മലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഒടിവിദ്യക്കാരനാണ് മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. അദ്ദേഹം പ്രായത്തിൽ മുതിർന്നവർക്ക് പോലും ലാലേട്ടനാകുന്നത് തിരശ്ശീലയില്‍ പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല, പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്. എന്നാൽ ഇപ്പോൾ ജലസംരക്ഷണത്തിനായുള്ള കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദി റെയിൻ പദ്ധതിയിൽ അണിചേരണമെന്ന് മോഹൻലാൽ പറയുകയാണ്. താരം ക്യാച്ച് ദി റെയിൻ പദ്ധതിയ്ക്ക് ഫേസ്ബുക്കിലൂടെയാണ് ആഹ്വാനം ചെയ്തത്. ജലസംരക്ഷണത്തെക്കുറിച്ചും താരം ഫേസ്ബുക്കിലൂടെ പറയുന്നു.
ജലം അമൂല്യമാണെന്നും അത് സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യകത ആണെന്നും മോഹൻലാൽ തന്റെ കുറിപ്പിലൂടെ തുറന്ന് പറഞ്ഞു. കൃഷിയ്ക്കും കുടിവെള്ളത്തിനുമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ക്യാച്ച് ദി റെയിൻ. പദ്ധതി ഇതിനകം തന്നെ ജനശ്രദ്ധ നേടിയെന്നും നമുക്ക് എല്ലാവർക്കും ഈ പദ്ധതിയിൽ അണിചേരാമെന്നും മോഹൻലാൽ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുകയാണ്.
ജലം ജീവനാണ്. അതുകൊണ്ട് തന്നെ ഓരോ തുള്ളിയും അമൂല്യമാണ്. ഇന്ന് ജീവിക്കാനും നാളെ ജീവിപ്പിക്കാനും ജലം കൂടിയേ തീരൂ. ആഗോളതാപനത്തിന്റെ വെല്ലുവിളികൾക്കിടയിൽ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം പ്രാണജല സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രതീക്ഷ നൽകുന്ന ക്യാച്ച് ദി റെയിൻ- വെയർ ഇറ്റ് ഫാൾസ്, വെൻ ഇറ്റ് ഫാൾസ്. പാഴായി പോകുന്ന മഴവെള്ളം സംരക്ഷിക്കാൻ വ്യക്തികളെ മുതൽ സ്ഥാപനങ്ങളെ വരെ പ്രോബധിപ്പിക്കുന്ന ദേശീയ ജല കമ്മീഷന്റെ ദീർഘ വീക്ഷണമുള്ള ഈ പ്രചാരണ പരിപാടിക്ക് ഇതിനോടകം ജനശ്രദ്ധയും സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ഭാവിയുടെ ഇന്ത്യയെ ജല സമ്പന്നമാക്കാൻ നമുക്ക് ഓരോരുത്തർക്കും ഈ പരിപാടി നമ്മുടേതായ രീതിയിൽ നടപ്പാക്കി ഇതിൽ അണിചേരാം. മറ്റുള്ളവരെയും അണിചേർക്കാം. ജയ്ഹിന്ദ്.