മലയാള സിനിമ പ്രേമികളുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ വസതി ലൈലാ കോട്ടേജ് വിൽപനക്ക് . മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയുടെ വീട് സർക്കാർ ഏറ്റെടുത്ത് സ്മാരകം ആക്കിയില്ലെങ്കിൽ വിസ്മൃതിയിലാകും. ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശമാണ് വീട് . 60 വർഷത്തോളം പഴക്കം ചെന്ന വീട് ആയതിനാൽ തന്നെ കോൺക്രീറ്റിനോ ചുമരുകൾക്കോ കേടുപാടില്ല . എന്നാൽ , ജനലുകളും വാതിലുകളും ചിതലരിച്ച് തുടങ്ങി.
ഈ വീട് മാത്രമാണ് പ്രേംനസീർ വിടപറഞ്ഞ് 30 വർഷം കഴിഞ്ഞെങ്കിലും ചിറയിൻകീഴിലെ അദ്ദേഹത്തിൻറെ സ്മൃതിമണ്ഡപം. വീട് കാണാൻ ഇന്നും നിരവധി പേരാണ് എത്തുന്നത്. വീട് കാട് പിടിച്ച് നശിക്കുന്നതാണ് മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികൾ കാണുന്നത്. വീട് ലഭിച്ചത് പ്രേംനസീറിന്റെ മൂന്നു മക്കളിൽ ഇളയ മകളായ റീത്തക്കാണ്. അടുത്ത കാലത്ത് റീത്ത തന്റെ മകൾക്ക് നൽകി . മകൾ ഇപ്പോൾ കുടുംബസമേതം അമേരിക്കയിൽ സ്ഥിര താമസമാണ്. വീട് നിലനിർത്താൻ താൽപര്യമില്ലാത്തതിനാൽ വിൽപനക്ക് വെച്ചിരിക്കുകയാണ്. നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം സർക്കാർ വിലയ്ക്കുവാങ്ങി സ്മാരകം ആക്കണമെന്നാണ്.
ഒരു നാടക നടനായി ഔദ്യോഗിക ജീവിതം ആരംഭിച്ച നസീർ 1951 ൽ ത്യാഗസീമ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സത്യന്റെയും നസീറിന്റെയും അരങ്ങേറ്റ ചിത്രമായ ത്യാഗസീമ റിലീസ് ആയില്ല. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിൽ വന്നത്.