നടി രശ്മിക മന്ദാനയുടെ പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തില്‍ നിയമനടപടി ആവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളും രംഗത്തുവന്നിരുന്നു. ഇപ്പോളിതാ ഇതിനെക്കുറിച്ച് പ്രതികരിച്ച് താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ഇത്തരമൊരു വിഷയത്തില്‍ പ്രതികരിക്കേണ്ടി വന്നത് തീര്‍ത്തും വേദനാജനകമാണെന്നായിരുന്നു രശ്മികയുടെ പ്രതികരണം.'ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ഡീപ് ഫേക്ക് വീഡിയോയെ കുറിച്ച് അതിയായ വേദനയോടെയാണ് ഞാന്‍ പ്രതികരിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഇത്തരം ദുരുപയോഗം ഏറെ ഭയപ്പെടുത്തുന്നുണ്ട്.
ഒരു സ്ത്രീയെന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും എന്നെ സംരക്ഷിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു. എന്നാല്‍ താന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടായതെങ്കില്‍ അതിനെ എങ്ങനെ നേരിടുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും ആകുന്നില്ല. ഇത്തരം ആക്രമണങ്ങള്‍ കൂടുതല്‍ പേരെ ബാധിക്കുന്നതിന് മുന്‍പ് ഇതിനെതിരെ പ്രതികരിക്കണം. അല്ലെങ്കില്‍ സമൂഹത്തില്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.' എന്ന് രശ്മിക തന്റെ എക്‌സ് പേജില്‍ കുറിച്ചു.
വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഇത് ഡീപ്പ് ഫെയ്ക്ക് ആണെന്ന് വ്യക്തമാക്കി നിരവധി പേര്‍ രംഗത്തെത്തി.രശ്മിക മന്ദാനയുടേതെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയ വ്യാജമാണെന്ന് സ്ഥിരീകരിച്ച് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തി. രശ്മികയുടെ വൈറല്‍ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ കണ്ടിരിക്കാം. എന്നാല്‍, ഇത് ഡീപ്പ് ഫെയ്ക്ക് വീഡിയോ ആണെന്നാണ് ട്വീറ്റില്‍ പറയുന്നത്.
മാത്രമല്ല, ഇന്ത്യയില്‍ ഡീപ്ഫേക്ക് കൈകാര്യം ചെയ്യാന്‍ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് വേണമെന്നും മാധ്യമപ്രവര്‍ത്തകന്‍ ആവശ്യപ്പെട്ടു. ഇത് റീപോസ്റ്റ് ചെയ്താണ് അമിതാഭ് ബച്ചന്‍ നിയമനടപടി ആവശ്യപ്പെട്ടത്. ഇത്തരം വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് താരവും ആവശ്യപ്പെട്ടു. തെന്നിന്ത്യയില്‍ സൂപ്പര്‍ താരമായ രശ്മികയുടെ ആദ്യ ബോളിവുഡ് ചിത്രം അമിതാഭ് ബച്ചനൊപ്പമായിരുന്നു.
ഗുഡ്‌ബൈ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകളായാണ് രശ്മിക അഭിനയിച്ചത്. അതേസമയം, രശ്മികയുടെ പുതിയ ബോളിവുഡ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. റണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആനിമല്‍ ആണ് താരത്തിന്റെ പുതിയ ചിത്രം.