Latest News

നിന്നെ ഞാന്‍ കൊണ്ടു വന്നത് എനിക്കും മക്കള്‍ക്കും സുഭിക്ഷമായി വച്ചുണ്ടാക്കി തരാന്‍ വേണ്ടി മാത്രമാണ് എന്നല്ല പറയേണ്ടത്; കുറിപ്പ് വൈറൽ

Malayalilife
നിന്നെ ഞാന്‍ കൊണ്ടു വന്നത് എനിക്കും മക്കള്‍ക്കും സുഭിക്ഷമായി വച്ചുണ്ടാക്കി തരാന്‍ വേണ്ടി മാത്രമാണ്  എന്നല്ല പറയേണ്ടത്;  കുറിപ്പ്  വൈറൽ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ആനിയും വിധുബാലയും. ഇരുവരും അനീസ് കിച്ചണിൽ നടത്തിയ സംഭാഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 
പെണ്ണായാല്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നാണ് വിധുബാല പറയുന്നത്. ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമയെന്നാണ് ആനിയുടെ  തിരികെ ഉള്ള പ്രതികരണവും. എന്നാൽ ഇപ്പോൾ ഇതിനെല്ലാം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുനിജ ജി സൗപര്‍ണിക. സുനിജ തന്റെ പ്രതികരണം നടത്തിയിരിക്കുന്നത് മൂവി സ്ട്രീറ്റ് ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്.

സുനിജയുടെ കുറിപ്പിലൂടെ...

പണ്ടും പെണ്‍പക്ഷികള്‍ക്ക് ചിറകുകള്‍ ഉണ്ടായിരുന്നു.അന്നും അവയുടെ കൂടിന് പുറത്ത് ആണ്‍പക്ഷികള്‍ പറന്നു നടന്നിരുന്ന അതേ ലോകമുണ്ടായിരുന്നു.പക്ഷേ,തങ്ങള്‍ക്കും ചിറകുകള്‍ ഉണ്ടെന്നും കൂടിന് പുറത്തൊരു ലോകം തങ്ങള്‍ക്കുമുണ്ടെന്നും അറിയാതെ പോയ ഒരു പറ്റം അമ്മപക്ഷികള്‍ എങ്ങനെയാണ് തന്റെ പെണ്‍പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് ചിറകു നീര്‍ത്തി പറക്കാന്‍ പറഞ്ഞു കൊടുക്കുന്നത്?തങ്ങളുടെതല്ലെന്നു പറഞ്ഞു പഠിപ്പിച്ചതെല്ലാം തങ്ങള്‍ക്കും രുചിച്ചു നോക്കാമെന്നും പറഞ്ഞു കൊടുക്കുന്നത്?എങ്കിലും,നാലുപാടും വെളിച്ചം വീശിത്തുടങ്ങുമ്പോള്‍ പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് സ്വയം കണ്ണുതുറന്നു നോക്കാം. ചിറകുകള്‍ വിരിച്ചു നോക്കാം. ചുരുങ്ങിയത്, ചിറകു വിരിയ്ക്കുന്ന മറ്റു പെണ്‍പക്ഷികളെ അഭിനന്ദിക്കുകയെങ്കിലും ആവാം.ചിറകൊതുക്കി കൊക്കൊതുക്കി ഇരിക്കുന്നത് കേമമാണെന്ന് നടിക്കാതെ എങ്കിലും ഇരിയ്ക്കാം.

തലമുറകളൊക്കെ കുറെ മുന്‍പോട്ടു പോയിരിക്കുന്നു.കാലവും.ഇന്നത്തെ കാലത്തെ അമ്മപക്ഷികള്‍ ഉപദേശമൊക്കെ പൊതുവെ ഉപേക്ഷിച്ച മട്ടാണ്.ഇനി അഥവാ പറയുന്നെങ്കില്‍ തന്നെ മക്കളോട് തോളുരുമ്മി ചിറകുരുമ്മി നിന്നേ പറയാന്‍ വഴിയുള്ളൂ.ആണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും വെവ്വേറെ പാത്രങ്ങളും നല്‍കാന്‍ വഴിയില്ല.കഴിച്ച പാത്രം,ഇട്ട ഉടുപ്പ്(അടിയുടുപ്പ് അടക്കം),ഇരിക്കുന്ന ഇടം(ടോയ്‌ലറ്റ് അടക്കം)തുടങ്ങിയവയെല്ലാം വൃത്തിയാക്കാനുള്ള ഉത്തരവാദിത്തം വൃത്തികേടാക്കുന്ന (ശാരീരികക്ഷമതയുള്ള)അതേയാള്‍ക്ക് തന്നെയാണെന്നേ പറഞ്ഞു കൊടുക്കുകയുള്ളൂ.

ആണ്‍കുഞ്ഞുങ്ങളോട് പറഞ്ഞു കൊടുക്കുന്നത്,കൈപിടിച്ച് ജീവിതത്തിലേക്ക് കൂടെ കൂട്ടുന്നയാള്‍ക്ക് താമസിക്കുന്ന വീട്ടിലെ അടുക്കള മാത്രമല്ല പരിചയപ്പെടുത്തേണ്ടത്.പുതിയ സേവനാഴിയും നിറച്ചു വച്ച ഗ്യാസ് സിലിണ്ടറും മാത്രമല്ല സമ്മാനം നല്‍കേണ്ടത്. ;നിന്നെ ഞാന്‍ കൊണ്ടു വന്നത് എനിക്കും മക്കള്‍ക്കും സുഭിക്ഷമായി വച്ചുണ്ടാക്കി തരാന്‍ വേണ്ടി മാത്രമാണ്എന്നല്ല പറയേണ്ടത്.മുകളിലൊരു ബാല്‍ക്കണിയുണ്ടെന്നും അവിടെയിരുന്നാല്‍ അസ്തമയം കാണാമെന്നും നൃത്തം ചെയ്യാന്‍ ഇവിടൊരു മുറ്റമുണ്ടെന്നും വായിക്കാന്‍ ഒരു കുന്നു പുസ്തകമുണ്ടെന്നും വരയ്ക്കാന്‍ ചുവരുകളുണ്ടെന്നും അലസമായി കാലുയര്‍ത്തി വച്ചിരുന്ന് സിനിമ കാണാനൊരു സോഫയുണ്ടെന്നും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനൊരു തീന്മേശയുണ്ടെന്നും ഒന്നും മിണ്ടാതെ വെറുതെ ഇരിക്കാന്‍ ഒരു ജനലോരമുണ്ടെന്നും പഠിക്കാന്‍, ജോലി ചെയ്യാന്‍, ഉയരങ്ങളിലേക്ക് പറക്കാന്‍ വേണ്ടതെന്തും ഇവിടുണ്ടെന്നും പറയണം എന്നായിരിക്കും.

പെണ്‍കുഞ്ഞുങ്ങളോട് പറയുന്നത്,തന്റെയിടങ്ങള്‍ തേടുക…കറിയിലെ കഷ്ണങ്ങളും തിരയുക,ജീവിതത്തിന്റെ സത്തും…മറ്റൊരാള്‍ക്കൊപ്പമുള്ള ജീവിതത്തില്‍ തന്റെ പങ്കു തിരിച്ചറിയുക..പങ്കു വെയ്ക്കുക അറപ്പുണ്ടാവുക, പിന്തിരിപ്പന്‍ ആശയങ്ങളോട്…എന്നൊക്കെ തന്നെയായിരിക്കും.Tried and proved recipes ആണെങ്കിലും എന്നും എക്കാലത്തും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല.പഴകിയ ആശയങ്ങളോട് മക്കള്‍ ഇനി കലഹിച്ചു തന്നെ വളരട്ടെ.

Actress vidhubala and annie program response

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES