ചിത്രത്തെ സ്വീകരിച്ചതു പോലെ ആരാധകര്‍ നെഞ്ചിലേറ്റിയ ഗാനമാണ് 96 ലെ കാതലേ കാതലേ എന്ന് തുടങ്ങുന്ന ഗാനം. പാട്ട് ഇഷ്ടപ്പെടുന്നവരുടെ ചുണ്ടിലും ആസ്വാദകരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസും ഇപ്പോള്‍ ഈ ഗാനമാണ്. എന്നാല്‍ ഹൃദ്യമായ ഈ ഗാനത്തിന്റെ കാര്യത്തില്‍ ഒരു സംശയം അസ്വാദകരില്‍ ഉണര്‍ത്തുന്നുണ്ടായിരുന്നു. ഗാനത്തിന്റെ തുടക്കത്തിലും ഉള്ളിലും കേല്‍ക്കുന്ന മൃഗത്തിന്റേതെന്നു തോന്നിപ്പിക്കുന്ന ഒരു ഓരിയിടല്‍ ശബ്ദം. എന്നാല്‍ വീഡിയോയ്ക്കുള്ളില്‍ അത്തരമൊരു ദൃശ്യം കടന്നു വരുന്നുമില്ല. ആ ഓരിയിടല്‍ രഹസ്യമെന്തെന്ന് ഒടുവില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത.
ഓരിയിടല്‍ ശബ്ദം തിമിംഗലത്തിന്റെ കരച്ചിലാണ്. തിമിംഗലത്തിന് ഒരാകാശപ്പറവയോടുള്ള പ്രണയം. സിനിമയുടെ പ്രമേയം പോലെ ഒരിക്കലും ഒരുമിക്കാന്‍ സാധിക്കാത്തവരാണ് ആകാശപ്പറവയും തിമിംഗലവും. ഈ സമാനതയാണ് ഇങ്ങിനെയൊരു പരീക്ഷണത്തിന് പ്രചോദനമായത്. വയലിനോടൊപ്പം ഈ ശബ്ദവും ഇഴചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമയായി.
ആദ്യഘട്ടത്തില്‍ കാതലേ പാട്ട് ആലോചനകളില്‍ ഉണ്ടായിരുന്നില്ലെന്നും പ്രൊമോക്ക് ലഭിച്ച വന്‍ സ്വീകരണമാണ് കാതലെ എന്ന ഗാനത്തിലേക്ക് കൊണ്ടെത്തിച്ചതെന്നും ഗോവിന്ദ് പറയുന്നു. ഒരു വയലിനിസ്റ്റായ ഗോവിന്ദ് സിനിമയില്‍ വയലിന്‍ ഉപയോഗിച്ചിട്ടുള്ളതും കാതലേ കാതലേ എന്ന ഈ ഒരു ഗാനത്തില്‍ മാത്രമാണെന്നതു ശ്രദ്ധേയമാണ്.