ബാലേട്ടനില്‍ ലാലേട്ടന്റെ അനിയത്തിക്കുട്ടിയായി എത്തിയ വേഷമടക്കം നിരവധി ചിത്രങ്ങളില്‍ സഹോദരി വേഷങ്ങളില്‍ നിറഞ്ഞു നിന്ന നടിയാണ് കൃഷ്ണ സജിത്ത്. ലക്ഷണ എന്ന പേരിലാണ് കൃഷ്ണയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയം. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന കൃഷ്ണ ഇന്ന് വിദേശത്താണ് കുടുംബസമേതം സെറ്റില്‍ ചെയ്തിരിക്കുന്നത്. ഡോക്ടറായ ഭര്‍ത്താവിനും ഏകമകനും ഒപ്പം ഖത്തറില്‍ വളരെ തിരക്കുള്ള താരമാണ് ഇപ്പോള്‍ കൃഷ്ണ. നൃത്തത്തിലൂടെയാണ് കൃ്ഷണ സിനിമയിലേക്ക് എത്തിയത്. വിവാഹശേഷം ഖത്തറിലേക്ക് പോയ കൃഷ്ണ ഏകമകന്റെ ജനനത്തിനു ശേഷമാണ് വീണ്ടും നൃത്തത്തിലേക്ക് സജീവമായത്. ഇന്ന് ഖത്തറില്‍ ഒരു നൃത്ത സ്‌കൂള്‍ തന്നെ തുടങ്ങി അതിന്റെ പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിക്കുകയാണ് നടി ഇപ്പോള്‍.
വിവാഹം വരെ സിനിമയില്‍ സജീവമായിരുന്ന നടി വിവാഹത്തോടെയാണ് സിനിമ വിട്ടത്. ആദ്യം ബാലതാരമായും പിന്നീട് സഹോദരി വേഷങ്ങളിലൂടെയും തിളങ്ങിയ നടി കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഇപ്പോള്‍ നര്‍ത്തകിയായ കൃഷ്ണ നൃത്തത്തില്‍ സജീവമാണ്. ഡാന്‍സ് സ്‌കൂളും മറ്റുമായി തിരക്കിലാണ് താരം. ഇപ്പോള്‍ തന്റെ പുതിയൊരു ഡാന്‍സ് പ്രൊഡക്ഷന് തുടക്കം കുറിച്ചിരിക്കുകയാണ് നടി. ജല്‍ മാല തരംഗ് എന്നാണ് അതിന്റെ പേര്. ഇന്ത്യന്‍ നദികളെ കുറിച്ചാണ് ആ പ്രോഗ്രാം. അതിന്റെ തിരക്കിലാണ് നടി ഇപ്പോഴുള്ളത്.
ഖത്തറില്‍ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ നൃത്തം അഭ്യസിക്കുന്ന സ്വസ്തി അക്കാഡമി എന്ന സ്‌കൂളാണ് നടി മുന്നോട്ടു കൊണ്ടുപോകുന്നത്. അതിന്റെ പ്രിന്‍സിപ്പാളായി ഇരിക്കുകയാണ് നടി. അക്കാഡമിയുടെ പ്രവര്‍ത്തനങ്ങളെല്ലാം ഖത്തര്‍ കേന്ദ്രീകരിച്ചാണ് ചെയ്തിരുന്നത്. എന്നാല്‍ ഇനി ഇന്ത്യയില്‍ കുറച്ച് ഡാന്‍സ് പ്രോഗ്രാമുകള്‍ ഒക്കെ ചെയ്യുവാനാണ് നടി ആഗ്രഹിക്കുന്നത്. ഒരു പ്രൊഡക്ഷന്‍ ആയിട്ട് തന്നെ ചെയ്യണം എന്നുള്ളത് കൊണ്ടാണ് ജല്‍മാല തരംഗിന് തുടക്കം കുറിച്ചത്. ഗുരു വി മൈഥിലിയാണ്.
ഖത്തറില്‍ വര്‍ഷങ്ങളായി ഡോക്ടറായി ജോലി ചെയ്യുകയാണ് കൃഷ്ണയുടെ ഭര്‍ത്താവ് സജിത്ത് പിള്ള. വിവാഹത്തോടെയാണ് ഭര്‍ത്താവിനൊപ്പം കൃഷ്ണ ഖത്തറിലേക്ക് എത്തിയത്. എന്നാല്‍ ഇപ്പോള്‍ അറിയപ്പെടുന്നതു മുഴുവന്‍ കൃഷ്ണയുടെ ഭര്‍ത്താവ് എന്ന രീതിയിലും ആണ്. അത്രത്തോളം പേരും പ്രശസ്തിയും ചുരുങ്ങിയ വര്‍ഷത്തിനുള്ളില്‍ കൃഷ്ണയും കൃഷ്ണയുടെ സ്ഥാപനത്തിനും നേടിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് അതിനു പിന്നിലെ രഹസ്യം. വിവാഹം കഴിഞ്ഞപ്പോള്‍ അഭിനയവും നൃത്തവും എല്ലാം വിട്ട മട്ടായിരുന്നു. എന്നാല്‍ മകന്റെ ജനനത്തോടെ കൃഷ്ണ കടന്നു പോയത് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെയായിരുന്നു.
ഖത്തറില്‍ വെച്ചായിരുന്നു പ്രസവം. അമ്മ ഒരു സര്‍ജറി കഴിഞ്ഞ് ഇരിക്കുന്നതിനാല്‍ കൃഷ്ണയ്ക്കരികിലേക്ക് വരാന്‍ സാധിച്ചില്ല. അങ്ങനെ കൃഷ്ണയും കുഞ്ഞും ഒറ്റയ്ക്കായി. ഇരുട്ട് മുറിയിലിരിക്കാനാണ് അന്ന് ഏറ്റവും അധികം ആഗ്രഹിച്ചത്. എപ്പോഴും കരയാനാണ് തോന്നിയത്. കുഞ്ഞിനോട് കുഴപ്പമൊന്നുമില്ല. തന്റെ ജീവിതം അവസാനിച്ചുവെന്ന് വരെ തോന്നിയ ദിവസങ്ങളായിരുന്നു അത്. അന്ന് ഏക ആശ്വാസം നൃത്ത വീഡിയോകള്‍ കാണുന്നതായിരുന്നു. കൃഷ്ണയുടെ മാനസികാവസ്ഥ ഭര്‍ത്താവ് തിരിച്ചറിഞ്ഞപ്പോഴാണ് ശരിക്കും ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സാധിച്ചത്.