35 വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുന്ന ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും കരിഷ്മ കപൂറിന്റെയും മാതാപിതാക്കളായ രണ്‍ധീര്‍ കപൂറും ബബിതയും വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്ത.കരീനയുടെ അമ്മ ബബിതയും അച്ഛന്‍ രണ്‍ധീര്‍ കപൂറും ആണ് വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
വിവാഹം കഴിഞ്ഞ് 17 വര്‍ഷത്തിനുശേഷം വേര്‍പിരിഞ്ഞതായിരുന്നു രണ്‍ധീറും ബബിതയും . പരസ്പരം അകന്ന് കഴിഞ്ഞെങ്കിലും ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. മാതാപിതാക്കളുടെ തീരുമാനത്തില്‍ ഏറെ സന്തോഷത്തിലാണത്രെ കരീനയും കരിഷ്മയും. രണ്‍ധീറിന്റെ പുതിയ വീട്ടിലേക്ക് ബബിത താമസം മാറിയെന്നാണ് വിവരം.
രണ്‍ധീറിന്റെ കുത്തഴിഞ്ഞ ജീവിതമാണ് ബബിതയുമായുള്ള അകല്‍ച്ചയ്ക്ക് കാരണം. കപില്‍ശര്‍മ്മ ഷോ എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ തങ്ങളുടെ ബന്ധത്തില്‍ സംഭവിച്ചതിനെക്കുറിച്ച് രണ്‍ധീര്‍ തുറന്നു പറഞ്ഞിരുന്നു. ഡേറ്റിംഗ് സമയത്ത് ബബിതയുമായി സീരിയസായ ബന്ധമായിരുന്നില്ല. തനിക്കൊരു നേരം പോക്കായിരുന്നു. അച്ഛന്‍ രാജ്കപൂറും അമ്മ കൃഷ്ണരാജ് കപൂറും ഇടപെട്ട് തങ്ങളുടെ വിവാഹം നടത്തുകയായിരുന്നു.
തന്റെ ജീവിതശൈലി ബബിതയ്ക്ക് ഇഷ്ടമല്ല. താന്‍ മദ്യപാനിയും രാത്രി വൈകി വീട്ടില്‍ വന്നു കയറുന്ന ആളുമായിരുന്നു. അവര്‍ക്കിഷ്ടമുള്ള പോലെ ജീവിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. എന്നെ ഞാനായി അംഗീകരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങള്‍ക്ക് രണ്ട് മക്കളുണ്ട്. അവരെ നല്ല രീതിയില്‍ അവള്‍ വളര്‍ത്തി. അവര്‍ കരിയറില്‍ വിജയിച്ചു. ഇതില്‍പ്പരം എന്താണ് ഒരു അച്ഛന്‍ എന്ന നിലയില്‍ തനിക്ക് വേണ്ടതെന്ന് രണ്‍ധീര്‍ അന്ന് അഭിപ്രായപ്പെട്ടു.
രണ്‍ധീറിന്റെ രണ്ട് മക്കളായ കരീനയും കരിഷ്മയും ബോളിവുഡിലെ പ്രമുഖ താരങ്ങളാണ്. മൂത്ത മകള്‍ കരിഷ്മ ഒരു കാലത്ത് മുന്‍നിര നായിക നടിയായിരുന്നു. എന്നാലിപ്പോള്‍ ആ താരമൂല്യം സിനിമാ ലോകത്ത് നഷ്ടപ്പെട്ടു. എന്നാല്‍ ഇളയ മകള്‍ കരീന നാല്‍പതാം വയസ്സിലും ബോളിവുഡിലെ അറിയപ്പെടുന്ന നായിക നടിയാണ്.
വിവാഹ ശേഷവും അമ്മയായ ശേഷവും കരിയറില്‍ തുടര്‍ന്ന കരീനയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. നടന്‍ സെയ്ഫ് അലി ഖാനാണ് കരീനയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും തൈമീര്‍, ജഹാം?ഗീര്‍ എന്നീ രണ്ട് മക്കളുമുണ്ട്. ബിസിനസ്‌കാരന്‍ സജ്ഞയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. 2003 ലായിരുന്നു വിവാഹം. 2016 ഓടെ ഇരുവരും വേര്‍പിരിഞ്ഞു. സമൈറ കപൂര്‍, കിയാന്‍ രാജ് കപൂര്‍ എന്നീ രണ്ട് മക്കളും കരിഷ്മയ്ക്കുണ്ട്. സിനിമാ കുടുബത്തില്‍ പിറന്നതിനാല്‍ തന്നെ കരീനയ്ക്കും കരിഷ്മയ്ക്കും നിരവധി അവസരങ്ങള്‍ തുടക്ക കാലത്ത് ലഭിച്ചു. 2000 ല്‍ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന ബോളിവുഡിലേക്കെത്തുന്നത്. അപ്പോഴേക്കും കരിഷ്മ കരിയറില്‍ നിന്ന് മാറിത്തുടങ്ങിയിരുന്നു.