കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ നാലാം വിവാഹ വാര്‍ഷികം. എന്നാൽ ഇപ്പോള്‍ താരങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ ഡോ. സൗമ്യ സരിന്‍ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സത്യത്തില്‍ ഇവിടെ എന്താണ് അസാധാരണമായുള്ളത്? ഒന്നുമില്ല. അസാധാരണമായത് നമ്മുടെ ചിന്ത ആണ്. അസാധാരണമായത് നമ്മുടെ കപടസദാചാര ബോധമാണ്. ആരുടെയൊക്കെയോ നീച ചിന്തകളില്‍ ഉപദ്രവിക്കപ്പെടുന്ന പെണ്‍കുട്ടികളെ ഇരകള്‍ ആക്കുന്ന നമ്മുടെ പൊതുബോധമാണ്. സത്യത്തില്‍ മാനഭംഗം എന്ന വാക്ക് തന്നെ എത്രത്തോളം ടോക്‌സിക് ആണ്! ആരുടെ മാനമാണ് ഭംഗപ്പെടുന്നത്? ആ പെണ്കുട്ടിയുടെയോ? എന്താണ് അതിലെ യുക്തി?! പെണ്ണിന്റെ മാനം ഇരിക്കുന്നത് അവളുടെ രണ്ട് കാലുകള്‍ക്കിടയിലാണോ അതോ ഏതെങ്കിലും ശരീരഭാഗത്താണോ?
മാനം എന്നൊന്നില്ലാത്തതും ഭംഗപ്പെടുന്നതും ഇരയുടേതല്ല. മറിച്ചു വേട്ടക്കാരന്റേതാണ്! പക്ഷെ നമ്മള്‍ ഇരയുടെ മുഖം മറച്ചും പേര് പറയാതെ പറഞ്ഞുമൊക്കെ ആ പെണ്‍കുട്ടികളെ വീണ്ടും വീണ്ടും സമൂഹത്തിന്റെ മുന്‍ധാരയില്‍ നിന്ന് ആട്ടിയകറ്റുന്നു. തനിക്കെന്തോ പറ്റി എന്ന് അവരുടെ ഉപബോധമനസ്സില്‍ എഴുതി പിടിപ്പിക്കുന്നു. ശിഷ്ടകാലം ഈ സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളെ ഭയന്ന് അവര്‍ ആര്‍ക്കോ വേണ്ടി ജീവിച്ചു തീര്‍ക്കുന്നു.
നവീന്‍ മഹത്തായി ഒന്നും ചെയ്തില്ല. അയാള്‍ ചെയ്തതാണ് സാധാരണം. അതാണ് അതിന്റെ ശെരി. ആ ശെരി നമുക്ക് അറിയാത്തത് നമ്മുടെ കുറവ് മാത്രമാണ്! മനസ്സ് കൊണ്ട് ആത്മാര്‍ഥമായി ഇഷ്ടപെട്ട ഒരാളെ അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും ചേര്‍ത്ത് പിടിക്കുക എന്നതാണ് സാധാരണം. അതുകൊണ്ട് തന്നെ അയാള്‍ സാധാരണക്കാരനാണ്. എന്ന് നമുക്ക് ഓരോരുത്തര്‍ക്കും ഇത്തരത്തില്‍ സാധാരണക്കാരാകാന്‍ പറ്റും? മാനഭംഗപ്പെടുന്നത് ഇരയല്ല, വേട്ടക്കാരനാണ് എന്ന് തലയുയര്‍ത്തി പറയാന്‍ പറ്റും?