മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് കെപിഎസി ലളിത. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വയ്ച്ചത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. മലയാള സിനിമയലിൽ ഇപ്പോൾ അമ്മ വേഷങ്ങളിലൂടെ മുന്നേറുകയാണ് താരം. നിലവിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. എന്നാൽ ഇപ്പോൾ ഭരതൻ മരിച്ച ശേഷം ജീവിതം കരുപിടിപ്പിക്കാനും മക്കളുടെ പഠനവും ജീവിത ചെലവ് മുമ്പോട്ട് കൊണ്ടുപോകാൻ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചും ലളിത പറഞ്ഞ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നു, വാക്കുകളിങ്ങനെ,
എല്ലാത്തരത്തിലും സന്തോഷത്തേക്കാൾ ഏറെ ജീവിതത്തിൽ ദുഖമാണ് ഉണ്ടായിട്ടുള്ളത്. ജീവിതത്തിന്റെ 25 ശതമാനം മാത്രമാണ് സന്തോഷം നിറഞ്ഞതായി ഉണ്ടായിരുന്നത്. ഓർമവെച്ച കാലം മുതൽ എപ്പോഴും കൂടെയുണ്ടായിരുന്നത് ദുഖം മാത്രമായിരുന്നു. വലിയവനെ മല പോലെ വളർത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതൽ ഇഷ്ടമാണ്. ഞാൻ കരയുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം. ഞാൻ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ.
എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളൂ. എനിക്ക് വേദന കൂടുതൽ കൂടുതൽ തരാനാണ് ഞാൻ ഭഗവാനോട് പറയുക. വീട്ടിൽ എന്നെ പത്ത് ദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഭഗവാൻ ഇരുത്താറില്ല. നമ്മൾ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാൻ സിദ്ധാർഥ് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ചാർലിയിൽ രണ്ട് ദിവസം പോയി അഭിനയിച്ചു. കാര്യങ്ങൾ നടക്കണ്ടേ. ഭർത്താവിന്റെ മരണ ശേഷം ഞാൻ ആകെ ബ്ലാങ്കായി പോയി. എന്റെ മക്കൾ ആ സമയം വല്ലാതെ പേടിച്ച് പോയി. സ്ഥലം വിൽക്കാനായി തീരുമാനിച്ച ശേഷം അതിന്റെ അഡ്വാൻസ് വാങ്ങിയാണ് അന്ന് ഞങ്ങൾ ചിലവ് നടത്തികൊണ്ടിരുന്നത്. സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ ആകില്ല എന്ന തോന്നൽ ആയിരുന്നു. എങ്കിലും ആളുകളുടെ നിർബന്ധം കൊണ്ടാണ് ഞാൻ അഭിനയിക്കാൻ പോയത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോൾ തലക്ക് പെരുപ്പാണ്.