റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വിമര്‍ശനവുമായി ചലച്ചിത്രതാരം ജോയ് മാത്യു. ഫേസ്‌ബുക്കില്‍ താരം പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്ന കാര്യങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കിയത്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ കാലഹരണപ്പെട്ട സമരമുറകളെ പറ്റിയായിരുന്നു അദ്ദേഹം ആ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ ജോയ് മാത്യുവിന്റെ പ്രതികരണം എന്ന നിലയിലാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയത്്. അതിനെതിരെയാണ് ജോയ്മാത്യു രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തനം വളരെ ഉത്തരവാദിത്തമുള്ള ജോലിയാണ്. എന്നാല്‍ വാര്‍ത്തകള്‍ വളച്ചൊടിച്ചും യാഥാര്‍ഥ്യത്തെ മറച്ചുവെച്ചും തങ്ങള്‍ക്ക് താല്‍പര്യമുള്ള പാര്‍ട്ടിക്കാരെ സന്തോഷിപ്പിക്കുന്നതിനു ചെയ്യുന്ന പണിയെ മാധ്യമപ്രവര്‍ത്തനം എന്നല്ല, മറ്റൊരു പേരാണ് വിളിക്കുക എന്ന് ജോയ്മാത്യു പറഞ്ഞു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് റിപ്പോര്‍ട്ടര്‍ ചാനലെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ വിമര്‍ശനമുണ്ടായപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അവരുടെ തലക്കെട്ട് ഉള്‍പ്പെടെ ധൃതിപിടിച്ച് തിരുത്തുകയായിരുന്നു. അതിന്റെ സ്‌ക്രീന്‍ ഷോട്ടും ജോയ് മാത്യു ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തു. തെറ്റ് തിരുത്തിയതിന് നന്ദിയും ജോയ് മാത്യു അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനലിനെയും ഉടമ നികേഷ് കുമാറിനെയും വിമര്‍ശിച്ച് കൊണ്ട് നിരവധിപേരാണ് ജോയ്മാത്യുവിന്റെ പോസ്റ്റില്‍ കമന്റുകള്‍ ഇടുന്നത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈനിനെ പറ്റി മുമ്ബും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഒളിവിലാണെന്ന് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിക്കും തനിക്കുമെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ ചാനല്‍ പ്രചരിപ്പിക്കുന്നതായി സുധാകരന്‍ പറഞ്ഞു.
എം വി രാഘവന്‍ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓര്‍ത്തിട്ടാണ് ഇതുവരെയും നിയമനടപടികള്‍ക്ക് മുതിരാത്തത്. വ്യക്തിഹത്യ ചെയ്യുന്നത് പലകുറി കണ്ടിട്ടും കാണാത്തത് പോലെ മുന്നോട്ട് പോയത് ഞങ്ങള്‍ക്ക് പ്രിയപ്പെട്ട എം വി ആറിന്റെ മകനോടുള്ള സ്നേഹം കൊണ്ടു തന്നെയാണെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.
നിരന്തരമായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പേരില്‍ കെപിസിസി റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസയക്കുകയും ചാനലിന്റെ സംപ്രേഷണം അവസാനിപ്പിക്കാന്‍ ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
ആ സാഹചര്യത്തിലാണ് ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നപ്പോള്‍ തന്നെ വാര്‍ത്ത തിരുത്താന്‍ റിപ്പോര്‍ട്ടര്‍ തയ്യാറായത്.