മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നാടക, ചലചിത്ര, മിനിസ്‌ക്രീന്‍ നടനാണ് ഹരീഷ് പേരടി. സിബി മലയില്‍ സംവിധാനം ചെയ്ത ആയിരത്തിലൊരുവന്‍ എന്ന ചിത്രത്തിലൂടെയാണ് താരം വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഓരോ വിഷയങ്ങളിലും തന്റേതായ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ തിയേറ്റര്‍ ഉടമകളോട് പുതിയ ആശയം പങ്കുവെച്ച് നടന്‍ ഹരീഷ് പേരടി. ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് തിയേറ്റര്‍ വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോയെന്ന് ഹരീഷ് പേരടി ഉടമകളോട് ചോദിച്ചു.
ഹരീഷിന്റെ കുറിപ്പിലൂടെ ...
മലയാള സിനിമകൾ തിയേറ്ററിൽ കാണാൻ ആളില്ല എന്ന വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റർ ഉടമകളോട് ഒരു ചോദ്യം ...ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തിയേറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോ...തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവർത്തനങ്ങൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് ഒരു സമാധാനമുണ്ടാവും...നാടകക്കാർ റെഡിയാണ്...നിങ്ങൾ റെഡിയാണോ..സർക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ്
...ടിക്കറ്റ് എടുത്ത് ആളുകൾ നാടകം കാണാൻ തുടങ്ങിയാൽ നാടകക്കാരും നികുതിദായകരായി മാറും...ഏത് സർക്കാറും പിന്നാലെ വന്നോളും...അത് അപ്പോൾ ആലോചിക്കാം...ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയിൽ നിന്ന് തന്നെ തുടങ്ങാം...നാടകവും റെഡിയാണ്...ശാന്തന്റെ "ഭൂപടം മാറ്റി വരക്കുമ്പോൾ" റഫീക്കിന്റെ സംവിധാനത്തിൽ കോഴിക്കോട്ടെ നാടകക്കാർ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും...ധൈര്യമുള്ള തിയേറ്റർ ഉടമകൾ മറുപടി തരിക ... നാളെയെങ്കിൽ നാളെ..ഞങ്ങൾ റെഡിയാണ്...