നടൻ ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമയുടെ വേർപാട് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവി കൂടിയായിരുന്നു അന്തരിച്ച രമ. ഫോറൻസിക് രംഗത്ത് കേരളത്തിലെ പ്രമാദമായ പല കേസുകളിലും രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു.എന്നാൽ ഇപ്പോൾ വര്‍ഷങ്ങളായി തന്റെ കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് ജഗദീഷും ഭാര്യ രമയുമെന്ന് പറയുകയാണ് നടി മേനക സുരേഷ്. ഈ വിടവാങ്ങല്‍ വളരെ പെട്ടെന്നായിരുന്നു എന്നും നടി പറയുന്നു.
ഞങ്ങള്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ ജഗദീഷേട്ടനും ഒരു ഫ്‌ലാറ്റുണ്ട്. അവിടെ അദ്ദേഹത്തിന്റെ ഇളയ മകള്‍ താമസിക്കുകയാണ്. ജഗദീഷേട്ടനും ഡോക്ടര്‍ രമയും അവിടെ ഇടയ്ക്കിടെ വരുമ്പോള്‍ ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. സുഖമില്ലാതെ ആയതിനു ശേഷം ജഗദീഷേട്ടനും മക്കളും രമയെ താങ്ങിപ്പിടിച്ചു കൊണ്ടുവരുമായിരുന്നു. പൊന്നുപോലെയാണ് ജഗദീഷേട്ടനും മക്കളും രമയെ കൊണ്ടുനടന്നത്. അടുത്തിടെ വരുമ്പോള്‍ ഞാന്‍ അധികം സംസാരിക്കാന്‍ നില്‍ക്കാറില്ല കാരണം സുഖമില്ലാതെ ഇരിക്കുകയല്ലേ. ജഗദീഷേട്ടനാണെങ്കിലും പെട്ടന്നു വന്ന്, ഓക്കേ മേനക ശരി പോകട്ടെ എന്നുപറഞ്ഞു പോകും.
<കഴിഞ്ഞ വര്‍ഷം വരെ രമ പതുക്കെ കുറച്ചു നടക്കുമായിരുന്നു. അതിനു ശേഷം അവസ്ഥ കുറച്ചു മോശമായി കിടപ്പായിപ്പോയിരുന്നു. എങ്കിലും ഇത്രപെട്ടെന്നൊരു വിയോഗം പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നാണ് രമ കടന്നുപോകുന്നത്. അതില്‍ വലിയ ദുഃഖമുണ്ട്. ജഗദീഷേട്ടന്‍ വളരെ പ്രാക്ടിക്കലായ ഒരു മനുഷ്യനാണ്. ജഗദീഷേട്ടനും മക്കള്‍ സൗമ്യക്കും രമ്യക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ലഭിക്കട്ടെ. ഡോക്ടര്‍ രമയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും മേനക പറഞ്ഞു.