മലയാള സിനിമ - നാടക വേദികളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് മാള അരവിന്ദൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിരുന്നു താരം. താരം ഏറെയും തിളങ്ങിയിരുന്നത് ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു.സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഭാര്യ അന്നക്കുട്ടിയെ കുറിച്ചും പ്രണയ വിവാഹത്തെ കുറിച്ചും നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അന്ന് ദിവ്യ പ്രണയമായിരുന്നു. ഭയങ്കര ദൈവീക സ്നേഹമാണ്. ഒറ്റ നോട്ടത്തിലൂടെ തന്നെയായിരുന്നു. അന്ന് പ്രണയമല്ല ഇഷ്ടമാണ്. അന്ന് ഫോൺ ഇല്ലാത്തത് കൊണ്ട് കത്തിലൂടെയായിരുന്നു. മൂന്നാലഞ്ച് വർഷം പ്രണയലേഖനങ്ങൾ കൊടുത്തതിന് ശേഷം പോയി വിവാഹം രജിസ്റ്റർ ചെയ്തു. അന്നക്കുട്ടിയുടെ വീട്ടുകാർ ആദ്യം സമ്മതിച്ചിരുന്നില്ല. അവൾ ക്രിസ്ത്യനും ഞാൻ ഹിന്ദുവും ആയിരുന്നു. ആദ്യമങ്ങനെ പിണക്കം ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ശരിയായി. ഇപ്പോൾ അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ല.
ഗീത എന്നാക്കി ഭാര്യയുടെ പേര്. ആ പേര് എനിക്ക് പണ്ടേ ഇഷ്ടമാണ്. അങ്ങനെ ആ പേരങ്ങ് ഇട്ടു. അതിലെന്താണ് കുഴപ്പം’ നടൻ അവതാരകനോട് ചോദിക്കുന്നു. അന്നക്കുട്ടിയോട് തന്റെ ആദ്യ പ്രണയമായിരുന്നു. കുറേ പേരെ പഞ്ചാര അടിച്ചിട്ടുണ്ട്. സ്നേഹം എന്ന് പറഞ്ഞാൽ അന്നും ഇന്നും അത് ഗീതയോട് മാത്രമാണ് മരിക്കുന്നത് വരെയും അങ്ങനെ ആയിരിക്കും, അന്നക്കുട്ടിയാണ് ഭാഗ്യം കൊണ്ട് വന്നത്. അവരെ കെട്ടിയതിന് ശേഷമാണ് സിനിമയിൽ സജീവമായത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ഇത് പലരും പറയാറുണ്ട്. പക്ഷേ ഞാനങ്ങനെ വിളിച്ച് കൂവണ്ടല്ലോ എന്ന് വിചാരിച്ചിരുന്നതാണ്.
എറണാകുളം ജില്ലയിലെ വടവാതൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥനായ അയ്യപ്പന്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് ജനിച്ചത്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ മരിച്ചു. അമ്മ പാട്ടുപഠിപ്പിക്കുമ്പോൾ തകരപ്പെട്ടിയിൽ താളമിട്ടാണ് അരവിന്ദൻ കലാജീവിതം തുടങ്ങുന്നത്. തബലയോടുള്ള താൽപര്യം മനസിലാക്കിയ അമ്മ അരവിന്ദനെ കൊച്ചിൻ മുഹമ്മദ് ഉസ്താദ് എന്നയാളുടെ അടുത്ത് തബല പഠനത്തിനായി ചേർത്തു.
ജോലിക്കായി അമ്മ തൃശൂർ ജില്ലയിലെ മാളയിൽ വന്നു താമസമാക്കിയതോടെയാണ് അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. എസ്.എസ്.എൽ.സിക്ക് ശേഷം നാടകത്തിന്റെ പിന്നണിയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.