ഒടിടി റിലീസ് സംബന്ധിച്ച് തിയറ്റര്‍ ഉടമകളുമായുള്ള കരാര്‍ 2018 സിനിമയുടെ കാര്യത്തില്‍ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സൂചനാ പണിമുടക്കിന് തിയറ്റര്‍ ഉടമകള്‍. ഇതനുസരിച്ച് നാളെയും മറ്റന്നാളും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ അടച്ചിടും.
ഇന്നാണ് സിനിമ 'സോണിലിവില്‍' എത്തുന്നത്. കരാര്‍ ലംഘിച്ചുകൊണ്ടാണ് 2018 ഒ ടി ടിയില്‍ റിലീസ് ചെയ്യുന്നുവെന്നതാണ് പ്രതിഷേധത്തിന്റെ കാരണം. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞിട്ട് മാത്രമേ ഒ ടി ടിയില്‍ റിലീസ് ചെയ്യാവൂ എന്നതാണ് സിനിമാ നിര്‍മാതാക്കളും തിയേറ്ററുകളും തമ്മിലുള്ള ധാരണ. എന്നാല്‍ പുറത്തിറങ്ങി 33ാം ദിവസമാണ് 2018 ഒ ടി ടി പ്‌ളാറ്റ്ഫോമിലെത്തുന്നത്. നാളെയും മറ്റെന്നാളും സിനിമ കാണാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയവര്‍ക്ക് പണം റീഫണ്ട് ചെയ്യുമെന്ന് തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു.
രണ്ട് ദിവസത്തേത് സൂചന പണിമുടക്കാണെന്നും അത് കഴിഞ്ഞ് 20 ദിവസത്തിനകം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നോ ഇതുമായി ബന്ധപ്പെട്ട സംഘടനാതലത്തിലോ ഒരു തീരുമാനം ഉണ്ടായില്ലെങ്കില്‍ തിയേറ്ററുകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നും കെ. വിജയകുമാര്‍ പറഞ്ഞു. നാല്പത്തിരണ്ടു ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന നിബന്ധന പാലിക്കാത്ത ഒരു നിര്‍മ്മാതാവുമായും പിന്നീട് സഹകരിക്കില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.
2018, പാച്ചുവും അത്ഭുത വിളക്കും എന്നീ ചിത്രങ്ങള്‍ വിജയകരമായി തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ ഒ.ടി.ടിയില്‍ കൊടുത്തു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്. ഏത് ചിത്രവും തിയേറ്റര്‍ റിലീസിന് ശേഷം നിശ്ചിത കാലയളവ് കഴിഞ്ഞിട്ടേ ഒ.ടി.ടിയില്‍ കൊടുക്കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതാണ്.ഒരിക്കലും ഒ.ടി.ടിക്ക് സമാന്തരമായി തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാനാകില്ല. തിയേറ്ററുകളുടെ അനിശ്ചിതാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് മറ്റുള്ളവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കണം. 2018 എന്ന ചിത്രം 150 കോടിക്ക് മുകളില്‍ കളക്ട് ചെയ്തു. കുറച്ച് ദിവസം കാത്തിരുന്നെങ്കില്‍ 200 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയേനെ. ആ അവസരമാണ് നഷ്ടപ്പെടുത്തിയത്. നിര്‍മാതാവ് അല്‍പം കൂടി കാത്തിരുന്നെങ്കില്‍ 100 ദിവസം തിയേറ്ററില്‍ ഓടുന്ന ചിത്രമായി മാറിയേനെ', കെ. വിജയകുമാര്‍ പറയുന്നു.
എന്നാല്‍ തിയേറ്ററുകള്‍ അടച്ചിടില്ലെന്നും പ്രദര്‍ശനം തുടരുമെന്നുമാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചിരിക്കുന്നത്.2018ല്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, തന്‍വി റാം, ശിവദ, അജു വര്‍ഗീസ്, സിദ്ദിഖ്, ജോയ് മാത്യു, സുധീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി ചിത്രം മികച്ച വിജയം നേടി മുന്നേറുന്നതിനിടെയാണ് ഒ ടി ടിയില്‍ എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. വേണു കുന്നപ്പിള്ളി, സി കെ, പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.