പൃഥ്വിരാജ് നായകനാവുന്ന പുതിയ ചിത്രം വിലായത്ത് ബുദ്ധയ്ക്ക് തുടക്കമാവുന്നു. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.' വിലായത്ത് ബുദ്ധ'യിലേയ്ക്ക് നായകനായ പൃഥ്വിരാജിനെ സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് ഫേസ്ബുക്കില്‍ പങ്ക് വച്ച ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും വിലായത്ത് ബുദ്ധ'യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വശി തിയറ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വിലായത്ത് ബുദ്ധ.
ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഷമ്മി തിലകനും അനു മോഹനുമാണ് വിലായത്ത് ബുദ്ധയിലേക്ക് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട മറ്റു താരങ്ങള്‍. സെപ്റ്റംബര്‍ അവസാനത്തോടുകൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍, വാര്‍ത്താപ്രചരണം എം ആര്‍ പ്രൊഫഷണല്‍.