മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ അറസ്റ്റിലായി എന്നുള്ള വാർത്ത ഒരു ഞെട്ടലോടെയാണ് ഏവരും കേട്ടിരുന്നത്.
സഹപ്രവർത്തകയുടെ ലൈംഗിക പീഡന പരാതിയിന്മേൽ പടവെട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ ആണ് അറസ്റ്റിലായത്. നിവിൻ പോളി ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ലിജു കൃഷ്ണയിൽ നിന്നുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് യുവതി.
2020 ഫെബ്രുവരിയിലാണ് താൻ ലിജു കൃഷ്ണയുമായി പരിചയപ്പെടുന്നത്.താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് എന്നും അതിൽ നിന്ന് ആശ്വാസം ലഭിക്കാൻ തന്റെ സാന്നിധ്യം വേണമെന്ന് അയാൾ പറഞ്ഞു. ആർത്തവ സമയത്ത് തനിക്ക് നേരെ അയാൾ ബലപ്രയോഗം നടത്തി. അതുമൂലം തനിക്ക് ക്ഷതം സംഭവിച്ചു. ആശുപത്രിയിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ടങ്കിലും അയാൾ അതിന് തയ്യാറായില്ല എന്നും യുവതി പറയുന്നു. തുടർന്ന് പടവെട്ടിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി വാടകയ്‌ക്കെടുത്ത വീട്ടിൽ കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു.
പിന്നീട് കുറച്ച് നാൾ അയാളിൽ നിന്നും യാതൊരു അറിവും ഇല്ലായിരുന്നു. ആ സമയങ്ങളിൽ താൻ മാനസികമായി ഏറെ തകർന്ന് അവസ്ഥയിലായിരുന്നു. തന്റെ ശാരീരിക- മാനസികാവസ്ഥ അയാളെ അറിയിച്ചുവെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. 2020 ഒക്ടോബറിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാൻ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാൾ ബന്ധപ്പെട്ടു. തനിക്ക് നേരെ അതിക്രമങ്ങൾ പുറത്ത് പറഞ്ഞാൽ അത് സിനിമയെ ദോഷകരമായി ബാധിക്കുമെന്ന് പറഞ്ഞു. അയാളുടെ ആവശ്യപ്രകാരം താൻ വാടക വീട് കണ്ടുപിടിച്ച് കൊടുക്കുയും ചെയ്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയിൽ വരുത്തേണ്ട മാറ്റങ്ങളിൽ താൻ സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നൽകുകയും ചെയ്തിരുന്നു. ആ സമയങ്ങളിലും തന്നെ അയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതി വ്യക്തമാക്കി.
താൻ ഗർഭിണിയാവുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തു. അത് തന്നെ ശാരീരികമായും മാനസികമായും ഏറെ തകർത്തു എന്നും യുവതി പറഞ്ഞു. ഒരിക്കൽ തന്നെ അയാൾ അയാളുടെ വീട്ടിൽ താമസിപ്പിക്കുകയും അവിടെ വെച്ച് തനിക്ക് നേരെ ബലപ്രയോഗം നടത്തുകയും ചെയ്തു. ഭയന്ന താൻ നാട്ടിലേക്ക് മടങ്ങി. പിന്നീട അയാളുമായി യാതൊരു തരത്തിലും ബന്ധപ്പെടാതിരിക്കാൻ ശ്രമിച്ചു. എന്നാൽ താൻ പരാതിപ്പെടുമോ എന്ന ഭയത്താൽ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസർ ബിബിൻ പോളിനെയും അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച് അയാൾ നിരന്തരമായി തന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയിൽ പ്രവർത്തിക്കുന്ന മറ്റുപലരെക്കൊണ്ടും തന്നോട് സംസാരിപ്പിച്ചു. മാനസിക സംഘർഷങ്ങളിൽ നിന്ന് പുറത്തുവരാൻ കൗൺസലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുകയുമുണ്ടായി. എന്നാൽ പോലും തനിക്ക് ആ സംഘർഷങ്ങളിൽ നിന്നും പുറത്തുകടക്കാൻ സാധിച്ചില്ലെന്നും യുവതി പറയുന്നു.പടവെട്ട് എന്ന സിനിമയ്ക്കായി തിരക്കഥ ഉൾപ്പടെ പല രീതിയിലുള്ള ജോലികൾ താൻ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച തെളിവുകൾ തന്റെ കൈവശം ഉണ്ടെന്നും യുവതി അറിയിച്ചു. തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പരാതി പറയുവാൻ സിനിമയിൽ ഔദ്യോഗികമായി പരാതി പരിഹാര സെൽ ഉണ്ടായിരുന്നില്ല. വിഷയം സംബന്ധിച്ച് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. തനിക്ക് നേരെയുണ്ടായ അത്കർമ്മത്തിനെതിരെ നിയമ നടപടികൾ ചെയ്തിട്ടുണ്ട് എന്നും യുവതി കൂട്ടിച്ചേർത്തു.