ആരാധകര്‍ വളരെയധികം കാത്തിരുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മമ്മൂട്ടിയുടെയും കൂട്ടുകെട്ടില്‍ അരങ്ങേറുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ട്രെയിലര്‍ ആരംഭിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നുമാണ്. കൂട്ടത്തില്‍ നിന്നും കാണാതായ ഒരു വ്യക്തിയെ ഒരു മലയാളി സംഘം ഗ്രാമത്തില്‍ തിരയുകയാണ്. അതേസമയം തന്നെ ആ ഗ്രാമത്തിലെ ഒരു വീട്ടിലേക്ക് ഒരു അപരിചിതന്‍ കടന്നുവരികയും വീട്ടിലിരിക്കുന്ന വണ്ടിയെടുത്തു കൊണ്ടുപോകുന്നതും ആണ് ട്രെയിലറില്‍ കാണിക്കുന്നത്. ട്രെയിലറിലൂട നീളം മമ്മൂട്ടിയുടെ നിറഞ്ഞാട്ടം ആണ് കാണാവുന്നത്.
മുമ്പ് പുറത്തുവന്ന ചിത്രത്തിന്റെ ടീസറിന് വലിയ പ്രേക്ഷക സ്വീകാര്യത ആയിരുന്നു ലഭിച്ചത്. മദ്യപിക്കുന്ന സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയുടെ ടീസര്‍ ആയിരുന്നു പുറത്തിറങ്ങിയത്. കട്ട് ഇല്ലാതെ ഒറ്റ ഷോട്ടില്‍ തന്നെ എടുത്ത ഈ വീഡിയോയിലെ മമ്മൂട്ടിയുടെ മികച്ച പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിങ് കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടി കമ്പനിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നു കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എല്‍ ജെ പി യുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. തമിഴ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത് പഴനി കന്യാകുമാരി എന്നീ സ്ഥലങ്ങളില്‍ വച്ചാണ്. ഇവിടെവച്ച് ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂര്‍ത്തിയായത്.
മമ്മൂട്ടിയെ കൂടാതെ രമ്യാ പാണ്ട്യന്‍, അശോകന്‍, വിപിന്‍ അറ്റ്ലി, രാജേഷ് ശര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അവതരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ പേരന്‍പ്, പുഴു എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച തേനി ഈശ്വര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്യുന്നത്. ദീപു ജോസഫ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് ചെയ്യുന്നത്.