കൊച്ചി: വേദനിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുകയെന്നത് വലിയ കാര്യമാണെന്നും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്നും ശ്രീരാമകൃഷ്ണ മിഷന്റെ മലയാളം മുഖപത്രമായ പ്രബുദ്ധകേരളത്തിന്റെ ചീഫ് എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ . പഠനത്തില്‍ മിടുക്കുകാട്ടുന്ന, സാമ്പത്തികമായി പിന്നോക്കം നില്കുന്ന കുട്ടികള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച'വിദ്യാമൃതം' പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
കെയര്‍ ആന്റ് ഷെയറിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ ഒന്നാണ് എന്ന സന്ദേശം സമൂഹത്തിന് പകരുന്നു. ആ ഒരുമ അകക്കാമ്പില്‍ തിരിച്ചറിയുമ്പോഴാണ് ഓരോരുത്തരും മനുഷ്യരായി മാറുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വരയേ ജീവിക്കുന്നവരായി കാണാനാകൂ. നമ്മളെല്ലാം ചൈതന്യമാണ് എന്ന് മനസിലാക്കുമ്പോഴാണ് 'നമ്മള്‍ വികസിത വ്യക്തികളായി മാറുന്നത്. അപ്പോള്‍ മാത്രമേ നമ്മളെ മനഷ്യര്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കൂ - സ്വാമി പറഞ്ഞു.
എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് 'വിദ്യാമൃതം' പദ്ധതിയിലൂടെ മമ്മൂട്ടിയും കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലും. സാമ്പത്തികമായി പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ മാതാവോ പിതാവോ നഷ്ടപ്പെട്ടുപോയവര്‍ ക്യാന്‍സര്‍ മുതലായ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ പരിമിതമായ ജീവിത സാഹചര്യങ്ങള്‍ മൂലം മികച്ച പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ കഴിയാത്തവര്‍ ആദിവാസി മേഖലകളിലെ കുട്ടികള്‍ എന്നിങ്ങനെ 250 ഓളം വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ആയിരിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
പദ്ധതിയുടെ ധാരണാപത്രം കെയര്‍ ആന്‍ഡ് ഷെയര്‍ മുഖ്യരക്ഷാധികാരി മമ്മൂട്ടിയും എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ജാപ്‌സണ്‍ വര്‍ഗീസും ഒപ്പുവച്ചു.
എന്‍ജിനീയറിങ്,ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്‌സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,മലപ്പുറം,കണ്ണൂര്‍ ക്യാമ്പസുകളിലായാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും.വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തില്‍ 22 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസരംഗത്ത് മികവു തെളിയിച്ച എം.ജി.എമ്മില്‍ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ കണ്ടെത്തുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനസൗകര്യമൊരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ പറഞ്ഞു.മുന്‍ വര്‍ഷങ്ങളിലെ വിദ്യാമൃതം പദ്ധതിയിലെ ഗുണഭോക്താക്കളില്‍ മികച്ച രീതിയില്‍ പഠനം തുടരുന്ന 25 കുട്ടികള്‍ അവരുടെ അധ്യാപകരോടൊപ്പം മമ്മൂട്ടിയെ സന്ദര്‍ശിക്കാനായി ചടങ്ങില്‍ എത്തിയിരുന്നു.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എംജിഎം കോളേജസ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് ഐ.പി.എസ്, എംജിഎം സ്‌കൂള്‍സ് സി.ഓ.ഓ ആല്‍ഫ മേരി, എംജിഎം കോളേജസ് ഡയറക്ടര്‍ എച്. അഹിനസ്, നിതിന്‍ ചിറത്തിലാട്ട് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.വിജു ജേക്കബ്, മാനേജിംഗ് ഡയറക്ടര്‍ തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ റോയ്. എം. മാത്യു, ജോര്‍ജ് സെബാസ്റ്റ്യന്‍, എ. മോഹനന്‍, റോബര്‍ട്ട് കുര്യാക്കോസ്, കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് പി. രാജകുമാര്‍ എന്നിവരും പങ്കെടുത്തു.
പദ്ധതിയുടെ വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9946483111, 9946485111