നടി തുനിഷ ശര്‍മ്മയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബോളിവുഡ് നടി കങ്കണ റണാവത് രംഗത്ത്. തുനിഷ ശര്‍മ്മയ്ക്ക് തനിയെ ജീവിതം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും അതൊരു കൊലപാതകമാണെന്നും കങ്കണ വ്യക്തമാക്കുകയായിരുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത്.
'ഒരു സ്ത്രീയ്ക്ക് എന്തുമായും താദാമ്യം പ്രാപിക്കാന്‍ കഴിയും. പ്രണയ നൈരാശ്യം, വിവാഹം, പ്രണയബന്ധം, പ്രിയപെട്ടയാള്‍ എന്നിങ്ങനെ എന്തിന്റെ നഷ്ടവും സഹിക്കാനാവും. എന്നാല്‍, തന്റെ പ്രണയ ജീവിതത്തിലൊരിക്കലും പ്രണയമില്ലെന്നത്, തന്റെ പ്രണയവും വൈകാരികതയും മറ്റേയാള്‍ക്ക് എളുപ്പത്തില്‍ ചൂഷണം ചെയ്യാന്‍ കഴിയുമെന്നത്, തന്റെ സത്യം മറ്റേയാള്‍ക്ക് അങ്ങനെയല്ലെന്നും തന്നെ വൈകാരികമായും ശാരീരികമായും ദുരുപയോഗം ചെയ്യാനാണ് അയാള്‍ ഒപ്പമുണ്ടായിരുന്നതെന്നുമുള്ള തിരിച്ചറിവ് സഹിക്കാനാവില്ല. അങ്ങനെയൊരു അവസരത്തില്‍ ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ അവള്‍ക്ക് കഴിയില്ല. അതുകൊണ്ട് അവള്‍ സ്വയം ജീവനൊടുക്കിയെങ്കില്‍ അതവള്‍ ഒറ്റയ്ക്ക് ചെയ്തല്ല, അതൊരു കൊലപാതകമാണ്.'- കങ്കണ കുറിച്ചു.
നമ്മള്‍ പെണ്‍മക്കളുടെ കാര്യത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം. പെണ്‍കുട്ടികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത നാട് നശിക്കപ്പെടേണ്ടതാണ്. ഉഭയ സമ്മതപ്രകാരമല്ലാത്ത പോളിഗമിക്കെതിരെ നിയമനിര്‍മ്മാണം നടത്തണമെന്നും സ്ത്രീകള്‍ക്കെതിരെ ആസിഡാക്രമണം നടത്തുന്നവര്‍ക്കെതിരെയും അവരെ വെട്ടി നുറുക്കുന്നവര്‍ക്ക് എതിരെയും വധശിക്ഷ വിധിക്കണമെന്നും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതായുമാണ് കങ്കണ കുറിച്ചത്.
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ വസൈയില്‍ ഷൂട്ടിങ്ങിനിടയിലാണ് തുനിഷ ശര്‍മ്മയെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സഹതാരവും മുന്‍ കാമുകനുമായ ഷീസാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ആലിബാബ ദസ്താന്‍ ഇ കാബൂള്‍ എന്ന പരമ്പരയില്‍ ഷെഹ്സാദി മറിയം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവരികയായിരുന്നു തുഷാ ശര്‍മ. ഭാരത് കാ വീര്‍പ്പുര മഹാറാണ എന്ന പരമ്പരയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് താരം ചുവട് വയ്ക്കുന്നത്. ഒട്ടേറെ സിനിമകളിലും താരം അഭിനയിച്ചിരുന്നു. ഫിത്തൂര്‍, ബാര്‍ ബാര്‍ ദേഖോ തുടങ്ങിയ ചിത്രങ്ങളില്‍ കത്രീന കൈഫിന്റെ സഹോദരിയുടെ വേഷത്തിലും നടിയെത്തിയിരുന്നു. ചക്രവര്‍ത്തി അശോക സമ്രാട്ട്, ഗബ്ബാര്‍ പുഞ്ച്വാല, ഷെര്‍ ഇ പഞ്ചാബ് മഹാരാജ രഞ്ജിത്ത് സിംഗ്, ഇന്റര്‍നെറ്റ് വാല ലവ്, സുബ്ഹാന്‍ അല്ലാ എന്നിവയാണ് തുനിഷ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകള്‍.