തമിഴകത്തെ പ്രമുഖ താരങ്ങളാണ് വിജയ് സേതുപതിയും അജിത്ത് കുമാറും. അജിത്ത് കുമാര്‍ തല എന്ന പേരില്‍ വര്‍ഷങ്ങളായി തമിഴ് ജനതയുടെ ആരാധ്യ പുരുഷനായി തുടരുകയാണ്. മാസ് കഥാപാത്രങ്ങളില്‍ മാത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന അജിത്ത് സിനിമയ്ക്ക് പുറത്ത് സ്വഭാവത്തിലെ എളിമ കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. എകെ 61 ആണ് അജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.
മറുവശത്ത് തമിഴ്‌നാട്ടിലെ ജനപ്രിയ നടനാണ് വിജയ് സേതുപതി. സൂപ്പര്‍ താര പദവി നോക്കാതെ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്യുന്ന നടന്‍ താരമെന്നതിനേക്കാള്‍ കൂടുതല്‍ മികച്ച അഭിനേതാവായാണ് അറിയപ്പെടുന്നത്. സാധാരണക്കാരനായ തമിഴ്‌നാട്ടുകാരന്‍ ഇമേജുള്ള വിജയ് സേതുപതി പക്ഷെ അടുത്തിടെ വില്ലന്‍ വേഷങ്ങളിലാണ് കൂടുതലും തിളങ്ങിയത്. വിക്രം, മാസ്റ്റര്‍, വിക്രം വേദ തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. വിജയ് സേതുപതി വില്ലന്‍ ആയാല്‍ സിനിമ ഹിറ്റാണെന്നാണ് സിനിമാ ലോകത്തെ സംസാരം. ഷാരൂഖ് നായകനായെത്തുന്ന അറ്റ്‌ലി ചിത്രത്തിലും വിജയ് സേതുപതിയാണ് വില്ലന്‍.
വിജയ് സേതുപതി ഒരു കോളേജില്‍ വെച്ച് തല അജിത്ത് ആരാധകരോട് ദേഷ്യപ്പെടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ചെന്നൈയിലെ ലോയല കോളേജില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം. മറ്റുള്ളവര്‍ക്ക് ശ്രദ്ധ നല്‍കുന്നതിന്റെ പ്രാധാന്യത്തെ പറ്റിയാണ് നടന്‍ സംസാരിച്ചത്. ഇതിനിടെ സെല്‍വതില്‍ സെല്‍വം ചെവി സെല്‍വം, സെല്‍വത്തുല്‍ എല്ലാം തല എന്ന വാചകവും വിജയ് സേതുപതി പറഞ്ഞു.
നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ പറ്റുന്ന കാതുകളാണ് ഒരാള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പത്ത് എന്നാണ് ഈ വാചകത്തിന്റെ അര്‍ത്ഥം. എന്നാല്‍ ഈ ഉപദേശമാെന്നുമല്ല വിദ്യാര്‍ത്ഥികള്‍ കേട്ടത്. ഇടയ്ക്ക് പറഞ്ഞ തല എന്ന വാക്ക് ആയിരുന്നു.
അജിത്തിനെ ആരാധകര്‍ വിളിക്കുന്ന ഈ വാക്ക് കേട്ടതോടെ വിദ്യാര്‍ത്ഥികള്‍ ആര്‍പ്പ് വിളി തുടങ്ങി. ഇതോടെ വിജയ് സേതുപതിക്ക് ദേഷ്യം വന്നു.വെറുതെ ഒച്ച വെക്കല്ലേ, നമ്മളെന്താണ് സംസാരിച്ച് കൊണ്ടിരിക്കുന്നത് എന്ന് നടന്‍ ചോദിക്കുകയും പിന്നീട് തന്റെ പ്രസംഗം തുടരുകയും ചെയ്തു. ഗൗരവമായി സംസാരിക്കുമ്പോള്‍ തല എന്ന് പേര് കേട്ട് ഒച്ച വെച്ചതാണ് നടനെ ദേഷ്യം പിടിപ്പിച്ചത്.