ബോളിവുഡ് താരം ശ്രീദേവി വിട പറഞ്ഞിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. ഫെബ്രുവരി 24 നായിരുന്നു താരം ഈ ലോകത്തോട് വിട പറഞ്ഞത്. ഇന്ത്യന്‍ സിനിമയില്‍ മറക്കാനാവാത്ത മുഖമാണ് നടി ശ്രീദേവിയുടേത്. ദുബായില്‍ ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ശ്രീദേവി ഹോട്ടലിലെ ബാത്ത്‌റൂമില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തികച്ചും അപ്രതീക്ഷിതമായി സംഭവിച്ച മരണം ആരാധകരെ ഞെട്ടിച്ചു. ചരമവാര്‍ഷികത്തിന് മുന്നോടിയായി ഭര്‍ത്താവ് ബോണി കപൂറും ജാന്‍വിയും പങ്കുവെച്ച ചിത്രവും കുറിപ്പും ശ്രദ്ധേയമാവുകയാണ്.
ഞാന്‍ ഇപ്പോഴും നിങ്ങളെ എല്ലായിടത്തും തിരയുകയാണമ്മേ, നിങ്ങള്‍ എന്നെ ചൊല്ലി അഭിമാനിക്കുമെന്ന പ്രതീക്ഷയോടെ എനിക്ക് ചെയ്യാനാവുന്നതെല്ലാം ഞാന്‍ ചെയ്യുന്നു. ഞാന്‍ പോകുന്നിടത്തെല്ലാം , ഞാന്‍ ചെയ്യുന്നതെല്ലാം അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിങ്ങളിലാണ് 'ശ്രീദേവിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ജാന്‍വി കുറിച്ചു.
2018 ല പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വി അഭിനയരംഗത്തേക്കെത്തിയത്. ശ്രീദേവിയുടെ മരണത്തിന് ശേഷം ഏതാനും മാസങ്ങള്‍ക്ക് ശേഷമായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പിന്നീട് ഗുഞ്ചന്‍ സക്സേന, ദി കാര്‍ഗില്‍ ഗേള്‍, റൂഹി, ഗുഡ് ലക്ക് ജെറി, മിലി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ജാന്‍വി അഭിനയിച്ചിട്ടുണ്ട്. നിതേഷ് തിവാരിയുടെ ബവാല്‍ ആണ് ജാന്‍വിയുടെ അടുത്തചിത്രം.
ശ്രീദേവിയുടെ ഒരു പേയ്ന്റിങ്ങാണ് ബോണി കപൂര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'നീ ഞങ്ങളെ വിട്ടുപോയിട്ട് അഞ്ച് വര്‍ഷം പിന്നിടുന്നു. നിന്റെ സ്നേഹവും ഓര്‍മകളുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. അത് എന്നും അങ്ങനെ തന്നെ നിലനില്‍ക്കും'. ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.