സൗത്ത് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളാണ് കീര്‍ത്തിസുരേഷ്. പ്രശസ്ത നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണ് കീര്‍ത്തി. പൈലറ്റ്‌സ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ എന്നി ചിത്രങ്ങളിലൂടെ ബാലതാരമായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി 2013 ല്‍ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് നായികയായി മാറിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ കീര്‍ത്തിയെ തേടി ദേശീയ പുരസ്‌കാരവുമെത്തി. ചെന്നൈയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കീര്‍ത്തി ലോക്ഡൗണും ഓണവുമൊക്കെ പ്രമാണിച്ച് ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടിലുണ്ട്. ഇവിടെ നിന്നുള്ള ഓണാഘോഷചിത്രങ്ങള്‍ പങ്കുവച്ചിരിക്കയാണ് താരം ഇപ്പോള്‍.
അപ്പൂപ്പനും അമ്മൂമ്മയ്ക്കും മറ്റ് ബന്ധുക്കളോടുമൊപ്പമായിരുന്നു കീര്‍ത്തിയുടെ ഇക്കുറിയുള്ള ഓണാഘോഷം. സെറ്റ് സാരിയുടുത്ത ചിത്രങ്ങളും കസിന്‍സിനൊടൊപ്പമുള്ള ചിത്രങ്ങളും ഓണസദ്യയുടെ വിശേഷങ്ങളും കീര്‍ത്തി പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികളെ നാടന്‍ വേഷം ധരിപ്പിച്ച് അവര്‍ക്കൊപ്പം നിന്നുള്ള ചിത്രങ്ങള്‍ പങ്കുവയ്ച്ചായിരുന്നു ഇത്തവണ കീര്‍ത്തി ഓണാശംസക നേര്‍ന്നത്. എല്ലാ പ്രേക്ഷകര്‍ക്കും കുടുംബത്തിനും എന്റെയും എന്റെ നായ്ക്കുട്ടികളുടെയും ഓണാശംസകള്‍ എന്നായിരുന്നു കുറിപ്പ്. കേരളസാരിയണിഞ്ഞ് മനോഹരിയായി കീര്‍ത്തിയും ചുവന്ന ഷര്‍ട്ടും മുണ്ടും ഇട്ട നായ്ക്കളും ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചു.
അജു എന്നും നൈക്കി എന്നും പേരുള്ള രണ്ടു നായ്കളാണ് കീര്‍ത്തി സുരേഷിന്റെ വീട്ടിലുള്ളത്. അര്‍ജുന്‍ എന്ന അജു കീര്‍ത്തിയുടെ ചേച്ചി രേവതിയുടേതാണ്. അജു ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ടതാണ്. നൈക്കി ഷിറ്റ്‌സു ഇനത്തില്‍പ്പെട്ട നായക്കുട്ടിയാണ്. കീര്‍ത്തിക്ക് സുഹൃത്തുക്കള്‍ സമ്മാനിച്ചതാണ് നൈക്കിയെ. ഇരുവരെയും കുളിപ്പിക്കുന്നതും പരിപാലിക്കുന്നതും കീര്‍ത്തിയും ചേച്ചിയും കൂടി തന്നെ. ഓണത്തിന് കുടുംബാംഗങ്ങള്‍ക്കൊപ്പം രണ്ടു നായ്കള്‍ക്കും ഓണക്കോടി വാങ്ങി അത് ധരിപ്പിച്ചാണ് ഓണസദ്യ കൂടാന്‍ പോയത്. കീര്‍ത്തിക്ക് നായ്ക്കളെ വളരെ ഇഷ്ടമാണ്. തന്റെ നായ്ക്കളുമായിരിക്കുന്ന ചിത്രങ്ങള്‍ എപ്പോഴും താരം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുണ്ട്.