ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ നടി നോറ ഫത്തേഹി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തന്നോടുള്ള പക കാരണം നടി അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് നോറയുടെ പരാതി. നടി ജാക്വിലിനും 15 മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ ആണ് നോറയുടെ പരാതി.സുകേഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരുള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിവാദം.
'എന്റെ കരിയറിലെ വളര്‍ച്ച അവര്‍ ഭീഷണിയായി കരുതുന്നു. ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ തന്നോടു മത്സരിക്കാനാകാതെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും ഇതുവഴി തന്റെ അവസരങ്ങള്‍ കുറയ്ക്കാനുമാണ് ജാക്വിലിന്‍ ശ്രമിക്കുന്നത്''. സാമ്പത്തികവും സാമൂഹികവും വ്യക്തിപരവുമായ തകര്‍ച്ച ഉറപ്പാക്കാന്‍ ജാക്വിലിന്‍ ഗൂഢാലോചന നടത്തിയതായി നോറ പരാതിയില്‍ പറയുന്നു.
ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പരാമര്‍ശം വാര്‍ത്തയാക്കി പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നോറ പരാതി നല്‍കിയത്. ജാക്വിലിനും മാദ്ധ്യമങ്ങളും പരസ്പരം ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ ആരോപിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. സുകേഷില്‍നിന്നു സമ്മാനങ്ങള്‍ കൈപ്പറ്റിയ നോറ ഫത്തേഹി ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെ കേസില്‍ സാക്ഷികളാക്കുകയാണു ചെയ്തത്. എന്നാല്‍ തന്നെ മാത്രം പ്രതിയാക്കിയതിനു കാരണം എന്തെന്നായിരുന്നു ജാക്വിലിന്റെ ഫെര്‍ണാണ്ടസിന്റെ ചോദ്യം. ഇതാണു നോറയുടെ പരാതിക്കു കാരണം. കേസില്‍ ഇരുവരെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.
200 കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ സുകേഷ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂടുതല്‍ നടിമാരെ പ്രതിക്കൂട്ടിലാക്കുന്നത്.സുകേഷ് ചന്ദ്രശേഖര്‍ ഏഴ് കോടിയിലധികം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സമ്മാനമായി നല്‍കിയത്. താരത്തിനും കുടുംബാംഗങ്ങള്‍ക്കും അദ്ദേഹം വിലപിടിപ്പുള്ള കാറുകള്‍, വിലകൂടിയ ബാഗുകള്‍, വസ്ത്രങ്ങള്‍, ഷൂകള്‍, വിലകൂടിയ വാച്ചുകള്‍ എന്നിവ സമ്മാനമായി നല്‍കിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിതെന്നും അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. ഇക്കാര്യം ആദ്യം ജാക്വിലിന്‍ നിഷേധിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘം തെളിവ് കാണിച്ചപ്പോഴാണ് അവര്‍ ഭാഗികമായി അംഗീകരിച്ചത്.
മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവീന്ദര്‍ മോഹന്‍ സിങ്ങിന്റെ ഭാര്യ അദിതി സിംഗ് ഉള്‍പ്പെടെയുള്ള ഉന്നത വ്യക്തികളെ വഞ്ചിച്ച കേസിലാണ് സുകേഷ് ചന്ദ്രശേഖര്‍ ജയിലില്‍ കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം എട്ട് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.