ഇക്കഴിഞ്ഞ ദിവസമാണ് നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹിതരായത്.ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ആയിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തിയിരിക്കുകയാണ് താര ദമ്പതികള്‍. ആന്ധ്ര പ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാര്‍ജുന ക്ഷേത്രത്തിലാണ് ഇരുവരും ദര്‍ശനത്തിനെത്തിയത്.
താരദമ്പതികള്‍ക്കൊപ്പം നാഗാര്‍ജുനയും ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്ഷേത്ര പരിസരത്ത് വച്ച് കണ്ട പാപ്പരാസികളെ നോക്കി ശോഭിതയും നാഗ ചൈതന്യയും പുഞ്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.
വിവാഹത്തിന് പിന്നാലെ താരകുടുംബത്തിലെ രണ്ടാം വിവാഹവും ചര്‍ച്ചയാവുകയാണ്.കോടിക്കണക്കിന് രൂപയുടെ സ്വത്തിന് അവകാശിയായിരുന്നു അക്കിനേനി നാഗേശ്വര റാവു എന്ന മനുഷ്യന്‍. നടനും നിര്‍മ്മാതാവുമായ അദ്ദേഹത്തിന് മരണം വരെ ഒരൊറ്റ ഭാര്യയെ ഉണ്ടായിരുന്നുള്ളൂ. ഒപ്പം അഭിനയിച്ചിരുന്ന നടിമാരെ ഒരു നോട്ടം കൊണ്ടുപോലും ശല്യപ്പെടുത്താതിരുന്ന അദ്ദേഹം 52 വര്‍ഷമാണ് അന്നപൂര്‍ണയ്ക്കൊപ്പം ജീവിച്ചത്. ഭാര്യ മരിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹവും മരണപ്പെടുകയായിരുന്നു.
ദമ്പതികള്‍ക്ക് അഞ്ചു മക്കളായിരുന്നു ഉണ്ടായിരുന്നത്. അതില്‍ മൂത്തയാളാണ് നാഗാര്‍ജ്ജുന എന്ന തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍. നാഗാര്‍ജുനയുടെ ആദ്യ ഭാര്യയായിരുന്നു ലക്ഷ്മി ദഗ്ഗുബതി. തെലുങ്കിലെ കോടീശ്വരന്മാരായ മറ്റൊരു സിനിമാ കുടുംബത്തിലെ അംഗമായിരുന്നു ലക്ഷ്മി. പ്രശസ്ത ഫിലിം മേക്കര്‍ ദഗുബതി രാമനായ്ഡുവിന്റെ മകള്‍. പ്രമുഖ തെലുങ്ക് താരം വെങ്കടേഷിന്റെ സഹോദരി. പോരാത്തതിന് ഇന്റീരിയര്‍ ഡിസൈനറും. 1984 ലായിരുന്നു വീട്ടുകാര്‍ തന്നെ നിശ്ചയിച്ചുറപ്പിച്ച ഈ വിവാഹം നടന്നത്. തുടര്‍ന്ന് 1986ലാണ് ദമ്പതികള്‍ക്ക് മകന്‍ നാഗ ചൈതന്യ ജനിച്ചത്. എന്നാല്‍ ഈ വിവാഹ ബന്ധം നീണ്ടു നിന്നില്ല. നാഗാര്‍ജുന സിനിമാ രംഗത്തേക്ക് ശ്രദ്ധ കൊടുത്തതായിരുന്നു ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് കാരണമായത്. സിനിമാ രംഗത്തോട് ലക്ഷ്മിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ 1990 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ലക്ഷ്മിയുമായി പിരിഞ്ഞ ശേഷം രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം നാഗാര്‍ജുന നടി അമലയെ പ്രണയിച്ചു വിവാഹം ചെയ്തു.
അമ്മ ലക്ഷ്മിയ്ക്കൊപ്പം ചെന്നൈയിലായിരുന്നു നാഗ ചൈതന്യ. എന്നാല്‍ ലക്ഷ്മി ദഗുബതിയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടന്നു. ബിസിനസുകാരനായ ശരത് വിജയരാഘവനെയാണ് ലക്ഷ്മി വിവാഹം ചെയ്തത്. ഇതോടെ മകന്‍ നാഗചൈതന്യ അച്ഛനരികിലേക്ക് എത്തി. വിവാഹ ശേഷം ലക്ഷ്മി യുഎസില്‍ സെറ്റില്‍ഡായി ലക്ഷ്മി ഇന്റീരിയര്‍സ് എന്ന കമ്പനിക്കും ലക്ഷ്മി തുടക്കമിട്ടു. അമ്മയുടെ രണ്ടാം വിവാഹത്തില്‍ നാഗ ചൈതന്യക്ക് എതിര്‍പ്പുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് നടന്‍ അമ്മയില്‍ നിന്ന് അകലം പാലിക്കുന്നതെന്നും ഒരിക്കല്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ നാഗ ചൈതന്യ ഇത് നിഷേധിച്ചിരുന്നു. യുഎസിലേക്ക് പോകുമ്പോഴെല്ലാം അമ്മയെ കാണാറുണ്ടെന്നും അച്ഛനും അമ്മയും രണ്ട് ജീവിതത്തിലേക്ക് കടന്നെങ്കിലും മകന്റെ കാര്യത്തില്‍ ഇവര്‍ എപ്പോഴും ഇപ്പോഴും ശ്രദ്ധ നല്‍കുന്നുണ്ടെന്നും നാഗാര്‍ജ്ജുന വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളെപ്പോലെ തന്നെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട നാഗ ചൈതന്യ പ്രണയിച്ചു വിവാഹം കഴിച്ചതാണ് നടി സാമന്തയെ. എന്നിട്ടും ആദ്യ ഭാര്യയും നടിയുമായ സാമന്തയുമായി വേര്‍പിരിയുകയായിരുന്നു. പ്രണയിച്ച് വിവാഹിതരായ ഇരുവരും നാലുവര്‍ഷം ഒരുമിച്ച് ജീവിച്ചതിനുശേഷം ആണ് വേര്‍പിരിയുന്നത്. പിന്നാലെ നടി ശോഭിത ധുലിപാലയുമായി ഇഷ്ടത്തിലായ നാഗ ചൈതന്യ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അതിനിടെയാണ് നാഗ ചൈതന്യയുടെ അര്‍ധ സഹോദരനും നാഗാര്‍ജ്ജുനയുടേയും അമലയുടേയും മകനായ അഖില്‍ അക്കിനേനിയുടേയും വിവാഹ നിശ്ചയം മുടങ്ങിയതും അഖില്‍ രണ്ടാമതും വിവാഹനിശ്ചയം നടത്തിയതും. ശ്രിയ ഭുപല്‍ എന്ന ഇന്ത്യന്‍ ഡിസൈനറുമായുള്ള വിവാഹ നിശ്ചയം സാമന്ത മരുമകളായി ഇരിക്കവേയാണ് നടത്തിയത്. ഇപ്പോള്‍ രണ്ടാം വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നത് സൈനബ് രവ്ദ്ജി എന്ന 40കാരിയുമായിട്ടാണ്.