മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. മസിലളിയന്‍ എന്ന് വിളിപേരുള്ള ഉണ്ണി മുകുന്ദന് ആരാധകരും ഏറെയാണ്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് ചുവട് വച്ചത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് എന്നീ സിനിമകളിലും അഭിനയിച്ചു. എന്നാൽ ഇപ്പോൾ മേപ്പടിയാനിലേക്കുള്ള തന്റെ യാത്ര വിവരിച്ച് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മേപ്പടിയാന് വേണ്ടി നടത്തിയ മെയ്‌ക്കോവർ വെറുമൊരു ഡയറ്റിംഗ് ചലഞ്ച് മാത്രമായിരുന്നില്ല തനിക്കെന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. മേപ്പടിയാന് വേണ്ടി ശരീര ഭാരം കൂട്ടുകയും പിന്നീട് അത് കുറയ്‌ക്കുകയും ചെയ്ത വീഡിയോ പങ്കുവെച്ചാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
ജീവിതം തന്നെ പഠിപ്പിച്ചത് ആളുകളെ ഒരിക്കലും വിലയിരുത്തരുതെന്ന പാഠമാണെന്ന് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ഒരു ജിമ്മന് ഇതിനൊന്നും സാധിക്കില്ലെന്ന ചിലർ കരുതിയതിനാൽ നിരവധി നല്ല സിനിമകളും വേഷങ്ങളും നഷ്ടമായിട്ടുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കുന്നു മേപ്പടിയാൻ. ഉറച്ച ലക്ഷ്യത്തോടുകൂടിയുള്ള ഏതൊരു പ്രയത്‌നത്തിനും എല്ലായ്‌പ്പോഴും പ്രതിഫലം ലഭിക്കുമെന്ന് ഈ വിജയം മനസിലാക്കി തരുന്നു.
ഒരു വ്യക്തിയേയും സ്വന്തം താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. കാരണം ആർക്കും മറ്റുള്ളവരുടെ താത്പര്യത്തിനനുസരിച്ച് ജീവിക്കാനാകില്ല. എല്ലാവരേയും അവരുടെ ഇഷ്ടത്തിന് വിടുക, കാരണം അവരിൽ നിന്നും ചില മാജിക്ക് കാണാൻ സാധിക്കും ഉണ്ണി മുകുന്ദൻ കുറിച്ചു. ഉണ്ണി മുകുന്ദൻ എന്ന നടനെ സംബന്ധിച്ച് കരിയറിൽ പല പ്രത്യേകതകളുള്ള ചിത്രമാണ് മേപ്പടിയാൻ. സ്വന്തം നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ആദ്യ ചിത്രം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മൂന്ന് വർഷത്തിന് ശേഷമുള്ള ഉണ്ണിയുടെ സോളോ ഹീറോ ചിത്രം എന്നത് മറ്റൊരു പ്രത്യേകത.