും എന്നത് ഉറപ്പാണ്. എന്നാല്‍ നാളെ മുതല്‍ ചിത്രീകരണം തുടരാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഋതിക കൂട്ടിച്ചേര്‍ത്തു.