അന്തരിച്ച പ്രശസ്ത നിര്‍മാതാവും വ്യവസായിയുമായ രാമോജി റാവുവിന് ആദരാഞ്ജലികളര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, രാമോജി ഫിലിം സിറ്റിയില്‍ പ്രകടമാണെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മോഹന്‍ലാല്‍ എഴുതി...
ശ്രീ രാമോജി റാവു ഗാരുവിന്റെ വിയോഗവാര്‍ത്തയില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു ദീര്‍ഘവീക്ഷണമുള്ള നേതാവെന്നതിലുപരി ദയയും പ്രചോദനവുമേകുന്ന വ്യക്തിയായിരുന്നു. ഇന്ത്യന്‍ സിനിമയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം, രാമോജി ഫിലിം സിറ്റിയില്‍ പ്രകടമാണ്. സിനിമാ വ്യവസായത്തെ അദ്ദേഹം മാറ്റിമറിച്ചു. അദ്ദേഹത്തിന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.'' ഓം ശാന്തി. മോഹന്‍ലാല്‍ എഴുതി.......
നേരത്തേ നടന്മാരായ രജനികാന്ത്, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, കമല്‍ ഹാസന്‍ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖര്‍ രാമോജി റാവുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റാമോജി റാവുവിന്റെ അന്ത്യം. ഈടിവി, ഈനാടു അടക്കമുള്ള വന്‍കിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസിന്റെ സ്ഥാപകന്‍ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയര്‍ അവാര്‍ഡുകളും ദേശീയ ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. പത്രപ്രവര്‍ത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയില്‍ നല്‍കിയ സംഭാവനകള്‍ക്ക് 2016ല്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയില്‍ ഒരു കാര്‍ഷിക കുടുംബത്തിലാണ് റാവു ജനിച്ചത്. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ് എന്നിവയുടെയും സ്ഥാപകനാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ ഡോള്‍ഫിന്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സിന്റെ ചെയര്‍മാന്‍ കൂടിയാണ്.