തമിഴ് സിനിമ പ്രേമികളുടെ ഫേവറേറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'ആയിരത്തില്‍ ഒരുവന്‍'. കാര്‍ത്തിയെ നായകനാക്കി സെല്‍വരാഘവന്‍ ഒരുക്കിയ ചിത്രം അത്ഭുതപ്പെടുത്തുന്നതായിരുന്നു. മിസ്റ്ററി ത്രില്ലറായി ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജിവി പ്രകാശ് കുമാറായിരുന്നു ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്. തുടര്‍ന്ന് സെല്‍വരാഘവന്റെ തന്നെ 'മയക്കം എന്ന' എന്ന ചിത്രത്തിലും ജിവി പ്രകാശ്കുമാര്‍ സംഗീതം ഒരുക്കി. എന്നാല്‍ ഇതിന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വെള്ളിത്തിരയില്‍ ഒന്നിച്ചിരുന്നില്ല.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുകയാണ്. ജിവി പ്രകാശ് കുമാറും സെല്‍വരാഘവനും തന്നെയാണ് തങ്ങള്‍ ഇരുവരും ഒരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല.
ആയിരത്തില്‍ ഒരുവന്റെ രണ്ടാം ഭാഗത്തിനായിരിക്കുമോ ഇനി ഇരുവരും ഒന്നിക്കുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കാര്‍ത്തി, റീമ സെന്‍, ആന്‍ഡ്രിയ ജെറമിയ, ആര്‍ പാര്‍ത്ഥിപന്‍ എന്നിവരായിരുന്നു ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ധനുഷ് ആയിരുന്നു 'മയക്കം എന്ന' എന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിനെ നായകനാക്കി 2022 ല്‍ റിലീസ് ചെയ്ത നാനെ വരുവേന്‍ എന്ന ചിത്രമാണ് സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം
അതേസമയം ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന് സംഗീതം നല്‍കുന്നതും ജിവി പ്രകാശ് കുമാറാണ്. ധനുഷിനൊപ്പം അരുണ്‍ വിജയ്, അശോക് സെല്‍വന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.