യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് ഇന്ത്യയെമ്പാടും വന്‍ വിജയം നേടിയ ചിത്രമാണ് കെ.ജി.എഫ് -ചാപ്റ്റര്‍ 2.മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സോഫീസിലെ നിരവധി റെക്കോഡുകളും സ്വന്തം പേരിലാക്കി. എന്നാലിപ്പോള്‍ കെ.ജി.എഫിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ബോളിവുഡിലെ ഒറ്റ സംവിധായകര്‍ക്കും കെ.ജി.എഫ് -ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഒരു അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'അഞ്ച് തവണ കെ.ജി.എഫ് കാണാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂറിലധികം കാണാന്‍ സാധിച്ചില്ലെന്ന് ഒരു സംവിധായകന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. സിനിമ കാണുന്നതിനിടയില്‍ ഞാന്‍ മയങ്ങി പോയി. ഇതെന്താണ് കാണിച്ചുവച്ചേക്കുന്നതെന്ന് ആശ്ചര്യത്തോടെ നോക്കിനിന്നിട്ടുണ്ട്'- രാം ഗോപാല്‍ വര്‍മ പറഞ്ഞു.
മുന്‍പും കെ.ജി.എഫിനെതിരെ വിമര്‍ശനവുമായി രാം ഗോപാല്‍ വര്‍മ എത്തിയിട്ടുണ്ട്. കെ.ജി.എഫ് 2 മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ നിഴല്‍ വീഴ്ത്തുന്ന വലിയ ഇരുണ്ട മേഘം പോലെയാണെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.