സൂരി, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ പി എസ് വിനോദ് രാജ് ഒരുക്കുന്ന 'കൊട്ടുകാളി റൊമാനിയയിലെ ട്രാന്‍സില്‍ വാനിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തില്‍ മാറ്റുുരച്ചു. ചിത്രം പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കിയതിന്റെ ആഹ്‌ളാദം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത് അന്ന ബെന്നാണ്.
മനോഹരമായ കഥാപാത്രത്തെ ലഭിച്ചതിന്റെ സന്തോഷവും അന്നയുടെ വാക്കുകളില്‍ നിറയുന്നു. സംവിധായകന്‍ പി.എസ് വിനോദ് രാജ്, കോ പ്രൊഡ്യൂസര്‍ കലൈ അരസ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് അന്ന പങ്കുവച്ചത്. അന്ന ബെന്നിന്റെ തമിഴ് അരങ്ങേറ്റമായ കൊട്ടുകാളിയില്‍ സൂരി ആണ് നായകന്‍.
പി.എസ്. വിനോദ് രാജ് സംവിധാനം ചെയ്ത കൊട്ടുകാളി എഴുപത്തിനാലാമത് ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇടംപിടിച്ച രണ്ട് ഇന്ത്യന്‍ സിനിമകളില്‍ ഒന്നാണ്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലിലായിരുന്നു പ്രീമിയര്‍. 2022 ല്‍ ഓസ്‌കാര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ കൂഴങ്കല്ല് ഒരുക്കിയ സംവിധായകനാണ് പി.എസ്. വിനോദ് രാജ്. നടന്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളിയുടെ നിര്‍മ്മാതാവ്.
സിനിമയില്‍ വേറിട്ട ഗെറ്റപ്പിലാണ് അന്ന ബെന്‍ എത്തുന്നത്.ഇന്ന് തിയേറ്ററില്‍ എത്തുന്ന കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലൂടെ അന്ന തെലുങ്ക് അരങ്ങേറ്റം നടത്തുകയാണ്.