നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. ഈ അവസരത്തിൽ വലിയ വിവാദങ്ങള്‍ക്കാണ് കോടതി രേഖകള്‍ ചോര്‍ന്നെന്നുള്ള ആരോപണം വഴിയൊരുക്കിയത്. കോടതയില്‍ നിന്ന് ദിലീപിന്റെ ഫോണിലേക്ക് നിര്‍ണായകമായ രേഖകള്‍ എത്തിയെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത് എന്നാല്‍ കോടതി അവ രഹസ്യ രേഖകള്‍ അല്ലെന്നും എ ഡയറി ഉള്‍പ്പെടെ ഉളളവ ആണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കോടതിക്ക് മുന്നില്‍ പ്രോസിക്യൂഷന്റെ ബാല്യം തന്നെ പകച്ച് പോയിരിക്കുകയാണ് എന്ന് പരിഹസാവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വര്‍.
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍ ഇങ്ങനെ:
കോടതിക്ക് മുന്നില്‍ പകച്ച് പോയി പ്രോസിക്യൂഷന്റെ ബാല്യം. ഇത്രയും ദിവസം കെട്ടിപ്പൊക്കിയ കളളങ്ങള്‍ തകര്‍ന്ന് വീഴുമ്പോള്‍ പ്രോസിക്യൂഷനും പോലീസും അവര്‍ പ്രൊപഗാന്‍ഡയ്ക്ക് ഉപയോഗിച്ച പല ആളുകളും തങ്ങളുടെ എല്ലാ ബാല്യവും കൗമാരവും നശിച്ച് പോയി എന്ന തിരിച്ചറിവിലേക്ക് വന്നിട്ടുണ്ട്. കോടതിയെ അധിക്ഷേപിക്കാനും അപമാനിക്കാനുമാണ് പലപ്പോഴും ശ്രമിച്ചത്. വനിതാ ജഡ്ജിയെ ബോധപൂര്‍വ്വം അപമാനിക്കാന്‍ പല തലങ്ങളിലായി ശ്രമിക്കുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപ് പറഞ്ഞെന്ന് പറഞ്ഞ് ഒരു മാധ്യമം വാര്‍ത്ത വിടുന്നു. പിന്നീട് അനൂപ് അല്ലെന്ന് പറഞ്ഞ് തകിടം മറയുന്നു. ജഡ്ജിയേയും വീട്ടുകാരേയും ഭര്‍ത്താവിനേയും അടക്കം അധിക്ഷേപിക്കാനും നിയമസംവിധാനത്തെ അട്ടിമറിക്കാനും പോലീസും പ്രോസിക്യൂഷനും ഒരു വിഭാഗം ശ്രമിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ പോലീസും പ്രോസിക്യൂഷനും ഇത്ര അന്യായമായ രീതിയില്‍ അന്വേഷണം നടത്തിയിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ വനിതാ ജഡ്ജിയെ ഇത്രയേറെ അപമാനിക്കാനും അവരുടെ വീട്ടുകാരെ ഇതിലേക്ക് വലിച്ചിഴക്കാനും ശ്രമിച്ചിട്ടുണ്ടോ. നിലനില്‍ക്കുന്ന എല്ലാ നിയമസംവിധാനങ്ങളേയും അട്ടിമറിച്ച് ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണം എന്നുളള മാനസികാവസ്ഥയിലാണ് കുറേ ആളുകളുളളത്. കോടതിയില്‍ നിന്ന് പകര്‍പ്പെടുക്കാനാത്ത രേഖ ചോര്‍ന്നു, കോടതിയെ വിശ്വസിക്കാമോ അങ്ങനെ എന്തൊക്കെ ആയിരുന്നു. ഇപ്പോള്‍ പവനായി ശവമായപ്പോള്‍ കാലില്‍ വെച്ച് ഫോട്ടോ എടുക്കാമോ കയ്യില്‍ വെച്ച് ഫോട്ടോ എടുക്കാമോ എന്നൊക്കെയായി. കോടതിക്ക് മുന്നില്‍ സ്വന്തം ജോലി കൃത്യമായി ചെയ്യാത്തവര്‍ക്ക് മുട്ടുവിറയലുണ്ടാകും. കോടതി ചോദിക്കുമ്പോള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയാനില്ലാത്തവര്‍ക്ക് മുട്ടുവിറയലുണ്ടാകും.
അതിജീവിത അടക്കമുളളവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കോടതിക്കെതിരെ തിരിച്ച് ചില ആള്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയാണ്. ഈ കോടതിയില്‍ നിന്ന് ഉദ്ദേശിച്ച വിധി കിട്ടിയില്ലെങ്കില്‍ അടുത്ത കോടതിയില്‍ പോകണം.. അതാണ് ശരി. അല്ലാതെ കോടതി ശരിയല്ലെന്ന് പറയുന്നതല്ല ശരി. ജഡ്ജിക്ക് മുന്നില്‍ ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് ഒരു വനിതാ ജഡ്ജിയെ അധിക്ഷേപിച്ച് കൊണ്ട് ഇവര്‍ മുന്നോട്ട് പോകുന്നത്.
സാക്ഷികളെ സ്വാധീനിച്ചു എന്ന് പറയുന്നത് ശരിയല്ല. മൊഴി മാറ്റിയെന്ന് പറയുന്ന 20 പേരിലുളളത് കാവ്യാ മാധവനും നാദിര്‍ഷയും അനൂപും സിദ്ധിഖുമൊക്കെയാണ്.. ഇവര്‍ ദിലീപിനെതിരെ മൊഴി കൊടുക്കുമോ. കോടതിയില്‍ പറഞ്ഞത് ഇവര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാണ് എന്നാണ്. മിനിമം ഒരു ബോധം വേണ്ടേ. ഹൈദരാലി കൊടുത്തതെന്ന് പറയുന്നത് പോലീസ് എഴുതിയ മൊഴിയാണ്. സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് ലക്ഷ്യം. പോലീസിന് ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിജീവിതയ്ക്ക് നീതി കിട്ടാന്‍ ദിലീപിനെ കള്ളക്കേസില്‍ കുടുക്കണോ. അതിജീവിതയ്ക്ക് നീതി കിട്ടണം. പക്ഷേ അതിന് വേണ്ടി നിരപരാധിയായ ദിലീപിനെ കള്ളക്കേസില്‍ കുടുക്കണം എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉളളത്. അതിജീവിതയ്ക്ക് നീതി കിട്ടണമെങ്കില്‍ പള്‍സര്‍ സുനിയേയും കൂട്ടാളികളേയും ശക്തമായി ശിക്ഷിക്കുകയാണ് വേണ്ടത്.