ശരിക്കും ഒന്നുമില്ലാത്ത അവസ്ഥയെന്ന്‌ കുറിച്ച് സഹായ അഭ്യര്‍ത്ഥനയുമായി വിഷ്ണു വിശാല്‍; പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നു കുറിച്ച് നടി കനിഹ; വീട്ടില്‍ വെള്ളമെത്തിയെന്നു വിശാല്‍;  സഹായം വാഗ്ദാനവുമായി സൂര്യയും കാര്‍ത്തിയും; ചെന്നൈ വെള്ളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കി താരങ്ങള്‍

Malayalilife
 ശരിക്കും ഒന്നുമില്ലാത്ത അവസ്ഥയെന്ന്‌ കുറിച്ച് സഹായ അഭ്യര്‍ത്ഥനയുമായി വിഷ്ണു വിശാല്‍; പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നു  കുറിച്ച് നടി കനിഹ; വീട്ടില്‍  വെള്ളമെത്തിയെന്നു വിശാല്‍;  സഹായം വാഗ്ദാനവുമായി സൂര്യയും കാര്‍ത്തിയും; ചെന്നൈ വെള്ളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കി താരങ്ങള്‍

ചെന്നൈ വെളളപ്പൊക്കത്തിന്റെ ഭീകരാവസ്ഥ വെളിപ്പെടുത്തി നിരവധി താരങ്ങളാണ് രംഗത്തെത്തുന്നത്. പലരും തങ്ങളുടെ വീടുകളില്‍ എത്തിയ വെള്ളത്തിന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്ക് വക്കുന്നത്. നടന്‍ വിഷ്ണു വിശാ. തന്റെ വീട്ടിനുളളിലേക്കും വെളളം കയറുന്ന അവസ്ഥയാണെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും ട്വീറ്റ് ചെയ്തു. വീടിനുളളില്‍ നിന്നുളള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. വീടിനു ചുറ്റും വെളളം പൊങ്ങിയ അവസ്ഥയിലാണുളളത്

വെളളം വീടിനുളളിലേക്ക് കയറിത്തുടങ്ങി. കരപ്പക്കത്ത് ജലനലരപ്പും ഉയരുന്നുണ്ട്. സഹായത്തിനായി ഞാന്‍ ആളുകളെ വിളിച്ചിട്ടുണ്ട്. വൈദ്യുതിയോ വൈഫൈയോ ഇല്ല, ഫോണിനു സിഗ്‌നലും ലഭിക്കുന്നില്ല. ശരിക്കും ഒന്നുമില്ലാത്ത അവസ്ഥ. വീടിനു ടെറസിനു മുകളില്‍ മാത്രമാണ് ഫോണിനു സിഗ്‌നല്‍ ലഭിക്കുന്നത്. ഞാനുള്‍പ്പെടെയുളളവര്‍ക്ക് സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈയിലുളള ആളുകളുടെ അവസ്ഥ എന്താണെന്ന് ചിന്തിച്ചു പോവുകയാണ്- വിഷ്ണു വിശാല്‍ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. 

അതിശക്തമായ മഴയിലും വെളളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണ് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുളള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. 

പുറത്തിറങ്ങാന്‍ നിവൃത്തിയില്ലെന്നും ഇവിടെനിന്നു രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂ എന്നും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി പറയുന്നു. അതിശക്തമായ മഴുടെയും കാറ്റിന്റെയും ദൃശ്യങ്ങള്‍ കനിഹ ഇന്നലെയും പങ്കുവെച്ചിരുന്നു. 

ചെന്നൈ കോര്‍പറേഷനില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമെന്ന് നടന്‍ വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചു.താന്‍ ഇപ്പോഴുള്ള അണ്ണാ നഗറിലെ വീട്ടിലും വെള്ളം കയറിയെന്നും അതിലും താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ സങ്കല്‍പിക്കാവുന്നതേയുള്ളൂവെന്നും വിശാല്‍ പറയുന്നു.
'ഞാന്‍ അണ്ണാ നഗറിലാണ് ഇപ്പോഴുള്ളത്. എന്റെ വീട്ടില്‍ ഒരടി പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. അണ്ണാ നഗറില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കുറേക്കൂടി താഴ്ന്ന പ്രദേശങ്ങളിലെ അവസ്ഥ ആലോചിച്ചുനോക്കൂ. ഇത് ഒരു നടന്‍ എന്ന നിലയില്‍ പറയുന്നതല്ല, ഒരു വോട്ടര്‍ എന്ന നിലയില്‍ പറയുന്നതാണ്. 

വീടുകളില്‍ കുട്ടികളും പ്രായമായവരും ഭയത്തിലാണ് കഴിയുന്നത്. ഇത് രാഷ്ട്രീയമായോ മറ്റേതെങ്കിലും തരത്തിലോ ആര്‍ക്കെങ്കിലുമെതിരെ പറയുന്നതല്ല. വെള്ളപ്പൊക്കം എന്ന പ്രശ്‌നത്തെക്കുറിച്ചാണ് പറയുന്നത്. എന്തിന് ടാക്‌സ് അടയ്ക്കണമെന്ന് ജനത്തെക്കൊണ്ട് ചോദിപ്പിക്കരുത്... ' വിശാല്‍ പറഞ്ഞവസാനിപ്പിക്കുന്നു.

തന്റെ അമര്‍ഷം വരികളിലൂടെയും വിശാല്‍ കുടിക്കുന്നുണ്ട്. 'പ്രിയപ്പെട്ട ചെന്നൈ മേയര്‍ പ്രിയ രാജനും ചെന്നൈ കോര്‍പറേഷന്റെ മറ്റെല്ലാ ഉദ്യോഗസ്ഥരും അറിയാന്‍. നിങ്ങളെല്ലാവരും നിങ്ങളുടെ കുടുംബങ്ങളോടൊപ്പം സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിലേക്ക് അഴുക്കുവെള്ളം കയറിയിട്ടില്ലെന്നും ഭക്ഷണത്തിനും വൈദ്യുതിക്കും തടസങ്ങള്‍ ഇല്ലെന്നും പ്രതീക്ഷിക്കുന്നു. ഒരു വോട്ടര്‍ എന്ന നിലയില്‍ അന്വേഷിച്ചതാണ്. കാരണം നിങ്ങള്‍ ജീവിക്കുന്ന അതേ നഗരത്തിലുള്ള പൗരന്മാരുടെ സ്ഥിതി വ്യത്യസ്തമാണ്. 

വെള്ളപ്പൊക്ക സമയത്ത് സഹായകരമാവേണ്ടിയിരുന്ന ആ പ്രോജക്റ്റ് ചെന്നൈക്കുവേണ്ടിത്തന്നെയാണോ നടപ്പാക്കിയത്, അതോ സിംഗപ്പൂരിന് വേണ്ടിയോ? 2015 ല്‍ രക്ഷാപ്രവര്‍ത്തനവുമായി ഞങ്ങളെല്ലാം തെരുവില്‍ ഇറങ്ങിയിരുന്നു. എട്ട് വര്‍ഷത്തിനിപ്പുറം അതിലും മോശം അവസ്ഥ കാണുന്നത് എത്ര ഖേദകരമാണ്. ഇത്തവണയും ഭക്ഷണവും വെള്ളവുമായി ഞങ്ങള്‍ ഇറങ്ങും. പക്ഷേ ഇക്കുറി എല്ലാ മണ്ഡലങ്ങളിലെയും എംഎല്‍എമാരെ രക്ഷാപ്രവര്‍ത്തന രംഗത്ത് സജീവമായി കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഇത് എഴുതുമ്പോള്‍ ലജ്ജ കൊണ്ട് എന്റെ തല കുനിയുന്നുണ്ട്. ഒരു അത്ഭുതമൊന്നും പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് പൗരന്മാരോടുള്ള നിങ്ങളുടെ ഉത്തരവാദിത്തമാണ്. ദൈവം രക്ഷിക്കട്ടെ...'  വിശാല്‍ എക്സില്‍ കുറിച്ചു.

ഇതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടം എന്ന നിലയിലാണ് ഇപ്പോള്‍ ഇത്രയും തുക പ്രഖ്യാപിച്ചത്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ തുക പ്രഖ്യാപിച്ചത്.

Celebrities Suffered from Chennai Flood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES