നമ്മുടെയൊക്കെ വീടുകളിൽ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട്; പഠപുസ്തകങ്ങളിലും വെബ്സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക: വൈറലായി കുറിപ്പ്

Malayalilife
നമ്മുടെയൊക്കെ വീടുകളിൽ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട്; പഠപുസ്തകങ്ങളിലും വെബ്സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക: വൈറലായി കുറിപ്പ്

വീടും കുടുംബവും എന്ന് പറഞ്ഞ് അടുക്കളയുടെ ചുവരുകളിൽ മാത്രം ഒതുങ്ങിക്കൂടുന്ന ധാരാളം അമ്മമാർ നമ്മുടെ സമൂഹത്തിലുണ്ട്. മക്കൾക്കും കുടുംബത്തിനും വേണ്ടഅ അവർ എന്തും സഹിക്കും. മറ്റുള്ളവർക്കു വേണ്ടി ഉരുകിത്തീർന്ന് ജീവിതം വച്ചു നീട്ടുന്ന പല സുഖസൗഭാഗ്യങ്ങളും വേണ്ടെന്നു വയ്ക്കുന്ന അമ്മമാരെക്കുറിച്ച് എഴുതുകയാണ് എഴുത്തുകാരൻ നജീബ് മൂടാടി. കുമ്പളങ്ങി നൈറ്റ്‌സിലെ അവനവനു വേണ്ടി ജീവിക്കാൻ തുടങ്ങുന്ന അമ്മയെക്കുറിച്ചും ഹോം സിനിമയിൽ മക്കൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കുട്ടിയമ്മ എന്ന കഥാപാത്രത്തെയും പരാമർശിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ചെറുപ്പത്തിലേ താങ്ങാനാവാത്ത പണികളും മക്കളെ ചൊല്ലിയുള്ള പിരിമുറുക്കവും ആധിയും പേറി ശരീരവും മനസ്സും തകർന്നു രോഗികൾ ആയിത്തീരുകയാണ് പല അമ്മമാരുമെന്ന് നജീബ് കുറിക്കുന്നു. ചീഞ്ഞു വളമാകേണ്ടവരല്ല ഒരമ്മയും. പഠപുസ്തകങ്ങളിലും വെബ്സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക എന്നും നജീബ് ചോദിക്കുന്നു.

റിപ്പിന്റെ പൂർണരൂപം

'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമയിൽ ലാലി അവതരിപ്പിച്ച അമ്മ കഥാപാത്രമുണ്ട്. പൊതുവെ നമ്മുടെ സിനിമകൾ കാണിച്ചു തരുന്ന അമ്മമാരിൽ നിന്നും വ്യത്യസ്തയായ ഒരു കഥാപാത്രം. ആകെ താളം തെറ്റിയ വീടും ജീവിതവും ചിട്ടയിലാക്കാൻ, ധ്യാനകേന്ദ്രത്തിൽ കഴിയുന്ന അമ്മയെ തിരിച്ചു വിളിക്കാൻ വേണ്ടിയാണ് മക്കൾ പോകുന്നത്. സ്‌നേഹത്തോടെ മക്കളെ സ്വീകരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്ക് വരില്ല എന്ന് അമ്മ വളരെ മയത്തിൽ മക്കളോട് തീർത്തു പറയുകയാണ്. തനിക്ക് മാറി നിൽക്കാൻ പറ്റാത്തത്ര ജോലിത്തിരക്കുണ്ടെന്നും മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നും പറഞ്ഞു മക്കളെ തിരിച്ചയക്കുന്ന അമ്മ നമ്മുടെ സിനിമാ രീതികൾ വച്ചായാലും ജീവിതം വച്ചായാലും ബോബി പറയുംപോലെ എന്തൊരു കണ്ണിൽ ചോരയില്ലാത്ത സാധനമാണെന്ന് പറഞ്ഞു പോകും.

അവർ പ്രസവിച്ചതല്ലെങ്കിലും മൂത്ത മകൻ സജി അപ്പോൾ പറയുന്നുണ്ട്. 'പ്രാകരുത്... അവർ നിന്നെക്കൊണ്ടൊക്കെ ചെറുപ്പത്തിൽ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... ആവാഞ്ഞിട്ടാണ്.. അവർ അടുത്തു വരുമ്പോൾ അമൃതാഞ്ജന്റെ മണമാണ്... വേദന കൊണ്ടാണ്.... അവർക്ക് ആവാഞ്ഞിട്ടാണ്'.

'Home' സിനിമയിലെ കുട്ടിയമ്മയും ഇതുപോലെ ഒരമ്മയാണ്. മുട്ടുവേദന കാരണം സ്റ്റെപ്പ് പോലും കയാറാനാവാതെ പ്രയാസപ്പെടുന്ന, എന്നാൽ മുകൾനിലയിൽ കിടക്കുന്നിടത്തെ ഫാൻ ഓഫാക്കാൻ പോലും താഴെയുള്ള അമ്മയെ വിളിക്കുന്ന ടീനേജുകാരനായ മകനുള്ള അമ്മ. സിനിമയിൽ മുട്ടുവേദന കൊണ്ട് പ്രയാസപ്പെട്ടിട്ടും വീട്ടുജോലികൾ ചെയ്യാൻ ഓടിനടക്കുന്ന ആ അമ്മയും, മടിയനും അലസനുമായ ആ മകനും നമ്മെ ചിരിപ്പിച്ചെങ്കിലും. നമ്മുടെയൊക്കെ വീടുകളിൽ ഇങ്ങനെ അമൃതാഞ്ജന്റെ മണമുള്ള ഒരുപാട് കുട്ടിയമ്മമാർ ഉണ്ട് എന്നത് ഒട്ടും ചിരിയില്ലാത്ത സത്യമാണ്.

ആശുപത്രിയിൽ പോയി നോക്കിയാൽ അറിയാം നാല്പതിനടുത്തു പ്രായമുള്ള എത്രയോ അമ്മമാർ മുട്ടുവേദനയും നടുവേദനയും ശരീരവേദനയുമായി. രണ്ട് ദിവസം നിർബന്ധമായി അനങ്ങാതെ കിടന്ന് ബെഡ്‌റെസ്റ്റ് എടുത്തേ പറ്റൂ എന്ന ഡോക്ടറുടെ ശാസന പോലും ശ്രദ്ധിക്കാതെ, പെയിൻ കില്ലറുകളിൽ വേദനയെ മറികടന്നു പിന്നെയും പേറിപ്പേറി.

പഠിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ജീവിതത്തിലെ ആകെയുള്ള കർത്തവ്യം എന്ന് കുട്ടികളും, അതിനൊരു തടസ്സവും ആകരുത് എന്ന് രക്ഷിതാക്കളും ഉറപ്പിച്ചു പോയ കാലത്ത് ഇങ്ങനെ ആവുന്നതിൽ ആശ്ചര്യമില്ല. പഠിപ്പും അറിവും കൂടുമ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യാൻ പോലും പ്രാപ്തിയില്ലാത്ത, അലസരായ ഒരു തലമുറ കൂടിയാണ് വളർന്നു വളരുന്നത്. മൊബൈലിൽ ലോകത്തിലെ സർവ്വ സംഗതികളും അറിയുമെങ്കിലും അടുത്ത കടയിൽ പോയി ഒരു സാധനം ശരിയായി വാങ്ങി വരാൻ പ്രാപ്തിയില്ലാത്ത, എന്തെങ്കിലും ഒരു പ്രശ്‌നം നേരിടാൻ കഴിയാത്ത മക്കളുണ്ട് എമ്പാടും.

രവീന്ദ്രനാഥടാഗോറിന്റെ 'റായ്ചരൻ' എന്ന കഥയിലെ കുട്ടിയെ പോലെ താൻ പ്രഭുകുമാരൻ ആണെന്ന മട്ടിലാണ് പല കുട്ടികളും വളരുന്നത്. മാതാപിതാക്കൾ തങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരേണ്ട ഒപ്പം തങ്ങളുടെ പണികൾ കൂടി ചെയ്യേണ്ട വേലക്കാരും!. മക്കളോട് സ്‌നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ പോലും അറിയാത്ത, കർക്കശക്കാരായ തലമുറയിൽ നിന്നും പുതിയ തലമുറയിലേക്ക് എത്തിയപ്പോൾ സ്‌നേഹവും വാത്സല്യവും കൂടി മക്കളോടുള്ള ഒരുതരം വിധേയത്വത്തിന്റെ മട്ടിൽ എത്തിപ്പോയോ എന്ന് തോന്നും.

പ്രയാസങ്ങളും കഷ്ടപ്പാടുകളും മക്കളെ അറിയിക്കാത്ത ഒരുപാട് രക്ഷിതാക്കളുണ്ട്. ശരിക്കും മക്കളോടും തങ്ങളോട് തന്നെയും ചെയ്യുന്ന ദ്രോഹമാണ്. വീട്ടുജോലികൾ ചെയ്യുന്നതും കടയിൽ പോകുന്നതും പറമ്പിലെ പണികളിൽ സഹായിക്കുന്നതുമൊക്കെ പഠനം തന്നെയാണ്. പുസ്തകമില്ലാതെ ജീവിതത്തിൽ എന്നെന്നേക്കും ഉപകരിക്കുന്ന പാഠങ്ങൾ. ആ അനുഭവങ്ങളിലൂടെ ലഭിക്കുന്ന അറിവും കരുത്തും ചെറുതല്ല. ഒരു വെയിലിലും വാടിപ്പോകാതെ വളരും.

'എള്ളിലെ കല്ല് നീക്കാതെ' മടിയന്മാരും അലസന്മാരുമായി മക്കൾ വളരുമ്പോൾ ഓരോ വീടിനകത്തും അമൃതാഞ്ജൻ മണമുള്ള അമ്മമാർ ഏറുകയാണ്. മക്കളുടെ പഠനത്തിന് കാവലിരുന്ന് ഉറക്കമൊഴിച്ചും, മക്കൾക്കായി നല്ലതൊരുക്കി ബാക്കി വരുന്നത് വല്ലതും വാരിവലിച്ചു തിന്നും ചിലപ്പോൾ വീണ്ടും ഉണ്ടാക്കാൻ മടിച്ചു പച്ചവെള്ളം കുടിച്ചു പട്ടിണി കിടന്നും.

ഒരുപാട് ദൂരെയൊന്നും പോകണ്ട. നമ്മുടെയൊക്കെ വീടകങ്ങളിലുണ്ട്. കണ്ടറിയാൻ മക്കൾക്ക് കഴിയണം എന്നില്ല. അവരുടെ ഒരു കൈ സഹായം കൂടിയുണ്ടെങ്കിൽ ഓരോ വീടകവും സ്വർഗമാകും. വീടിനുപരിക്കാത്തവർ എങ്ങനെയാണ്. ചെറുപ്പത്തിലേ താങ്ങാനാവാത്ത പണികളും മക്കളെ ചൊല്ലിയുള്ള പിരിമുറുക്കവും ആധിയും പേറി ശരീരവും മനസ്സും തകർന്നു രോഗികൾ ആയിത്തീരുകയാണ് പല അമ്മമാരും. ചീഞ്ഞു വളമാകേണ്ടവരല്ല ഒരമ്മയും. പാഠപുസ്തകങ്ങളിലും വെബ്സീരീസുകളിലും ഇല്ലാത്ത ഇക്കാര്യങ്ങൾ ആരാണ് മക്കളോടൊന്നു പറഞ്ഞു കൊടുക്കുക

A note goes viral in kuttiyamma role

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES