നടന്‍ രവി മോഹന്റെയും ആര്‍തിയുടെയും വിവാഹമോചന കേസാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും തങ്ങളുടെ ഭാഗം വിശദമാക്കി കൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനിടെ വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട നടപടികള്‍ ചെന്നൈ കുടുംബ ക്ഷേമ കോടതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ജയം രവി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. അതേസമയം വിവാഹമോചന കേസില്‍ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.
വിവാഹമോചനത്തിനുശേഷം തനിക്കു വരുന്ന സാമ്പത്തിക സഹായങ്ങള്‍ക്കും മറ്റുമായി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന എതിര്‍ഹര്‍ജി ആര്‍തി രവി ഫയല്‍ ചെയ്തതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.കേസുമായി ബന്ധപ്പെട്ട അടുത്ത വാദം കേള്‍ക്കല്‍ ജൂണ്‍ 12 ന് നടക്കുമെന്നും രവി മോഹന്‍ അതിന് മുന്‍പ് തന്റെ മറുപടി കോടതിയെ അറിയണമെന്നുമാണ് റിപ്പോര്‍ട്ട്.
കേസ് പരിഗണിച്ച ചെന്നൈയിലെ കുടുംബ കോടതി രവിയോടും ആരതിയോടും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇരുവരും ഇതിനു താല്‍പര്യം കാട്ടിയില്ല. സിറ്റിങ്ങില്‍ പങ്കെടുത്തതുമില്ല. ഇതോടെയാണു മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് വിവാഹമോചന വാദം പുനരാരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് രവിയും ആരതിയും ഹാജരായത്. ഫെബ്രുവരി 15നായിരുന്നു ഇതിനു മുമ്പ് കോടതി ഈ കേസില്‍ വാദം കൂടിയത്.
വിവാഹമോചന നടപടിക്രമങ്ങള്‍ക്കിടെ രവി മോഹനു വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ ആര്‍തിയുമായി ഒരു തരത്തിലുള്ള അനുരഞ്ജനത്തിനും താത്പ്പര്യമില്ലെന്നും അവര്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും നിയമപരമായി വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ആര്‍തിയുടെ അനുരഞ്ജനത്തിനുള്ള ഹര്‍ജി തള്ളണമെന്നും രവി മോഹന്‍ ആവശ്യം ഉന്നയിച്ചിരുന്നു.
ആര്‍തിക്കും മാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടന്‍ ഉന്നയിച്ചത്. തന്റെ പണത്തില്‍ മാത്രമായിരുന്നു അവര്‍ക്ക് താത്പ്പര്യമെന്നും കടുത്ത മാനസിക-ശാരിക പീഡനങ്ങളാണ് അനുഭവിച്ചതെന്നും ജീവിതത്തെ പൂര്‍ണമായും നിയന്ത്രിച്ചിരുന്നത് ഭാര്യയും മാതാവുമെന്നായിരുന്നു രവി മോഹന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ ആര്‍തി മൂന്നാമതൊരാളുടെ കടന്നുവരവാണ് വിവാഹബന്ധം തകര്‍ത്തതെന്നാണ് വാദിച്ചത്. അതേസമയം ഭര്‍ത്താവിനെ നിയന്ത്രിച്ചത് വിവാഹബന്ധം തകരാതിരിക്കാനാണെന്നും ആര്‍തി പറയുന്നു.
15 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് ഭാര്യയുമായുള്ള വിവാഹ ബന്ധത്തില്‍ നിന്ന് പിന്മാറുന്നു എന്ന് രവി പ്രഖ്യാപിച്ചത്. ആര്‍തിക്കെതിരെ ജയം രവി പോലീസില്‍ പരാതി നല്‍കി എന്ന വാര്‍ത്തകളാണ് പിന്നാലെ പുറത്തു വന്നത്. ചെന്നൈയിലെ അഡയാര്‍ പോലീസ് സ്റ്റേഷനിലാണ് നടന്‍ ആര്‍തിക്കെതിരെ പരാതി നല്‍കിയത്. ആര്‍തി വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയതായാണ് ജയം രവി ആരോപിച്ചത്. ഇസിആര്‍ റോഡിലെ ആര്‍തിയുടെ വസതിയില്‍ നിന്ന് തന്റെ സാധനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിക്കണമെന്ന് ജയം രവി തന്റെ പരാതിയില്‍ പോലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം, ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്നും പ്രഖ്യാപനത്തില്‍ താന്‍ ഞെട്ടിയെന്നും ആര്‍തി പറഞ്ഞിരുന്നു.