Latest News

അദ്ദേഹമൊരു സൂപ്പർസ്റ്റാറാണെങ്കിലും അതിനപ്പുറം ഒരു സൂപ്പർ ഹ്യൂമൻ കൂടിയാണ്: പേളി മാണി

Malayalilife
അദ്ദേഹമൊരു സൂപ്പർസ്റ്റാറാണെങ്കിലും  അതിനപ്പുറം ഒരു സൂപ്പർ ഹ്യൂമൻ കൂടിയാണ്: പേളി മാണി

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച  മമ്മൂട്ടിക്ക് ആശംസ അറിയിച്ച്  പേളിയും എത്തിയിരുന്നു. മമ്മൂട്ടിക്ക് ആശംസ നേര്‍ന്നുള്ള പേളി മാണിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പേളിയുടെ കുറിപ്പിലൂടെ...

നിങ്ങളെയെല്ലാവരെയും പോലെ ധാരാളം മമ്മൂക്ക ചിത്രങ്ങൾ കണ്ടാണ് ഞാനും വളർന്നത്. ഏറ്റവും വന്യമായ സ്വപ്നങ്ങളിൽ പോലും ഞാൻ സിനിമയിലേക്ക് വരുമെന്നോ അദ്ദേഹത്തെ നേരിൽ കാണുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലെ ചില ഹീറോകൾ യഥാർത്ഥ ജീവിതത്തിൽ അതിലും വലിയ ഹീറോകളാണെന്ന് അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. മമ്മൂക്ക അതുപോലൊരു ഹീറോ ആണ്. അദ്ദേഹമൊരു പ്രചോദനമാണ്. അദ്ദേഹത്തിനൊപ്പം മനോഹരമായ നിരവധി മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്.

പക്ഷേ ഈ ചിത്രമെടുത്ത ദിവസം ഒരുപാട് സ്പെഷൽ ആയ ഒന്നാണ്. അന്നായിരുന്നു പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ സെറ്റിൽ അദ്ദേഹത്തിനൊപ്പമുള്ള എന്റെ ആദ്യ ദിവസം. അതേ ദിവസം രാവിലെ തന്നെയാണ് എനിക്ക് എന്റെ അമ്മാവനെ നഷ്ടപ്പെട്ടത് (അമ്മയുടെ ഇളയ സഹോദരൻ). എന്റെ മുഴുവൻ കുടുംബാംഗങ്ങളും മരണാനന്തരചടങ്ങുകളിൽ പങ്കെടുക്കാനായി ബാംഗ്ലൂരിലേക്ക് പോയെങ്കിലും ജോലിയാണ് പ്രാധാന്യം, ഷൂട്ടിംഗ് നടക്കണം എന്നു പറഞ്ഞ് എന്നെ തിരിച്ചയച്ചത് പപ്പയാണ്.

അങ്ങനെ ഒരവസ്ഥയിൽ അഭിനയിക്കുക ഒരിക്കലും എളുപ്പമായിരുന്നില്ല. ഞാൻ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി, മുഖത്തൊരു ചിരി വരുത്തി പ്രസന്നയാവാൻ ശ്രമിച്ചു. വ്യത്യസ്തമായ വികാരങ്ങളിലൂടെ കടന്നുപോവുകയായിരുന്നു മനസ്. കരച്ചിൽ വരുന്നുണ്ടായിരുന്നെങ്കിലും എന്റെ കണ്ണീർ ആരും കാണാതിരിക്കാൻ ശ്രമിച്ചു. അന്നൊരു കോമഡി സീനായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്.

കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്ക സെറ്റിലെത്തി. എങ്ങനെയോ എന്റെ അവസ്ഥ മമ്മൂക്ക അറിഞ്ഞിരുന്നു. അദ്ദേഹം എന്റെ അരികിലേക്ക് വന്നു, എന്നോട് സംസാരിച്ചു. എന്നെ ആശ്വസിപ്പിച്ചു. ഏറ്റവും മനോഹരമായ കാര്യമെന്തെന്നാൽ, അദ്ദേഹം എന്നോട് അമ്മയെ ഫോണിൽ വിളിക്കാൻ പറഞ്ഞു. ഫോണിൽ അദ്ദേഹം അമ്മയോട് സംസാരിച്ചു, അമ്മയെ ആശ്വസിപ്പിച്ചു. അദ്ദേഹത്തിന് അതൊന്നും ചെയ്യേണ്ട കാര്യമില്ല, അദ്ദേഹമൊരു സൂപ്പർസ്റ്റാറാണ്. പക്ഷേ അദ്ദേഹം അതിനപ്പുറം ഒരു സൂപ്പർ ഹ്യൂമൻ കൂടിയാണ്.

അദ്ദേഹത്തെ കാണാനും മനസ്സിലാക്കാനും ലഭിക്കുന്ന ഓരോ അവസരവും ഞാൻ അനുഗ്രഹമായി കരുതുന്നു. അദ്ദേഹമൊരു മാണിക്യമാണ്. എന്നും ഞാനദ്ദേഹത്തിന്റെ ഫാൻ ഗേളായിരിക്കും. ജന്മദിനാശംസകൾ മമ്മൂക്ക. നിങ്ങൾക്ക് തങ്കം പോലൊരു മനസ്സുണ്ട്, അത് ഇൻഡസ്ട്രിയിൽ അപൂർവ്വവുമാണ്, അതിനാൽ തന്നെയായിരിക്കാം നിങ്ങളിത്ര സ്നേഹിക്കപ്പെടുന്നതുമെന്നായിരുന്നു പേളി മാണി സോഷ്യൽ മീഡിയയിലൂടെ  കുറിച്ചത്.

Pearle maaney wishes for megastar mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES