ചെറിയ വേഷങ്ങള്‍ ചെയ്ത കാലത്ത് ഒരു പരിഗണനയും സെറ്റുകളില്‍ ഉണ്ടായിട്ടില്ല;കാരവാനില്‍ കയറി വസ്ത്രം മാറിയതിന് ഡ്രൈവറിന്റെ വക ചീത്ത; തുടക്കകാലത്ത് തനിക്ക് നേരിട്ട അനുഭവം പങ്ക് വച്ച് സുരഭി ലക്ഷ്മിയും

Malayalilife
ചെറിയ വേഷങ്ങള്‍ ചെയ്ത കാലത്ത് ഒരു പരിഗണനയും സെറ്റുകളില്‍ ഉണ്ടായിട്ടില്ല;കാരവാനില്‍ കയറി വസ്ത്രം മാറിയതിന് ഡ്രൈവറിന്റെ വക ചീത്ത; തുടക്കകാലത്ത് തനിക്ക് നേരിട്ട അനുഭവം പങ്ക് വച്ച് സുരഭി ലക്ഷ്മിയും

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ ലോകത്തെ പ്രശ്‌നങ്ങള്‍ ഓരോന്നായി ചര്‍ച്ചയാവുകയാണ്.  സിനിമാ ലോകത്തെ തമിഴില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമായി പറയുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്ന ചൂഷണം, പ്രതിഫല പ്രശ്‌നം തുടങ്ങിയവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇപ്പോഴിതാ കരിയറിലെ തുടക്ക കാലത്ത് തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടി സുരഭി ലക്ഷ്മി.അജയന്റെ രണ്ടാം മോഷണം ആണ് സുരഭിയുടെ പുതിയ സിനിമ. ചിത്രത്തില്‍ നായികാ വേഷമാണ് സുരഭി ചെയ്തത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

തുടക്ക കാലത്ത് മനസിനെ ഏറെ വേദനിപ്പിച്ച അനുഭവമുണ്ടായിട്ടുണ്ടെന്ന് സുരഭി പറയുന്നു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം. ചെറിയ വേഷങ്ങള്‍ ചെയ്ത കാലത്ത് ഒരു പരി?ഗണനയും സെറ്റുകളില്‍ ഉണ്ടായിട്ടില്ലെന്ന് സുരഭി പറയുന്നു. ഡ്രസ് മാറാന്‍ കോസ്റ്റ്യൂമിന്റെ വാനുണ്ടാവും. അതിനകത്ത് കയറി ഗ്ലാസ് മറച്ചാണ് വസ്ത്രം മാറുക. പിന്നീട് കാരവാന്‍ വന്നപ്പോള്‍ നടനും നടിക്കും മാത്രമേ കാരവാനുള്ളൂ. ഒരിക്കല്‍ തനിക്കുണ്ടായ മോശം അനുഭവവും സുരഭി പങ്കുവെച്ചു.

മഴ നനഞ്ഞിട്ടുള്ള സീനാണ്. രാവിലെ മുതല്‍ മഴ കൊള്ളുന്നു. നമുക്ക് വേണ്ടി ഡ്യൂപ്പ് നില്‍ക്കില്ലല്ലോ. വൈകുന്നേരമായപ്പോഴാണ് ആ സീന്‍ തീര്‍ന്നത്. അപ്പോഴേക്കും ലൊക്കേഷനില്‍ നിന്ന് എല്ലാവര്‍ക്കും ഇറങ്ങേണ്ടി വന്നു. പെര്‍മിഷന്റെ സമയം കഴിഞ്ഞു. നനഞ്ഞ് കുതിര്‍ന്ന് നില്‍ക്കുകയാണ്. ഇരിക്കാന്‍ കസേരയില്ല. അപ്പോള്‍ അവിടെയുള്ള മാനേജര്‍ കാരവാന്‍ തുറന്ന് ഇതില്‍ പോയി വസ്ത്രം മാറിക്കോ എന്ന് പറഞ്ഞു. അയാള്‍ക്ക് അയാളുടെ പെങ്ങള്‍മാരെ ഓര്‍മ്മ വന്ന് കാണും.

ഞാന്‍ അതിനകത്തെ ബാത്ത് റൂമില്‍ നിന്ന് വസ്ത്രം മാറി. അപ്പോഴാണ് കാരവാന്റെ ഡ്രൈവര്‍ ഈ വിവരം അറിഞ്ഞത്. അയാള്‍ വന്ന് അന്ന് പറഞ്ഞ ചീത്ത എന്റെ ജന്മത്തില്‍ മറക്കില്ല. കണ്ണുനീരല്ല വരുന്നത്. കണ്ണില്‍ നിന്ന് ചോര പൊടിയും പോലുള്ള ഒരു അവസ്ഥ. തനിക്കും കാരവാനുണ്ടാകുന്ന കാലം വരുമെന്ന് അന്ന് ചിന്തിച്ചിരുന്നെന്ന് സുരഭി പറയുന്നു.

പ്രതിഫലം ചന്തയിലേത് പോലെ വില പേശി പരമാവധി കുറയ്ക്കും. എന്നിട്ട് ഈ പറഞ്ഞ പൈസ തരില്ല. ഡബ്ബിംഗ് സമയത്ത് പ്രാരാബ്ദം പറച്ചിലും. വനിതാ പ്രൊഡ്യൂസര്‍മാരും അതിലുണ്ട്. ടിഎ ചോദിച്ചതിന് സുരഭിയൊന്നും സീരിയല്‍ നടിമാരെ പോലെ പെരുമാറരുതെന്ന് ഒരാള്‍ പറഞ്ഞു. സീരിയല്‍ നടിമാര്‍ക്ക് എന്താണ് പ്രശ്‌നം. ഞാന്‍ സീരിയലില്‍ നിന്ന് വന്നയാളാണ്.

വണ്ടിക്കൂലി ചോദിക്കുന്നത് വലിയ വിഷയമാക്കി. അവര്‍ ഇട്ട് തന്ന പൈസ ഞാന്‍ അതേ പോലെ തിരിച്ച് കൊടുത്തു. നിങ്ങളും ഒരു സ്ത്രീയാണ്, സെല്‍ഫ് റെസ്‌പെക്ട് എന്നൊന്നുണ്ടെന്ന് പറഞ്ഞ് താനവര്‍ക്ക് പണം തിരികെ കാെടുക്കുകയായിരുന്നെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി. അതേസമയം ഇപ്പോള്‍ ചെയ്ത സിനിമകളുടെ സെറ്റിലെല്ലാം വലിയ മാറ്റങ്ങളുണ്ടെന്നും സമൂ?ഹത്തില്‍ വന്ന മാറ്റങ്ങള്‍ സിനിമാ ലോകത്തുമുണ്ടെന്നും സുരഭി ലക്ഷ്മി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകട്ടെയെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

surabhi lakshmi reveals insulting moments

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES