രണ്ടാം ഭര്‍ത്താവ് ആദില്‍ ദുറാനിയുമായുള്ള നിയമപോരാട്ടത്തിനിടെ നടി രാഖി സാവന്തും ആദ്യ ഭര്‍ത്താവ് റിതേഷും ഒന്നിച്ചതായി റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ ഇരുവരും പാപ്പരാസികളുടെ മുന്നില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ആദില്‍ ഖാന്‍ രാഖിക്കെതിരെ നുണ പ്രചാരണം നടത്തിയതായും രാഖിയുടെ ജാമ്യപേക്ഷ തള്ളിയെന്ന് ആദില്‍ പറഞ്ഞത് തെറ്റാണെന്നും റിതേഷ് ആരോപിച്ചു.
'അയാള്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. കോടതി വിധിയെ കുറിച്ച് അയാള്‍ പറഞ്ഞതില്‍ തെളിവുകള്‍ ഒന്നുമില്ല. സ്വന്തം അഭിപ്രായങ്ങളാണ് അയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറയുന്നത്' എന്നാണ് രാഖി ഉടന്‍ അറസ്റ്റിലാകുമെന്ന ആദിലിന്റെ വാദത്തോട് പ്രതികരിച്ച് റിതേഷ് പറഞ്ഞത്.
രാഖി ഇന്ത്യയില്‍ സുഖമായി തന്നെയാണ് കഴിയുന്നതെന്നും റിതേഷ് വ്യക്തമാക്കി. രാഖിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയെന്നും നാല് ആഴ്ചക്കകം മുംബൈ പോലീസിന് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും ആദില്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വീഡിയോ പങ്കുവച്ചിരുന്നു.
അതേസമയം, രാഖിയും രണ്ടാം ഭര്‍ത്താവ് ആദിലും തമ്മിലുള്ള നിയമപോരാട്ടം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. വേര്‍പിരിഞ്ഞതിന് ശേഷം ആദിലിനെതിരെ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയവ ആരോപിച്ച് രാഖി പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നാലെ രാഖിക്കെതിരെ ആദിലും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 2019ല്‍ ആയിരുന്നു രാഖി റിതേഷിനെ വിവാഹം ചെയ്തത്. 2022ല്‍ വിവാഹമോചിതയായ ശേഷം, അതേ വര്‍ഷം തന്നെ ആദില്‍ ഖാന്‍ ദുറാനിയെ നടി വിവാഹം ചെയ്യുകയായിരുന്നു