വിജയ് ആന്റണി നായകനാകുന്ന പിച്ചൈക്കാരന്‍ 2-ന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 14-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് ആന്റണി തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്.
ദുബായില്‍ നിന്നുളള മാസ് പിച്ചൈക്കാരനെ കാണണോ? ഏപ്രില്‍ 14 ന് അടുത്തുളള തിയേറ്ററുകളിലേക്ക് പോകൂ 'എന്ന ക്യാപ്ഷനോടെയായിരുന്നു വിജയ് ആന്റണി റിലീസ് തീയതി പങ്കുവെച്ചത്.
വിജയ് ആന്റണിയെ കൂടാതെ ജോണ്‍ വിജയ്, ഹരീഷ് പേരടി എന്നിവരും ചിത്രത്തിലുണ്ട്. മറ്റു അഭിനേതാക്കളെക്കുറിച്ചുളള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
തമിഴിലും തെലുങ്കിലും ഒരേസമയം ഒരുങ്ങുന്ന ചിത്രത്തിന് ബിച്ചഗഡു 2 എന്നാണ് തെലുങ്കില്‍ പേര് നല്‍കിയിരിക്കുന്നത്. വിജയ് ആന്റണി ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ വിജയ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംഗീതവും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍.
2016 ല്‍ പുറത്തിറങ്ങിയ 'പിച്ചൈക്കാരന്റെ' രണ്ടാം ഭാഗമാണിത്. വിജയ് ആന്റണിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ശശിയാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴിന് പുറമെ ബിച്ചഗഡു എന്ന പേരില്‍ തെലുങ്കിലേക്കും ചിത്രം മൊഴിമാറ്റം ചെയ്തിരുന്നു. കൂടാതെ കന്നഡ, ഒഡിയ, മറാത്തി എന്നീ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു.