Latest News

ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്;എത്ര അഴകോടെയാണ് ചേട്ടച്ഛനിലൂടെ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്; കുറിപ്പ് വൈറൽ

Malayalilife
 ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്;എത്ര അഴകോടെയാണ് ചേട്ടച്ഛനിലൂടെ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്; കുറിപ്പ് വൈറൽ

ലയാള സിനിമ പ്രേമികളുടെ പ്രിയ സിനിമകളിൽ ഒന്നാണ് പവിത്രം. 1994 ൽ ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്.മോഹൻലാൽ ചിത്രത്തിൽ  സഹേദരിയ്ക്ക് വേണ്ട സ്വന്തം ജീവിതം മറ്റിവെച്ച സഹോദരനെയാണ്  അവതരിപ്പിക്കുന്നത്.  പവിത്രത്തിലെ ഉണ്ണികൃഷ്ണൻ മോഹൻലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. തിലകൻ, നെടുമുടിവേണു , ശ്രീനിവാസൻ, ശോഭന, നരേന്ദ്ര പ്രസാദ്, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഇപ്പോൾ സിനിമയെ കുറിച്ച്വന്ന ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

നമുക്ക് നഷ്ടപ്പെട്ടുപോയ മോഹന്‍ലാലിനെയാണ് പവിത്രം ഓര്‍മ്മിപ്പിക്കുന്നതെന്നാണ് ആരാധകൻ പറയുന്നത്.ചേട്ടച്ഛന്റെ 'പവിത്ര'മായ സ്നേഹത്തിന് ഇന്ന് 27 വയസ്'പി.ബാലചന്ദ്രൻ- രാജീവ് കുമാർ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന'പവിത്രം' എന്ന മികച്ച സിനിമ റിലീസായിട്ട് ഇന്നേക്ക് (ഫെബ്രുവരി 4) 27 വർഷങ്ങൾ...അതെ,ചേട്ടച്ഛന്റെ സ്നേഹവും വാൽസല്യവും മലയാള സിനിമ പ്രേക്ഷകർ അനുഭവിച്ചിട്ട്, ചേട്ടച്ഛൻ പ്രേക്ഷകരുടെ ഒരു നൊമ്പരമായിട്ട് ഇന്നേക്ക് 27 വർഷങ്ങൾ... എന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ചിത്രത്തിനെ കുറിച്ച് പറയുന്നത്. പവിത്രം, പേര് പോലെ തന്നെ സുന്ദരമാണ്, നിഷ്കളങ്കമാണ് ആ സിനിമയിലെ മുഖ്യ കഥാപാത്രമായ ഉണ്ണികൃഷ്ണനും മറ്റു പ്രധാന കഥാപാത്രങ്ങളും...പരസ്പരം സ്നേഹം കൊണ്ട് വരിഞ്ഞ് മുറുകപ്പെട്ടവർ...

സ്വന്തം അമ്മ ഗർഭണിയാണെന്ന് അറിയുമ്പോൾ വളരെയധികം സന്തോഷിക്കുന്ന, അമ്മയെ ശുശ്രുഷിക്കുന്ന, അമ്മയുടെ മരണത്തോട് കൂടി, അച്ഛൻ നാട് വിട്ട് പോയതോട് കൂടി കുഞ്ഞനിയത്തിയുടെ പൂർണ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്ന, കുഞ്ഞനിയത്തിയെ പൊന്ന് പോലെ വളർത്താൻ വേണ്ടി പ്രണയിച്ച പെണ്ണിനെ ഉപേക്ഷിക്കുന്ന, അനിയത്തിക്കുട്ടി വളർന്നപ്പോൾ തന്നിൽ നിന്ന് അകലുന്നത് നിസ്സഹായതയോടെ നോക്കി നില്ക്കേണ്ടി വന്ന, പണ്ട് പ്രണയിച്ച് ഉപേക്ഷിച്ച പെണ്ണിനെ വീണ്ടും ജീവിതത്തിലേക്ക് ക്ഷണിക്കുന്ന, അവസാനം കുഞ്ഞനിയത്തിയെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ മനസിന്റെ സമനില തെറ്റിയ ഉണ്ണികൃഷ്ണന്റെ കഥ അതിമനോഹരമായിട്ടാണ്, ഹൃദയസ്പർശിയായിട്ടാണ് പി.ബാലചന്ദ്രനും രാജീവ് കുമാറും കൂടി അവതരിപ്പിച്ചിരിക്കുന്നത്...

മോഹൻലാൽ എന്ന നടന്റെ അഭിനയമികവ് തന്നെയാണ് പവിത്രം എന്ന സിനിമയുടെ മുഖ്യ ആകർഷണം...ഒരേ സമയം അച്ഛന്റെയും ചേട്ടന്റെയും സ്നേഹവും കരുതലും ലാളനയും വേദനയും ഒക്കെ എത്ര സൂക്ഷ്മതയോടെയാണ്, എത്ര അഴകോടെയാണ് ചേട്ടച്ഛനിലൂടെ മോഹൻലാൽ പകർന്നാടിയിരിക്കുന്നത്.... മോഹൻലാലിന് ഒപ്പം തന്നെ പവിത്രത്തിലെ മറ്റു നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു...അതിൽ എടുത്ത് പറയേണ്ടത് പുഞ്ചിരി ചേച്ചിയെ അവതരിപ്പിച്ച KPAC ലളിതയുടെ പ്രകടനമാണ്...അങ്ങേയറ്റം ഭാവശുദ്ധിയോടെയാണ് പുഞ്ചിരി ചേച്ചി എന്ന നിഷ്കളങ്കയായ സ്ത്രീയെ KPAC ലളിത അവതരിപ്പിച്ചിരിക്കുന്നത്... മോഹൻലാലിനൊപ്പം ഉള്ള KPAC ലളിതയുടെ ഏറ്റവും മികച്ച പ്രകടനവും മുഴുനീള കഥാപാത്രവും പവിത്രത്തിലേതായിരിക്കാം...

മോഹൻലാലിന്റെ അതിഗംഭീര അഭിനയ പ്രകടനം കണ്ട മനസ് നിറയണമെങ്കിൽ, തെല്ല് നൊമ്പരത്തോടെ കണ്ണ് നിറയണമെങ്കിൽ, സ്നേഹിക്കാൻ, സ്നേഹിക്കപ്പെടാൻ കഴിയുന്നത് എത്ര വലിയ ഭാഗ്യമാണെന്ന് ഒരിക്കൽ കൂടി മനസിലാകണമെങ്കിൽ പവിത്രം ഇടയ്ക്കിടെ ഒന്ന് കണ്ടാൽ മതി...താളവട്ടം, പാദമുദ്ര, കിരീടം, ദശരഥം, വരവേൽപ്പ്, ഭരതം, സദയം, ചെങ്കോൽ, ഇരുവർ, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ അതിസുന്ദരമായ മോഹൻലാൽ പെർഫോമൻസുകളുടെ ഒപ്പം തന്നെ ചേർത്ത് വെയ്ക്കാവുന്ന പെർഫോമൻസ് തന്നെയാണ് പവിത്രത്തിലേതും... പവിത്രത്തിൽ ഒരു രംഗമുണ്ട്, മീനാക്ഷി എക്സ്കർഷന് പോകാൻ ചേട്ടച്ഛനോട് സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടാതെ പിണങ്ങി പോകുന്നതും, അതിന് ശേഷം മീനാക്ഷിയുടെ തലയിൽ എണ്ണ പുരട്ടാനായി ചേട്ടച്ഛൻ വന്ന് മീനാക്ഷിയുടെ പിറകിൽ ഇരിക്കുന്നതുമായ രംഗം.‘അച്ഛനൊരു പഴഞ്ചൻ മട്ടുക്കാരനല്ലയൊ, ഈ എകസ്കർഷന്റെയും കുന്തത്തിന്റെയും കാര്യം പറഞ്ഞാൽ അവിടെ പിടിക്കത്തില്ല, അപ്പൊ വായിൽ തോന്നിയതൊക്കെ പറയും' എന്നും പറഞ്ഞ് പാത്രത്തിൽ നിന്നും കൈകളിലേയ്ക്ക് എണ്ണ പകർത്തി മീനാക്ഷിയുടെ മുടിയിഴകളിൽ എണ്ണ മെല്ലെ തേയ്ക്കുമ്പോൾ അവൾ നീരസം പ്രകടിപ്പിക്കുന്നതും അപ്പൊൾ ‘ഈ എണ്ണ പുരട്ടി തരുന്നത് അച്ഛനല്ല, ചേട്ടനാ' എന്ന് ചേട്ടച്ഛൻ പറഞ്ഞിട്ടും പിണക്കം മാറാതെ, എണ്ണ പുരട്ടാൻ സമ്മതിക്കാതെ ഇരിക്കുന്ന മീനാക്ഷിയോട് വീണ്ടും ‘അച്ഛൻ അറിയാതെ നിന്നെ ഞാൻ എല്ലായിടവും കൊണ്ട് പോയി കാണിച്ച് തരാം' എന്ന് പറഞ്ഞ് മീനാക്ഷിയുടെ തലയിൽ കൈ വെച്ച് സത്യം ചെയ്ത് പതിയെ മുടിയിൽ എണ്ണ പുരട്ടുന്നതും ചേട്ടത്തിയുടെ കാര്യം പറയുമ്പോൾ വീണ്ടും മീനാക്ഷിയോട് ദേഷ്യപ്പെട്ടിട്ട് ഉടനെ ‘അച്ഛൻ" എന്ന് ചേട്ടച്ഛൻ പറയുന്ന രംഗം..

ഈ രംഗത്തിൽ സംഭാഷണങ്ങളോടൊപ്പം തന്നെ വളരെ സ്വഭാവികമായ ഒഴുക്കോടെയാണ് മോഹൻലാലിന്റെ കൈകൾ ചലിക്കുന്നത്...മോഹൻലാൽ എന്ന നടനോളം ഇത്രമേൽ അനായാസമായി അഭിനയിക്കാൻ അറിയാവുന്ന വേറെ ഒരു നടനുമില്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ട് പറയാവുന്ന രംഗം...ഒരു രംഗം പൂർണതയിൽ എത്തിക്കുന്നതിൽ മുഖഭാവങ്ങൾക്കും സംഭാഷണങ്ങൾക്കും ഒപ്പം തന്നെ നടീനടന്മാരുടെ ശരീരഭാഷയ്ക്കും ഒരു മുഖ്യ പങ്ക് ഉണ്ട്, അതിൽ മോഹൻലാൽ എന്ന നടന് ഒരു പ്രത്യേക വൈഭവം ഉണ്ട്, ആ ശൈലിക്ക് വല്ലാത്തൊരു ആകർഷണീയതയുമാണ്.
 

Anote goes viral about pavithram movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES