നീണ്ട നാളത്തെ പ്രണയത്തിന് ശേഷം വിവാഹിതരാകുകയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്നേശ് ശിവനും. ജൂണ്‍ ഒമ്പതിനാണ് വിവാഹം നടക്കുക എന്ന വാര്‍ത്ത പുറത്തുവരുന്നു. ഇപ്പോഴിതാ വിവാഹത്തിലെ മറ്റൊരു കൗതുകത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്,സിനിമ സ്‌റ്റൈല്‍ വിവാഹത്തിനുള്ള ഒരുക്കമാണ് അണിയറയില്‍ നടക്കുന്നത് എന്നാണ് വിവരം. ഗൗതം മേനോനായിരിക്കും വിവാഹ ചടങ്ങുകളുടെ സംവിധാനം നിര്‍വഹിക്കുക.
മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. വിവാഹം സ്ട്രീം ചെയ്യുന്നതിനുള്ള അവകാശം ഒരു സ്വകാര്യ ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോം അവകാശം സ്വന്തമാക്കിയത്. നെറ്റ്ഫ്‌ലിക്‌സ് ആയിരിക്കും സംപ്രേക്ഷണം ചെയ്യുകയെന്നാണ് പുറത്ത് വരുന്ന സൂചന.
സെലിബ്രിറ്റികളുടെ വിവാഹങ്ങള്‍ക്ക് ഒടിടി പ്ലാറ്റ്ഫോമില്‍ ഒട്ടേറെ പ്രേക്ഷകരുണ്ട്. സമീപകാലത്ത് നിരവധി താരങ്ങളുടെ വിവാഹം ചടങ്ങുകള്‍ സമാനമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കിയിരുന്നു.
വിവാഹത്തിന് മുപ്പത് പേര്‍ക്കാണ് ക്ഷണം. രജനികാന്ത്, സമാന്ത,കമല്‍ഹാസന്‍, വിജയ് അജിത്ത്, സൂര്യ കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവര്‍ വിവാഹ ചടങ്ങില്‍ അതിഥികളായി പങ്കെടുക്കുമെന്നും സൂചനകളുണ്ട്.തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കായി ജൂണ്‍ 8ന് റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പ്രണയത്തിലാണ് ഇരുവരും. കഴിഞ്ഞ വര്‍ഷം വിവാഹ നിശ്ചയവും നടന്നിരുന്നു. അഭിനയം കൂടാതെ വിഘ്‌നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് നയന്‍താര. ഷാരൂഖ് നായകനാകുന്ന ആറ്റ്ലി ചിത്രം ജവാനാണ് നയന്‍താര നിലവില്‍ അഭിനയിക്കുന്ന ചിത്രം.