കരള്‍ രോഗത്താല്‍ ദീര്‍ഘനാളായി കഷ്ടപ്പെട്ടിരുന്ന കെപിഎസി ലളിതയ്ക്ക് ചികില്‍സാ സഹായം പ്രഖ്യാപിച്ചപ്പോള്‍ ഒരുവിഭാഗം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയത് കലാസ്‌നേഹികളെ വിഷമിപ്പിച്ച സംഭവമായിരുന്നു. സിപിഎമ്മിനോട് അടുത്ത് നിന്ന ലളിതയ്ക്ക് രാഷ്ട്രീയ ചായ് വ് നോക്കി സാമ്ബത്തിക സഹായം ചെയ്യുന്നു എന്നായിരുന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം ഉയര്‍ത്തിയ ആക്ഷേപം. ബഹുമുഖ പ്രതിഭയായിരുന്ന നടിയുടെ മരണാന്തരം ഇക്കാര്യം ഓര്‍ക്കുകയാണ് നടന്‍ സുരേഷ് ഗോപി. കെപിഎസി ലളിതയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയപ്പോള്‍ സോഷ്്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍ കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റിയില്ലെന്ന് സുരേഷ് ഗോപി ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.
'ചേച്ചിയുടെ ജീവിത ചരിത്രം ചികഞ്ഞു നോക്കിയാല്‍ അതത്ര സുന്ദരമൊന്നുമല്ല. എനിക്ക് വിഷമം തോന്നിയ കാര്യമുണ്ട്. ചേച്ചിക്ക് കേരള സര്‍ക്കാര്‍ പിന്തുണ നല്‍കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന ചില കമന്റുകള്‍! അതു കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല. ഒരാളുടെ ഏറ്റവും നല്ല വര്‍ണശബളമായ ജീവിതത്തില്‍ പെട്ടന്നൊരു ഷിഫ്റ്റ് ഉണ്ടായി. മലയാള ചലച്ചിത്രലോകത്തിന് ഇത്രയേറെ സംഭാവന നല്‍കിയ വ്യക്തി എന്ന നിലയ്ക്ക് ഗവണ്‍മെന്റ് എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചപ്പോള്‍, അതിനെ സമൂഹം എടുത്ത രീതി വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ചേച്ചിയുടെ ജീവിതത്തിന്റെ അവസ്ഥ അങ്ങനെയായിരുന്നു.'
'സ്ത്രീശാക്തീകരണത്തിന്റെയൊക്കെ ഒരു ബിംബം തന്നെയാണ് ലളിതച്ചേച്ചി. ഭരതേട്ടനില്ലാതെ, ഒരച്ഛന്റെ തുണയില്ലാതെ ഒരു മോനെയും മോളെയും വളര്‍ത്തി വലുതാക്കി അവരെ എത്തിക്കേണ്ടിടത്ത് എത്തിച്ചു. ചേച്ചി അത്രയും ശക്തയായി നിന്ന് ഒരുപാട് ജോലി ചെയ്തു. പക്ഷേ, കയ്യിലെത്ര ബാക്കിയുണ്ടെന്ന് ആരും അന്വേഷിച്ചില്ല. അങ്ങനെ ആരുടെയും ദാനം കൈപ്പറ്റുന്ന ഒരു സ്ത്രീ അല്ല ചേച്ചി. ജീവിതത്തില്‍ ഒരുപാട് യാതനകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നേക്കാള്‍ കൂടുതല്‍ ലളിതശ്രീ ചേച്ചിക്കൊക്കെ അക്കാര്യം നന്നായി അറിയാം'-സുരേഷ് ഗോപി എഴുതി.
കെ പി എ സി ലളിത സര്‍ക്കാര്‍ സഹായം വേണ്ടവരുടെ വിഭാഗത്തില്‍പ്പെട്ടതാണെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചതിനാലാണ് ചികിത്സാ സഹായം നല്‍കുന്നതെന്നും അതില്‍ സംശയമുണ്ടെങ്കില്‍ മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ മുന്നില്‍ അപേക്ഷ എത്തിയതിനാലാകാം സാമ്ബത്തിക സഹായം നല്‍കുന്നതെന്നും ഇതൊക്കെ സര്‍ക്കാരിന്റെ അവകാശങ്ങളില്‍പ്പെട്ട കാര്യങ്ങളാണെന്നും താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ സത്യസന്ധതയില്‍ നിങ്ങള്‍ക്ക് സംശയം തോന്നുന്നുണ്ടെങ്കില്‍ സത്യാവസ്ഥ അന്വേഷിച്ചു കണ്ടെത്തുകയാണ് വേണ്ടതെന്നും അല്ലാതെ അതിനെ കുറിച്ച് പുലഭ്യം പറഞ്ഞു നടക്കുന്നത് തെറ്റാണെന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടില്‍ നിന്ന് കലാകാരന്മാര്‍ക്ക് ചികിത്സാ സഹായം നല്‍കാറുണ്ട്. തന്റെ വകയായി മാത്രം 36 പേര്‍ക്ക് വര്‍ഷം തോറും സഹായം നല്‍കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്ക് അനുസരിച്ച് ഇതിനോടകം രണ്ട് കോടി 50 ലക്ഷം രൂപയുടെ സാമ്ബത്തിക സഹായം നല്‍കി കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗുരുതരമായ കരള്‍ രോഗം പിടിപെട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കെ പി എ സി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്ത് വരികയും, പാവപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമ്ബോഴും സിനിമാ നടിക്ക് ലക്ഷങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ചിലര്‍ കരുതുന്നത് പോലെ കെ പി എ സി ലളിതയ്ക്ക് വലിയ സമ്ബാദ്യമില്ലെന്നും അഭിനയത്തിലൂടെ ലഭിക്കുന്നത് തുച്ഛമായ പണം മാത്രമായിരുന്നെന്നും മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കിയിരുന്നു. നടിയുടെ ഭാഗത്ത് നിന്നും സഹായിക്കണമെന്ന് അപേക്ഷ ലഭിച്ചതിനാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടതെന്നും മന്ത്രി വിശദീകരിച്ചിരുന്നു.
കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാന്‍ മുന്നോട്ട് വരുന്നവര്‍ ഒരു വട്ടം കൂടി ആലോചിക്കണമെന്ന് അന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റായിരുന്ന പിടി തോമസ് ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. അവരുടെ രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണം. നടന നാടക സിനിമാ ലോകത്തിന് അവര്‍ നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനയെ മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും പിടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അധികം വൈകാതെ പിടിയും രോഗാതുരനായി മണ്‍മറഞ്ഞു.