Latest News

സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രിംകോടതി; പരാതി നല്‍കാന്‍ എട്ട് വര്‍ഷം വൈകിയത് ചൂണ്ടിക്കാട്ടി കോടതിയുടെ നടപടി; ഫേസ്ബുക്ക് പോസ്റ്റില്‍ പീഡനം പരാമര്‍ശിക്കാത്ത കാര്യവും മുഖവിലക്കെടുത്തു കോടതി; കേസ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്താല്‍ ജാമ്യം നല്‍കണമെന്നും നിര്‍ദേശം 

Malayalilife
 സിദ്ധിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രിംകോടതി; പരാതി നല്‍കാന്‍ എട്ട് വര്‍ഷം വൈകിയത് ചൂണ്ടിക്കാട്ടി കോടതിയുടെ നടപടി; ഫേസ്ബുക്ക് പോസ്റ്റില്‍ പീഡനം പരാമര്‍ശിക്കാത്ത കാര്യവും മുഖവിലക്കെടുത്തു കോടതി; കേസ് അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റു ചെയ്താല്‍ ജാമ്യം നല്‍കണമെന്നും നിര്‍ദേശം 

ലാത്സംഗ കേസില്‍ നടന്‍ സിദ്ധിഖിന് ആശ്വാസം. നടന് കേസില്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം ഉന്നയിച്ചെങ്കിസലും കേസ് പീഡനം നടന്നെന്ന ആരോപണം എട്ട് വര്‍ഷം മുമ്പുള്ളതാണെന്നാണ് കോടതി പ്രധാനമായും പരിഗണിച്ചത്. ഫേസ്ബുക്ക് പോസ്റ്റിട്ടപ്പോള്‍ അതിലും പീഡനം പരാമര്‍ശിക്കാത്ത കാര്യവും കോടതി മുഖവിലക്കെടുത്തു. അതേസമയം കേസ് അന്വേഷണത്തിന്റെ ഭാഗമായി നടനെ അറസ്റ്റു ചെയ്താന്‍ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. 

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു. ചോദ്യങ്ങളുടെ പ്രസക്തിയെന്ത് എന്നാണ് സിദ്ദിഖ് എസ്ഐടിയോട് ചോദിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ് എന്നായിരുന്നു സിദ്ദിഖ് കോടതിയെ നേരത്തെ അറിയിച്ചത്. ചോദ്യം ചെയ്യാന്‍ സിദ്ദിഖ് ഹാജരായോ എന്ന് എസ്‌ഐടിയോട് സുപ്രീംകോടതി ചോദിച്ചിരുന്നു. തുടര്‍ന്നാണ് സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറെന്ന് പറഞ്ഞ സിദ്ദിഖിന്റെ അഭിഭാഷകന്‍ പരാതിക്കാരിയെ തിയേറ്ററില്‍ വെച്ച് മാതാപിതാക്കള്‍ക്കൊപ്പം മാത്രമാണ് കണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ധൈര്യമില്ലാത്തത് കൊണ്ടാണ് പരാതി നല്‍കാന്‍ എട്ടര വര്‍ഷം വൈകിയതെന്നായിരുന്നു അതിജീവിതയുടെ വാദം. കരിയര്‍ അവസാനിപ്പിക്കുമെന്ന് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും അതിജീവിത വെളിപ്പെടുത്തിയിരുന്നു. പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ല്‍ തന്നെ ഇക്കാര്യം പൊതു സമൂഹത്തില് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അതിജീവിത നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 

കേസില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാഗ്മൂലം. അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ ചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. തനിക്ക് ജാമ്യം നല്‍കിയാല്‍ ഇരയ്ക്ക് നീതി ലഭിക്കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിയല്ല. ഡബ്ല്യുസിസി അംഗം എന്ന നിലയില്‍ ഹേമ കമ്മിറ്റി മുമ്പാകെ തനിക്കെതിരെ പരാതിയോ മറ്റോ പരാതിക്കാരിയായ നടി ഉന്നയിച്ചിട്ടില്ല. തനിക്കെതിരെ മാധ്യമവിചാരണയ്ക്ക് പോലീസ് അവസരം ഒരുക്കുകയാണെന്നും സിദ്ദിഖ് ആരോപിക്കുന്നു. 

ബലാത്സംഗ കേസില്‍ തനിക്കെതിരേ തെളിവുകളുടെ ഒരു കെട്ട് തന്നെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മറുപടി സത്യവാങ്മൂലത്തില്‍ സിദ്ദിഖ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2016 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്ക് എതിരെ പറയുന്ന പ്രധാന പരാതി. എന്നാല്‍ പരാതിക്കാരിയും ആ കാലയളവില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറിയിട്ടില്ല എന്നാണ് തന്റെ അറിവെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പരാതി നല്‍കാന്‍ എട്ട് വര്‍ഷം എന്ത് കൊണ്ട് വൈകിയെന്ന് സംസ്ഥാന സര്‍ക്കാരിനോടും പരാതിക്കാരിയോടും സുപ്രീം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതിന് കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആകുന്നില്ലെന്ന് സിദ്ദിഖ് ആരോപിക്കുന്നു. പരാതി നല്‍കിയ വ്യക്തി 2019 ലും 2020 ലും ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പോസ്റ്റുകളിലിട്ടിരുന്നു. എന്നാല്‍ ആ പോസ്റ്റുകളില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ അല്ല ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മറുപടി സത്യവാങ്മൂലത്തില്‍ ആരാഞ്ഞിരുന്നു.

Read more topics: # സിദ്ദിഖ്
actor siddique anticipatory bail

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക