ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് റോഷന്‍ മാത്യൂ. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച ക്യാമ്പസ് ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ സീ യൂണിലെ റോഷന്റെ പ്രകടനത്തെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത്. ടിങ്കു ജോണ്‍സണ്‍ എന്ന പ്രേക്ഷകനാണ് റോഷന്റെ അഭിനയത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുന്നത്.
സീ യൂ സൂണ്‍ സിനിമയില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ച് ഫഹദിനെ ഫോണ്‍ ചെയ്യുന്നൊരു രംഗമുണ്ട്.അതില്‍ റോഷന്റെ ശബ്ദത്തില്‍ പോലും ഒരു വിറയലുണ്ട്. അതോടൊപ്പം നിസ്സഹായതയുമുണ്ട്. അതോടൊപ്പം തന്നെ ഫഹദിനോട് ദേഷ്യപ്പെടുന്ന സീനില്‍ അയാളുടെ ശബ്ദത്തില്‍ തന്നെ അത്രയും ദേഷ്യവും നിരാശയുമൊക്കെ മിന്നിമറയുന്നുമുണ്ട്. യൂടൂബില്‍ നോക്കിയാല്‍ ഏതാണ് ഒന്‍പത് മിനിറ്റോളം നീളമുളള അയാളുടെ ഒരു കഥപറച്ചിലും കാണാന്‍ കഴിയും.
അതില്‍ അയാളുടെ അവതരണവും ശബ്ദ മാറ്റവുമൊക്കെ നല്ല രസമാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അയാളുടെ മൂന്ന് സിനിമകള്‍ ഒറ്റയിരുപ്പില്‍ കണ്ട് തീര്‍ത്തതും. കപ്പേളയില്‍ അയാളുടെ ശബ്ദത്തിനോടാണ് ഇഷ്ടം തോന്നിയതെങ്കില്‍ മൂത്തോനില്‍ അയാളുടെ കണ്ണുകളിലാണ് അഭിനയത്തിന്റെ സൗന്ദര്യം മുഴുവനും.
ഇതൊക്കെ കണ്ട അനുരാഗ് കശ്യപ് അയാളെ തന്റെ സിനിമയിലെ കഥാപാത്രമാക്കിയെന്നതില്‍ അതിശയമേയില്ല. ഒരു നടന്റെ വളര്‍ച്ചയുടെ ഗ്രാഫ് വരച്ചുനോക്കിയാല്‍ എറ്റവും വളര്‍ച്ചയുണ്ടായിട്ടുളളത് റോഷന്‍ എന്ന വ്യക്തിക്ക് തന്നെയാകണം. ആനന്ദത്തില്‍ നിന്നും സീയൂണില്‍ എത്തുമ്പോഴേക്കും അയാള്‍ ഭാവിയിലേക്കുളള പ്രതീക്ഷ മാത്രമല്ല. അയാളൊരു ഉറപ്പുംകൂടിയാണ്.
അയാള്‍ തിരഞ്ഞെടുക്കുന്നത് സിനിമകളെയല്ല. കഥാപാത്രങ്ങളെയാണ്. അതിനാല്‍ തന്നെ അയാളുടെ കഴിവുകളെ സ്‌ക്രീനിലെത്തിക്കാന്‍ അയാള്‍ തന്നെ അവസരമുണ്ടാക്കുന്നതായി തന്നെയാണ് തോന്നുന്നതും. അതിന് അയാളുടെ ശബ്ദം പോലും അത്രയും സഹായിക്കുന്നുണ്ട്. ഒന്നും രണ്ടുമൊന്നുമല്ല. അയാളുടെതായി വന്നുകൊണ്ടിരിക്കുന്ന ഓരോ കഥാപാത്രങ്ങളും സ്ഥിരതയോടെ മുന്നോട്ട് തന്നെയാണ് പോകുന്നത്.
എത്രയോ നടന്മാര്‍ക്ക് ഇന്ന് സാധിക്കാത്തതും അതാണ്. സ്ഥിരതയോടെ റണ്‍സ് അടിച്ചുകൂട്ടുന്നത് കൊണ്ടാകണം ക്രിക്കറ്റില്‍ ഒരാളെ നമ്മള്‍ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്. സിനിമയില്‍ അഭിനയത്തിന്റെ സ്ഥിരതയോടെ ഒരു ഇരുപത്തെട്ടുകാരന്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ഇഷ്ടപ്പെടാതെ തരമില്ലല്ലോ. റോഷന്‍ മാത്യൂവിനെ കുറിച്ച് പ്രേക്ഷകന്‍ കുറിച്ചു.